കോട്ടയം: 39 വര്‍ഷം മുന്‍പ് കുത്തിറക്കമുള്ള കുട്ടിക്കാനം വളവുകളിലൂടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടു പാഞ്ഞ കെ.എസ്.ആർ.ടി.സി ബസ്, ജീപ്പ് കൊണ്ട് ഇടിച്ചു നിര്‍ത്തി 105 പേരുടെ ജീവന്‍ രക്ഷിച്ച ടി.ജെ കരിമ്പനാല്‍ എന്ന അപ്പച്ചന്‍ കരിമ്പനാല്‍ വിയോഗം വീണ്ടും അന്നത്തെ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.
എന്നാല്‍, അപ്പച്ചന്റെ ചങ്കൂറ്റത്തോടൊപ്പം എല്ലാവരും തിരഞ്ഞത് അപ്പച്ചന്റെ കെആര്‍കെ 5475 എന്ന ആ പഴയ മിലിട്ടറി ജീപ്പിനെക്കുറച്ചായിരുന്നു.
വണ്ടി പ്രേമികള്‍ പല അന്വേഷണങ്ങളും നടത്തിയിരുന്നു. എന്നാല്‍, അപ്പച്ചന്റെ ഉടമസ്ഥതയില്‍ അല്ല വാഹനം ഉള്ളതെന്ന മറുപടിയാണ് ലഭിച്ചത്. അപ്പച്ചനൊപ്പം ചരിത്ര പരിവേഷം തന്നെ ജീപ്പിനും ഉണ്ട് എന്നത് ജീപ്പ് അന്വേഷിക്കുന്നവരുടെ എണ്ണവും കൂട്ടി.
മുണ്ടക്കയത്തിന് അടുത്ത് ചോറ്റി മാങ്ങപ്പാറ ഊരക്കനാട് കൊള്ളികുളവില്‍ കെ.എം ജോസഫ് (ബേബിച്ചന്‍ )എന്ന കര്‍ഷകന്റെ കരങ്ങളില്‍ ആ പഴയ മിലിട്ടിറി ജീപ്പ് ഭദ്രമായി ഇപ്പോഴും ഉണ്ട്. അതും റണ്ണിങ് കണ്ടീഷനില്‍. ജോസഫ് 2004 ജൂലൈ പതിമൂന്നിനാണ് ജീപ്പ് അപ്പച്ചന്റെ കൈയ്യില്‍ നിന്നും സ്വന്തമാക്കിയത്.
ചെറിയ മാറ്റങ്ങള്‍ വണ്ടിയില്‍ വരുത്തുകയും ഫോര്‍ ഗിയര്‍ ആയിരുന്നു വണ്ടിയെ ഫൈവ് ഗിയര്‍ ആയി മാറ്റുകയും, ബോഡിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 21 കൊല്ലമായി തന്റെ കൃഷി ആവശ്യങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും ജോസഫ് ഉപയോഗിക്കുന്നത് ഈ ജീപ്പ് തന്നെ.
ജീപ്പ് മനുഷ്യസ്‌നേഹിക്കൊപ്പം ഒരു ചരിത്ര സംഭവത്തിന്റ ഭാഗമായ ജീപ്പിന്നെ താന്‍ പൊന്നുപോലെയാണ് സംരക്ഷിക്കുന്നത് എന്ന് ഉടമ കെ.എം ജോസഫ് പറയുന്നു.
39 വര്‍ഷം മുന്‍പ് കുത്തിറക്കമുള്ള കുട്ടിക്കാനം വളവുകളിലൂടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ടു പാഞ്ഞ ബസ്, ജീപ്പ് കൊണ്ട് ഇടിച്ചു നിര്‍ത്തി 105 പേരുടെ ജീവന്‍ രക്ഷിച്ച ടി ജെ കരിമ്പനാല്‍ എന്ന അപ്പച്ചന്‍ കരിമ്പനാലിന്റെ സംസ്‌കാരം കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. 1986 നവംബറിലായിരുന്നു അപ്പച്ചന്‍ 105 പേരുടെ ജീവന്‍ രക്ഷിച്ച സംഭവം.
