/sathyam/media/media_files/2025/08/14/untitled-design15-2025-08-14-11-38-01.jpg)
കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന മിനി മാരത്തൺ മൂന്നാം സീസൺ നാളെ.
തെള്ളകം കാരിത്താസ് മാത ആശുപത്രിക്ക് സമീപത്തുള്ള ഹൊറൈസൺ മോട്ടോഴ്സ് അങ്കണത്തിൽനിന്നും രാവിലെ 6.30ന് ആരംഭിക്കുന്ന മിനി മാരത്തൺ 10 കിലോമീറ്റർ പിന്നിട്ട് സി.എം.എസ്. കോളജിൽ സമാപിക്കും.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് മിനി മാരത്തൺ സംഘടിപ്പിക്കുന്നത്. സ്റ്റോപ് ഡ്രഗ്സ് സേവ് ലൈഫ്സ് എന്നതാണ് ഇത്തവണത്തെ മിനി മാരത്തൺ സന്ദേശം.
സി.എം.എസ്. കോളജിലെ എൻ.എസ്.എസ്. വളന്റിയർമാരും എൻ.സി.സി.കേഡറ്റുകളും ഹൊറൈസൺ ജീവനക്കാരും മാരത്തൺ നിയന്ത്രിക്കും.
മാരത്തണിനെത്തുന്ന താരങ്ങൾക്കുള്ള വൈദ്യ സഹായവും ആരോഗ്യ പരിശോധനയും കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം ലഭ്യമാക്കും. പങ്കെടുക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ പുലർച്ചെ 5.30 മുതൽ ഹൊറൈസൺ മോട്ടോഴ്‌സിന്റെ തെള്ളകം കാരിത്താസ് ഹോസ്പിറ്റലിന് സമീപമുള്ള മഹീന്ദ്ര സർവീസ് സെന്ററിൽ ആരംഭിക്കും.
ഒന്നാമതെത്തുന്ന വനിതാ , പുരുഷ വിഭാഗത്തിലുള്ള വിജയിക്ക് 25,000 രൂപ ക്യാഷ് പ്രൈസ് നൽകും. രണ്ടും മൂന്നും സ്ഥാനം നേടുന്ന പുരുഷ,വനിതാ വിഭാഗത്തിലുള്ള അത്ലറ്റുകൾക്ക് യാഥാക്രമം 10,000 , 5000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. 50 വയസിനു മുകളിലുള്ള വിഭാഗത്തിൽ പുരുഷ,വനിതാ വിജയികൾക്ക് 5000 രൂപ വീതമാണ് ക്യാഷ് പ്രൈസ്.
ഫിനിഷിങ്ങ് പോയിന്റിൽ ഓടി എത്തുന്ന എല്ലാവർക്കും മെഡലുകൾ നൽകും. മുൻ വർഷങ്ങളിലേതുപോലെ തന്നെ മത്സരാർഥികൾക്ക് ടീഷർട്ടും പ്രഭാത ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിൽ നടത്തിയ മിനി മാരത്തൺ മത്സരം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്ന് അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പെടെ 500 ൽ അധികം കായിക താരങ്ങൾ മാരത്തണിൽ പങ്കെടുത്തിരുന്നു.
രണ്ടാം സീസണിൽ കെനിയയിൽ നിന്നുള്ള വിദേശ താരങ്ങളടക്കം മാരത്തണിൽ പങ്കെടുത്തു. ഇതിനു പുറമെ ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ്, തമിഴ്നാട് തുടങ്ങി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ അണി നിരന്നു.
കൂടുതൽ വിവരങ്ങൾക്ക്: 9847266166