​ശാസ്ത്ര കൗതുകങ്ങൾ തൊട്ടറിയാം... കോഴാ ​സയൻസ് സിറ്റി​ സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ശാസ്ത്ര ഗ്യാലറികൾ, തൃമാന പ്രദർശന തിയേറ്റർ, ശാസ്ത്ര പാർക്ക്, സെമിനാർ ഹാൾ, ഇന്നവേഷൻ ഹബ്ബ് എന്നിവ ഉൾക്കൊള്ളുന്ന  സയൻസ് സെന്റർ  ആണ് ഇതിലെ പ്രധാന ഭാഗം.

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
science city

കോട്ടയം: ശാസ്ത്രത്തിന്റെ വിസ്മയലോകത്തേക്ക് വാതിലുകൾ തുറന്നിട്ട് കോഴാ ​സയൻസ് സിറ്റി. ഇനി പ്രപഞ്ചസത്യങ്ങളുടെ വിശാലവിസ്മയങ്ങളിലേക്ക് കൗതുകപ്രവേശനം.

Advertisment

ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ സ്ഥാപിക്കുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെന്റർ യാഥാർഥ്യമായി.

ഉദ്ഘാടനം ജൂലൈ മൂന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷത വഹിക്കും. 

സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്താനും ശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്കുള്ള ആഭിമുഖ്യം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴായിൽ എം.സി. റോഡരിൽ സർക്കാർ അനുവദിച്ച 30 ഏക്കർ ഭൂമിയിൽ സയൻസ് സിറ്റി സ്ഥാപിച്ചത്.  

science city-2

ശാസ്ത്ര ഗ്യാലറികൾ, തൃമാന പ്രദർശന തിയേറ്റർ, ശാസ്ത്ര പാർക്ക്, സെമിനാർ ഹാൾ, ഇന്നവേഷൻ ഹബ്ബ് എന്നിവ ഉൾക്കൊള്ളുന്ന  സയൻസ് സെന്റർ  ആണ് ഇതിലെ പ്രധാന ഭാഗം.

പദ്ധതി പ്രദേശത്ത് 47,147 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമിച്ചിരിക്കുന്ന സയൻസ് സെന്റർ കെട്ടിടത്തിൽ പല വിഭാഗങ്ങളിലായിട്ടാണ് പ്രദർശനം
സജ്ജമാക്കിയിട്ടുള്ളത്.

ഇതിനുപുറമേ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ അപൂർവയിനം വനസുഗന്ധവ്യഞ്ജനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് പൊതുജനങ്ങൾക്കായി ഒരു ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമാണോദ്ഘാടനം ഉടൻ നടക്കും.

സയൻസ് സെന്റർ

ഫൺ സയൻസ് ഗാലറി, എമെർജിങ് ടെക്നോളജി, മറൈൻ സയൻസ്, സയൻസ് പാർക്ക്, ആക്ടിവിറ്റി സെന്റർ എന്നിവയും ഒരുത്രീ ഡി തീയറ്റർ, എക്സിബിഷൻ ഹാൾ എന്നിവയുമാണ് സയൻസ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്.

science city-3

ഫൺ സയൻസ് ഗാലറി: ശാസ്ത്രതത്വങ്ങളും അതിന്റെ പ്രായോഗിക വശങ്ങളും പ്രതിപാദിക്കുന്ന ഫൺ സയൻസ് ഗാലറി ശാസ്ത്രതൽപരരെ ഏറെ ആകർഷിക്കും. ഇവിടെ അമ്പതോളം ഇനങ്ങൾ വിവിധ ശാസ്ത്ര ശാഖയുടെ കീഴിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ഇലക്ട്രോ മാഗ്‌നറ്റിക് തിയറിയെ അടിസ്ഥാനമാക്കിയുള്ള പ്രദർശനങ്ങൾ, സൗണ്ട് ഓഫ് മ്യൂസിക്, ബ്രെയിൻ ഗെയിംസ്, ഗണിതമാതൃകകൾ  എന്നീ വിഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്.

എമെർജിങ് ടെക്നോളജി: മാറിയ കാലത്തിന്റെ ശാസ്ത്രപുരോഗതി വ്യക്തമാക്കുന്ന കാര്യങ്ങളാണിവിടെ കാണാനാകുന്നത്. ഈ വിഭാഗത്തിൽ കാർഷിക വിഭാഗം, ആരോഗ്യ വിഭാഗം, മെറ്റീരിയൽ സയൻസ് വിഭാഗം, ഊർജ്ജം, വിവര സാങ്കേതിക വിദ്യ, കമ്മ്യൂണിക്കേഷൻ, സ്പെയ്സ് സയൻസ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രദർശനം ഒരുക്കിയിട്ടുണ്ട്.