പ്ലാന്ററായിരുന്ന ടി.ജെ കരിമ്പനാല്‍ ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റില്‍നിന്നു കാഞ്ഞിരപ്പള്ളിയിലേക്കു വരികയായിരുന്നു. മിലിറ്ററിയില്‍നിന്ന് ലേലത്തില്‍ വാങ്ങിച്ച ജീപ്പ് ഓടിച്ചു വരുന്നതിനിടെ കെ.കെ റോഡില്‍ മരുതുംമൂടിനു മുകളിലെ വളവു തിരഞ്ഞപ്പോള്‍ മുന്നില്‍ പോകുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് യാത്രക്കാരായ ശബരിമല തീര്‍ഥാടകരുടെ നിലവിളി കേട്ടു.
ബസിന്റെ ബ്രേക്ക് പോയതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഗിയര്‍ ഡൗണ്‍ ചെയ്തും കല്ലുകളുടെ മുകളില്‍ കയറ്റിയുമൊക്കെ ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ കഴിയുന്നവിധം ശ്രമിക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷം പോലും ചിന്തിച്ചു കളയാതെ അതുവരെ ജീപ്പിന്റെ പിന്നിലിരുന്ന തന്റെ ഡ്രൈവറോടു ജീപ്പിനുള്ളിലൂടെ മുന്‍സീറ്റിലേക്ക് വരാന്‍ കരിമ്പനാല്‍ ആവശ്യപ്പെട്ടു. പിന്നാലെ അദ്ദേഹം ബസിനെ ഓവര്‍ടേക്ക് ചെയ്തു. ബ്രേക്ക് പോയ ബസിന്റെ മുന്‍പില്‍ ഒരാള്‍ ജീപ്പ് ഓടിച്ചുകയറ്റുന്നത്.
മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും കരാട്ടെ ബ്രൗണ്‍ ബെല്‍റ്റുമുണ്ടായിരുന്ന ടി.ജെ കരിമ്പനാല്‍ ജീപ്പ് ബസിനു മുന്നില്‍ക്കയറ്റിയ ശേഷം 4 വീല്‍ ഡ്രൈവ് മോഡിലാക്കി വേഗം കുറച്ചു കുറച്ചു വന്നു ബസിന്റെ മുന്‍ഭാഗം ജീപ്പിന്റെ പിന്നില്‍ ഇടിക്കാന്‍ അവസരം കൊടുത്തു.
ആദ്യം കാര്യം മനസിലാകാതെ അന്തംവിട്ട ബസ് ഡ്രൈവര്‍ക്ക്, മുന്നിലെ ജീപ്പിലെ ഡ്രൈവര്‍ തങ്ങളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മനസിലായി.
മനസന്നിധ്യത്തോടെ അവസരത്തിനൊത്തുയര്‍ന്ന ബസ് ഡ്രൈവര്‍ ജീപ്പിന്റെ പിന്നില്‍ ബസ് ശരിയായി കൊള്ളിച്ച് ഇടിപ്പിക്കുവാന്‍ ശ്രമിച്ചു. ജീപ്പിന്റെ പിന്നില്‍ ബസ് ഇടിച്ചതോടെ ജീപ്പ് ബ്രേക്ക് ചെയ്തു. ഇതോടെ ജീപ്പും ബസും നിന്നു.
കുമളിയില്‍നിന്ന് എരുമേലിയിലേക്കു തീര്‍ഥാടകരുമായി പോകുകയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസായിരുന്നു അത്.
പിന്നീടാണ് അത് ടി.ജെ കരിമ്പനാല്‍ ഓടിച്ച ജീപ്പായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. ജീപ്പിന്റെ നമ്പര്‍ നോട്ട് ചെയ്ത കണ്ടക്ടര്‍ പൊന്‍കുന്നം ഡിപ്പോയില്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അവര്‍ ആര്‍.ട ഓഫീസില്‍ ബന്ധപ്പെട്ട് ഉടമയെ കണ്ടെത്തി വീട്ടില്‍ ചെന്ന് വിളിച്ചു കൊണ്ടുവന്ന് ഒരു ചെറിയ സമ്മേളനം
നടത്തി അഭിനന്ദനങ്ങളും ആദരവും നല്‍കിയിരുന്നു.