കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്തുരുത്തിയില്‍ സി.പി.ഐ. നേതാക്കള്‍ തമ്മില്‍ നടന്ന കയ്യാങ്കളി വിഭാഗീയതയുടെ തുടര്‍ച്ച !
നാണക്കേടായതോടെ ഇങ്ങനെയൊരു സംഭവം പാര്‍ട്ടി ഓഫീസില്‍ വച്ചു ഉണ്ടായിട്ടില്ലെന്നും വേറെ എവിടെയെങ്കിലും വെച്ചു നടന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നുമാണു നേതാക്കള്‍ പറയുന്നത്.
കടുത്തുരുത്തിയില്‍ സി.പി.ഐ.ക്കുള്ളില്‍ ഏറേക്കാലമായി വിഭാഗിയത നിലനില്‍ക്കുകയാണ്. സി.പി.ഐ. കടുത്തുരുത്തി മണ്ഡലം കമ്മിറ്റി ഓഫീസില്‍ വച്ച് ഞായറാഴ്ച വൈകിട്ടാണ് സംഘര്‍ഷം ഉണ്ടായത്.
ബ്രാഞ്ച് സെക്രട്ടറിമാരുടെ യോഗം കഴിഞ്ഞ് ഉടനാണ് സംഭവം. കടുത്തുരുത്തി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി അജിന്‍ കുര്യന്‍, ആയാംകുടി ബ്രാഞ്ച് സെക്രട്ടറി രാജു തോമസ് എന്നിവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
പാര്‍ട്ടി നേതാക്കള്‍ മുകളിലുള്ള ഓഫീസിന് താഴെയെത്തി കഴിഞ്ഞാണ് സംഭവം. നേതാക്കള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചു മാറ്റുകയാിരുന്നു. തുടര്‍ന്ന് രാജു തോമസ് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതേസമയം ഇങ്ങനെയൊരു സംഭവം പാര്‍ട്ടി ഓഫീസില്‍ വച്ചു ഉണ്ടായിട്ടില്ലെന്ന് മണ്ഡലം സെക്രട്ടറി വിശദീകരിച്ചിരുന്നു. വേറേ എവിടെയെങ്കിലും വച്ചു പ്രശ്നം ഉണ്ടായിട്ടുണ്ടോയെന്നും പരാതി നല്‍കിയിട്ടുണ്ടെന്നോ അറിയില്ലെന്നുമാണ് മണ്ഡലം സെക്രട്ടറി പറഞ്ഞത്.
തദ്ദേശ തെരഞ്ഞെടുപ്പിനു തയാറെടുക്കുന്ന സി.പി.ഐയ്ക്കു പ്രദേശിക ഘടകങ്ങളിലെ ഭിന്നത തലവേദനയാവുകയാണ്. കടുത്തുരുത്തിയിലെ പ്രശ്‌നങ്ങളില്‍ ജില്ലാ നേതൃത്വം കടുത്ത അതൃപ്തിയിലാണ്.
എന്നാല്‍, വിഭാഗീയത ഇല്ലെന്നാണ് നേതാക്കള്‍ പറയുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സി.പി.എ ആരംഭിച്ചിരുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കാനാണ് സി.പി.ഐയുടെ തീരുമാനം. സ്ഥാനാര്‍ഥികളുടെ നിര്‍ദേശങ്ങള്‍ സബ് കമ്മിറ്റികള്‍ അതാത് കമ്മറ്റികളില്‍ അവതരിപ്പിച്ച് മേല്‍കമ്മറ്റിയുടെ അംഗീകാരത്തോടുകൂടി മാത്രമേ പ്രഖ്യപിക്കുകയുള്ളു.
സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ വിജയസാധ്യത ചര്‍ച്ച ചെയ്തു യുവതീ യുവാക്കള്‍ക്കു മുന്‍ഗണന നല്‍കണം. തുടര്‍ച്ചയായി മൂന്നു തവണ മത്സരിച്ചവരെ സ്ഥാനാര്‍ഥികളായി തീരുമാനിക്കരുത്. ജനറല്‍ സീറ്റില്‍ വിജയ സാധ്യതയുടെ അടിസ്ഥാനത്തില്‍ വനിതകളേയും സ്ഥാനാര്‍ഥികളായി നിശ്ചയിക്കാം.
പാര്‍ട്ടി ഘടക സെക്രട്ടറിമാര്‍ കഴിവതും സ്ഥാനാര്‍ത്ഥി ആകരുതെന്നും മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെങ്കില്‍ ഡി.സി എക്സിക്യൂട്ടീവ് തീരുമാനിക്കേണമെന്നുമാണ് സി.പി.എയുടെ തീരുമാനം.