കോട്ടയം: സി.പി.ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് വൈക്കത്ത് ചെങ്കൊടി ഉയരുമ്പോള്‍ നേതൃത്വത്തിന് വിനയാവുക ഇടതുമുന്നണിയില്‍ സി.പി.എം അര്‍ഹമായ പരിഗണന സി.പി.ഐയ്ക്ക് നല്‍കിയില്ലെന്ന പൊതുവികാരം.
മന്ത്രിമാരുടെ പ്രകടനം മുതല്‍ മെഡിക്കല്‍ കോളജ് അപകടവും ചര്‍ച്ചയ്ക്കു വന്നേയ്ക്കും. സി.പി.ഐയുടെ മന്ത്രിമാരുടെ പ്രകടനത്തിലെ പോരായ്മകള്‍ മറ്റു ജില്ലാ സമ്മേളനങ്ങളില്‍ ചര്‍ച്ചയായിരുന്നു.
രൂക്ഷ വിമര്‍ശനമാണ് സമ്മേളനങ്ങളില്‍ മന്ത്രിമാര്‍ക്കു നേരിടേണ്ടി വന്നത്. ഇതിന്റെ തുടര്‍ച്ച കോട്ടയം സമ്മേളനത്തിലും ഉണ്ടാകും.
മുന്നണിയില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ നേതൃത്വത്തിനായില്ലെന്ന വിമര്‍ശനവും ഉണ്ടാകുമെങ്കിലും അതിരൂക്ഷ പ്രതികരണം നേതൃത്വത്തിന് നേരെ ഉണ്ടാകില്ല. വൈക്കം ബ്ലോക്കില്‍ സി.പി.എമ്മിന് ഒറ്റയ്ക്ക് ഭരണം ലഭിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനം ഒരു ടേം സി.പി.ഐയ്ക്ക് നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അവസാന ടേം ലഭിച്ചു. കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയെന്ന അവകാശവാദത്തിനിടയിലും അവര്‍ക്ക് ഭൂരിപക്ഷം ലഭിച്ച തദ്ദേശ സ്ഥാപനങ്ങളിലും സി.പി.ഐയ്ക്ക് ഭാരവാഹിത്വം ലഭിച്ചതും നേട്ടമായി.
അതേസമയം, കഴിഞ്ഞ ലോക്സഭ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിലെ പരാജയം ചര്‍ച്ചയായാകും. ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിലും ഇതേക്കുറിച്ച് വിശദീകരണമുണ്ടാകും.
ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു ഇടതുസ്ഥാനാര്‍ഥിയും, സിറ്റിങ് എം.പിയുമായിരുന്ന തോമസ് ചാഴികാടന്റെ പരാജയം.
സി.പി.ഐ ശക്തികേന്ദ്രമായ വൈക്കത്തൊഴിച്ച് മറ്റെല്ലായിടത്തും ഇടതുസ്ഥാനാര്‍ഥി പിന്നില്‍ പോയിരുന്നു.
കേരളാ കോണ്‍ഗ്രസിസ് എമ്മിന്റെ ശക്തികേന്ദ്രങ്ങളിലെ വോട്ടുചോര്‍ച്ച ഉയര്‍ത്തിക്കാട്ടി സമ്മേളന ചര്‍ച്ചയില്‍ വിശദീകരിക്കാനുള്ള അവസരമാണ് ഇതു വഴി ലഭിച്ചിട്ടുള്ളത്.
ബ്രാഞ്ച്, ലോക്കല്‍, മണ്ഡലം സമ്മേളനങ്ങള്‍ പൂര്‍ത്തിയായ ശേഷം നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ 325 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഒരു സമ്മേളനത്തിലും വിഭാഗീയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നില്ല.
ജില്ലാ സെക്രട്ടറി മത്സരം ഒഴിവാക്കണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. വി.ബി ബിനു സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കത്തു നല്‍കിയിരുന്നു.
മത്സരം ഉണ്ടാകുന്നില്ലെങ്കില്‍ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുള്ള വി.കെ.സന്തോഷ് കുമാര്‍ സെക്രട്ടറിയാകും.
സമ്മേളനത്തിന്റെ പതാക-ബാനര്‍ - കൊടിമര ജാഥകള്‍ ഇന്നു വൈകിട്ട് അഞ്ചിനു ജെട്ടി മൈതാനത്ത് എത്തും. തുടര്‍ന്നു സംഘാടക സമിതി പ്രസിഡന്റ് ജോണ്‍ വി. ജോസഫ് പതാക ഉയര്‍ത്തും.
ജെട്ടി മൈതാനത്തു റെഡ് വോളന്റിയേഴ്സിന്റെ സല്യൂട്ടിനു ശേഷം നടക്കുന്ന പൊതുസമ്മേളനം വി. ബിനുവിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ഉദ്ഘാടനം ചെയ്യും.