കോഴായിലെ കുടുംബശ്രീ കഫേ 'പ്രീമിയം ഹിറ്റ്... ആദ്യ മൂന്നു മാസം, അരക്കോടി വിറ്റുവരവ് !

വിൽപനയും സൗകര്യങ്ങളും കൊണ്ടു കുടുംബശ്രീയുടെ പ്രീമിയം കഫേകളിൽ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനത്ത് എത്തി കോഴാ കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിൽ ആരംഭിച്ച കുടുംബശ്രീ കഫേ. 

New Update
km mani thanal

കോട്ടയം: കോട്ടയം ജില്ലയിലെ കുടുംബശ്രീയുടെ പ്രീമിയം കഫേ തുടക്കത്തിൽ തന്നെ ഹിറ്റ്. ആദ്യമൂന്നുമാസം കൊണ്ടുതന്നെ അരക്കോടിയിലേറെ രൂപയുടെ ബിസിനിസുമായി കുറവിലങ്ങാടു കോഴായിലെ പ്രീമിയം കഫേ കുടുംബശ്രീയുടെ സംരംഭകചരിത്രത്തിൽ തന്നെ പുതിയ അധ്യായമാവുകയാണ്.

Advertisment

വിൽപനയും സൗകര്യങ്ങളും കൊണ്ടു കുടുംബശ്രീയുടെ പ്രീമിയം കഫേകളിൽ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനത്ത് എത്തി കോഴാ കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിൽ ആരംഭിച്ച കുടുംബശ്രീ കഫേ. 

pramium caffe

ദിവസവും ശരാശരി 60000 രൂപയ്ക്കു മുകളിലുള്ള കച്ചവടമാണ് ഇവിടെ നടക്കുന്നതെന്ന് കഫേയുടെ നടത്തിപ്പു നിർവഹിക്കുന്ന കുടുംബശ്രീ കൺസോർഷ്യത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് ബീന തമ്പിയും സെക്രട്ടറി ഷഹാന ജയേഷും പറയുന്നു. ഒരു ലക്ഷം രൂപയ്ക്കു മുകളിൽ കച്ചവടം നടന്ന ദിവസങ്ങളുണ്ട്. 


ഈ വർഷം ഏപ്രിൽ എട്ടിനാണ് തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് പ്രീമിയം റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തത്. ജൂലൈ 16 വരെയുള്ള കണക്ക് അനുസരിച്ച് റെസ്റ്റോറന്റിലെ ഭക്ഷണവിൽപനയിലൂടെ മാത്രം 54,69,487 രൂപയാണ് പ്രീമിയം കഫേയുടെ വരുമാനം. തുടങ്ങി രണ്ടാം മാസം തന്നെ പ്രതിമാസ ബിസിനിസ് 20 ലക്ഷം രൂപ കടന്നു. 


കുടുംബസമേതം ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ മിതമായ നിരക്കിൽ, പ്രീമിയം നിലവാരത്തിലുള്ള റെസ്റ്റോറന്റും എം.സി. റോഡരികിൽ വിശാലമായ പാർക്കിങ് സൗകര്യവും യാത്രാസംഘങ്ങൾക്കു സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ടേക്ക് എ ബ്രേക്ക് വഴിയോരവിശ്രമസൗകര്യവും എന്നതാണ് ഈ പ്രീമിയം കഫേയുടെ ഹൈലൈറ്റ്.

kudumbasree premium caffe-3

പുതുതായി പ്രവർത്തനമാരംഭിച്ച സയൻസ് സിറ്റിക്ക് തൊട്ടടുത്താണ് കഫേ. സയൻസ് സിറ്റിയിലെത്തുന്ന സന്ദർശകർക്കു നല്ലഭക്ഷണം തേടി ദൂരെയെങ്ങും പോകേണ്ട. ഏറെ തിരക്കുള്ള എം.സി. റോഡ് യാത്രികർക്കും തുണയാണ് കഫേ. വിശാലവും വൃത്തിയുള്ളതുമായ ടേക്ക് എ ബ്രേക്കും ശുചിമുറി സൗകര്യവും സൗജന്യമായി ലഭിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ടേക്ക് എ ബ്രേക്കിന്റെ ചുമതലയും കുടുംബശ്രീയാണ് നിർവഹിക്കുന്നത്.


ശുചിമുറി സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം ലഘുഭക്ഷണത്തിനും കഫേയോടു ചേർന്നു സൗകര്യമുണ്ട്. വിനോദ സഞ്ചാരികൾക്കും കൂട്ടമായെത്തുന്നവർക്കും മുൻകൂട്ടി അറിയിച്ചാൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനും കഫേയ്ക്കൊപ്പം മുകൾനിലയിലെ ഹാളിലും സൗകര്യമൊരുക്കുന്നുണ്ട്. 6235152829 എന്ന വാട്സ്ആപ്പ് നമ്പറിലോ, 8281624939 നമ്പറിലോ ബന്ധപ്പെട്ടാൽ യാത്രാസംഘങ്ങൾക്കു മുൻകൂറായി ഭക്ഷണം ഉറപ്പാക്കാം. 


കഫേയുടെ മുകൾ നിലയിലുള്ള 120 പേർക്കിരിക്കാവുന്ന എ.സി. ഹാളിന്റെ നടത്തിപ്പുചുമതലയും കുടുംബശ്രീക്കാണ്. കുടുംബശ്രീ മിഷന്റെ യോഗങ്ങൾ ഇവിടെയാണിപ്പോൾ നടക്കുന്നത്. സ്വകാര്യപരിപാടികൾക്കും ഹാൾ വിട്ടുനൽകുന്നുണ്ട്. 10000 രൂപയാണ് വാടക. ഈ പരിപാടികൾക്കാവശ്യമായ ഭക്ഷണവും പ്രീമിയം കഫേയിൽ നിന്നു ലഭിക്കും.