മറൈൻ സയൻസ്: ഈ വിഭാഗത്തിൽ കടലിനടിയിലെ കാഴ്ചകളാണ് ആളുകളെ ആകർഷിക്കുന്നത്. വിവിധയിനം കടൽസസ്യങ്ങൾ, അവയുടെ സമുദ്രാന്തർഭാഗത്തെ വിന്യാസം, കടൽ ജീവികളുടെ മാതൃകകളും ചിത്രങ്ങളും, ഓരോ ജീവികളും കാണപ്പെടുന്ന ആഴങ്ങളുടെ അടയാളപ്പെടുത്തൽ എന്നിവയെല്ലാം ഇവിടെ കാണാം. അമ്പതോളം പ്രദർശന വസ്തുക്കളാണുള്ളത്.

ത്രീ ഡി തിയറ്റർ: ത്രീഡി തിയറ്റർ ആണ് മറ്റൊരു ആകർഷണം. സമുദ്രാന്തർഭാഗത്തെ കാഴ്ചകളും  ആകാശകാഴ്ചകളും ത്രിമാന വീഡിയോ പ്രദർശനത്തിലൂടെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

പഴയകാല മനുഷ്യർ എങ്ങനെ ജീവിച്ചുവെന്നും പതിയെപതിയെയുണ്ടായ പരിവർത്തനങ്ങളും ത്രീ ഡി ദൃശ്യാനുഭവത്തിൽ കണ്ടു മനസ്സിലാക്കാം. 20 മിനിട്ട് നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ രണ്ട് വീഡിയോകളാണുള്ളത്. 

സയൻസ് പാർക്ക്: ഇവിടെ 32 കാഴ്ചകൾ ഉണ്ട്. ഫിസിക്സ് പ്രവർത്തന തത്വം ആധാരമാക്കി പ്രവർത്തിക്കുന്ന ഉപകാരണങ്ങളാണേറെയും.

ആക്ടിവിറ്റി സെന്റർ: കുട്ടികൾക്കു പരീക്ഷണങ്ങൾ നടത്താനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. അതിനുവേണ്ട സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്. 

ടെമ്പററി എക്സിബിഷൻ ഹാൾ: ഇവിടെ സ്റ്റിൽ മോഡലുകളുടെ പ്രദർശനം ആണ് ഒരുക്കിയിട്ടുള്ളത്. വിവിധ ശാസ്ത്രതത്വങ്ങളുടെ തിയറികളും പ്രസന്റേഷനും ഉണ്ട്.

science city-4

പ്രധാന ആകർഷണങ്ങൾ 

കാണുന്നതെല്ലാം വിശ്വസിക്കാമോ? ശാസ്ത്രം പറയുന്നത് വിശ്വസിക്കുന്നതിനു പകരം പിന്നിലുള്ള ശാസ്ത്ര രഹസ്യങ്ങൾ മനസ്സിലാക്കണമെന്നാണ്. ഇത് കൃത്യമായി മനസ്സിലാക്കിത്തരുന്നവയാണ് സയൻസ് സെന്ററിലെ സ്പിന്നങ് ഇറേസർ, മാജിക് വാട്ടർ ടാപ്, ഇല്യൂഷൻ വിത്ത് റിങ്സ്, സ്‌കാനിമേഷൻ തുടങ്ങിയവ.

കാഴ്ച തലച്ചോറിനെ എങ്ങനെ തെറ്റിധരിപ്പിക്കുന്നുവെന്ന് തിരിച്ചറിയുന്നത് ഫൺ മിറർ, കർവിങ് ടണൽ, ഫ്രോസൺ ഷാഡോ, കളർ ഷാഡോ തുടങ്ങിയവ കാണുമ്പോഴാണ്.

രണ്ടാം ഘട്ടം

മോഷൻ സിമുലേറ്റർ, ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി തീയറ്ററുകൾ, പ്രകാശ ശബ്ദസമന്വയ പ്രദർശനം, ജലധാര ,വാനനിരീക്ഷണ സംവിധാനം എന്നിവയാണ് രണ്ടാം ഘട്ടത്തിൽ  വിഭാവനം ചെയ്തിരിക്കുന്നത്.

science city-5

പ്രവേശനം നാലു മുതൽ

സയൻസ് സിറ്റിയിലേക്ക് ഉദ്ഘാടനപ്പിറ്റേന്നു മുതൽ പ്രവേശനം അനുവദിക്കും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്നത്. തിങ്കളാഴ്ചകളിൽ അവധിയായിരിക്കും. 30 രൂപയാണ് പ്രവേശന ഫീസ്. വിദ്യാർഥികൾക്ക് 20 രൂപയും.

Advertisment