/sathyam/media/media_files/2025/07/27/images1452-2025-07-27-13-51-21.jpg)
കോട്ടയം: തുടര്‍ച്ചയായ നാലാം വെള്ളപ്പൊക്കത്തിന്റെ വക്കിലാണ് കോട്ടയം ജില്ല. രണ്ടു ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നു.
മണിമല പുല്ലാക്കയര്‍ സ്‌റ്റേഷനില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍, രാവിലെ മുതല്‍ മഴ മാറി നില്‍ക്കുന്നതാണ് ഏകെ ആശ്വാസം.
രണ്ടു ദിവസമായി പെയ്ത മഴയില്‍ കോടികളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ചയുണ്ടായ കാറ്റില്‍ ജില്ലയില്‍ 172 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയിലെ 54 വില്ലേജുകളില്‍ മഴക്കെടുതി നേരിട്ടു.
മെയ് 24 മുതല്‍ ഇതുവരെ കാറ്റിലും മഴയിലും പ്രകൃതിക്ഷോഭത്തിലും ജില്ലയില്‍ 534 വീടുകള്‍ക്കു ഭാഗികനാശനഷ്ടമുണ്ടായി. രണ്ടുവീടുകള്‍ പൂര്‍ണമായി നശിച്ചു. രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
കോട്ടയം, ചങ്ങനാശേരി താലൂക്കുകളില്‍ ഓരോ ക്യാമ്പാണുള്ളത്. നാലു കുടുംബങ്ങളിലെ 19 പേരാണു ക്യാമ്പിലുള്ളത്.
ശക്തമായ കാറ്റില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ വീണും വീടുകള്‍ക്കു നാശമുണ്ടായി. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി പോസ്റ്റുകളും ലൈനുകളും മരം വീണു തകര്‍ന്നു.
വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയുമായുണ്ടായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് ജില്ലയിലുണ്ടായത് 2.43 കോടി രൂപയുടെ നഷ്ടമാണ്.
കോട്ടയം ഇലക്ട്രിക്കല്‍ സര്‍ക്കിളിലാണു കൂടുതല്‍ നഷ്ടമുണ്ടായത്. 369 ലോ ടെന്‍ഷന്‍ പോസ്റ്റുകളും 62 ഹൈടെന്‍ഷന്‍ പോസ്റ്റുകളും ഇവിടെ ഒടിഞ്ഞു.
ഒട്ടേറെ വൈദ്യുതക്കമ്പികളും നശിച്ചു. 167.80 ലക്ഷം രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. പാലാ ഇലക്ട്രിക്കല്‍ സര്‍ക്കിളിനു കീഴില്‍ 75.55 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
260 ലോ ടെന്‍ഷന്‍ പോസ്റ്റുകളും 60 ഹൈടെന്‍ഷന്‍ പോസ്റ്റുകളും ഒടിഞ്ഞു.