രാവിലെ 6.30 മുതൽ രാത്രി 11.30 വരെയാണ് കഫേയുടെ പ്രവർത്തനം. ഊണും ബിരിയാണിയുമാണ് ഏറ്റവും കൂടുതൽ വിൽപനയുളളത്. സാധാരണവിഭവങ്ങൾക്കൊപ്പം പിടിയും കോഴിയും പോലെയുള്ള സ്പെഷൽ വിഭവങ്ങളും ചൈനീസ് വിഭവങ്ങളുമുണ്ട്. കുടുംബശ്രീ സംരംഭമായ കേരള ചിക്കൻ തന്നെയാണ് കഫേയിലെ ആവശ്യത്തിന് ഉപയോഗിക്കുന്നത്.

kudumbasree premium caffe

ആരോഗ്യകരമായ ഭക്ഷണം ആവിയിലൂടെ എന്ന മന്ത്രത്തിന് പ്രാധാന്യം നൽകി ചോറും ഇഡലിയും ഇടിയപ്പവും സാമ്പാറും കുടിവെള്ളവും അടക്കമുള്ളവ സ്റ്റീമർ ഉപയോഗിച്ച് ആവിയിലാണ് പാചകം ചെയ്യുന്നത്. ആധുനിക നിലവാരത്തിലുള്ള കിച്ചണിൽ അഞ്ച് സ്റ്റീമറുകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്.


രണ്ടു ഷിഫ്റ്റുകളിലായി 13 പാചകക്കാരാണ് കഫേയിൽ ഉള്ളത്. ഇവരടക്കം 52 കുടുംബശ്രീ വനിതകൾക്കു തൊഴിൽ നൽകുന്ന സംരംഭമായി പ്രീമിയം കഫേ മാറി. ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിൽനിന്നുള്ള വനിതകളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകിയാണ് കഫേയിൽ നിയമിച്ചത്.


കാറ്ററിങ്, കാന്റീൻ രംഗത്തെ കുടുംബശ്രീ സംരംഭമായ തൃശൂർ ആസ്ഥാനമായ ഐഫ്രം എന്ന ഏജൻസിയാണ് ആവശ്യമായ പരിശീലനം നൽകിയതും. കുടുംബശ്രീ ജില്ലാ മിഷന്റെ മേൽനോട്ടത്തിലും പിന്തുണയിലുമാണ് പ്രീമിയം കഫേയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. 

ഒന്നരക്കോടിയിലേറെ രൂപ ചെലവഴിച്ചാണ് ആധുനിക കിച്ചനും പ്രീമിയം നിലവാരത്തിലുള്ള റെസ്റ്റോറന്റും മിനി കോൺഫറൻസ് ഹാളും സജ്ജമാക്കിയത്. കുടുംബശ്രീ മിഷൻ ഗ്രാൻഡ് ഇൻ എയ്ഡായി 20 ലക്ഷം രൂപയും നൽകി.

kudumbasree premium caffe-2

ഉഴവൂർ ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കുടുംബശ്രീ അംഗങ്ങളിൽ നിന്നുള്ള 32 പേർ അടങ്ങുന്ന കൺസോർഷ്യമാണ് വായ്പയിലൂടെയും സ്വന്തം പണംമുടക്കിയും  ബാക്കി സംവിധാനങ്ങൾ ഒരുക്കിയത്.

നിലവിൽ രണ്ടാം നിലയിൽ സ്ത്രീകൾക്കായുള്ള ഷീ ലോഡ്ജിന്റെ നിർമാണപ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. അതു പൂർത്തിയായുലടൻ ഒന്നാം നിലയിൽ ഗ്രിൽഡ് വിഭവങ്ങൾ അടക്കം നൽകുന്ന ഓപ്പൺ റെസ്റ്റോറന്റ് കൂടി ആരംഭിക്കാൻ പദ്ധതിയുണ്ട്. 


ഉഴവൂർ ബ്ളോക്കിനു കീഴിലുള്ള  ഏഴു സി.ഡി.എസ്. ചെയർപേഴ്‌സൺമാരുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് കഫേയുടെ ചുമതല വഹിക്കുന്നത്. ജീവനക്കാർക്കൊപ്പം രണ്ടോ, മൂന്നോ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നടത്തിപ്പിനായി ദിവസവും കഫേയിലുണ്ട്.


മന്ത്രിമാരായ എം.ബി. രാജേഷ്, കെ. ബിന്ദു, ജോസ് കെ. മാണി തുടങ്ങിയവർക്കൊപ്പം സിനിമാ-സീരിയൽ രംഗത്തെ പ്രമുഖരും പ്രീമിയം കഫേയിലെ അതിഥികളായെത്തിയിട്ടുണ്ട്. 

നിലവിൽ സംസ്ഥാനത്തു 10 കുടുംബശ്രീ പ്രീമിയം കഫേകൾ ഉണ്ട്. ജില്ലയിൽ ആദ്യത്തേയാണ് കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രത്തിൽ സജ്ജമാക്കിയത്.

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2.52 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയും ചെലവിട്ടാണ് ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം നിർമിച്ചത്. 

മൂന്നുനിലകളിലായി 13,046 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം. ബ്ലോക്ക് പഞ്ചായത്തിന്റെ 19.589 സെന്റ് സ്ഥലം കെട്ടിടത്തിനും പാർക്കിംഗ് സൗകര്യത്തിനുമായി വിനിയോഗിച്ചിട്ടുണ്ട്.

Advertisment