/sathyam/media/media_files/2025/08/20/images-1280-x-960-px168-2025-08-20-11-35-53.jpg)
കോട്ടയം: മോഷ്ടാക്കളുടെ താവളമായി കോട്ടയം മെഡിക്കൽ കോളജ് പരിസരം. ആയിരക്കണക്കിന് രോഗികളെത്തുന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സാമൂഹ്യ വിരുദ്ധരുടെ ആശുപത്രി വളപ്പിലെ സിസിടിവികൾ പ്രവർത്തിക്കാതെ ആയിട്ട് മാസങ്ങളായി.
ഇതോടെ മോഷണവും കഞ്ചാവ് വില്പനയും ആശുപത്രി വളപ്പിൽ തകൃതിയാണ്. കഴിഞ്ഞ മാസമാണ് ബ്ലാക്കിൽ മദ്യം വിൽക്കുന്നയാൾ മെഡിക്കൽ കോളജ് പരിസരത്തു നിന്നും പിടിയിലായത്.
ഇപ്പോൾ അമ്മയുടെ ശസ്ത്രക്രിയയ്ക്കായി മെഡിക്കൽ കോളജിൽ എത്തിയ മകന്റെ ബൈക്കും മോഷണം പോയി. പാലാ തിടനാട് സ്വദേശി സുമേഷിന്റെ ബൈക്കാണ് മോഷണം പോയത്.
പൊടിപാറ കെട്ടിടത്തിന് സമീപത്തുള്ള പാർക്കിങ് സ്ഥലത്തുനിന്നാണ് ബൈക്ക് നഷ്ടപ്പെട്ടത്. കഴിഞ്ഞ 14നാണ് ബൈക്ക് പാർക്കിങ് സ്ഥലത്ത് വച്ചത്.
പിറ്റേന്ന് ബൈക്ക് എടുക്കാൻ ചെന്നപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതായി കണ്ടത്. പോലീസെത്തി അന്വേഷണം നടത്തിയെങ്കിലും ബൈക്കും കൊണ്ട് മോഷ്ടാവ് രക്ഷപെട്ടിരുന്നു.
മെഡിക്കൽ കോളജിൽ സിസിടിവികൾ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നിരവധി തവണ ആശുപത്രി അധികൃതർക്ക് പരാതി നൽകിയതാണ്.
അധികൃതർ ചെവിക്കൊണ്ടില്ലെന്ന പരാതി പോലീസിനുമുണ്ട്. മുൻപ് കുട്ടിയെ തട്ടി കൊണ്ട് പോയ സംഭവം ഉൾപ്പെടെ മെഡിക്കൽ കോളജിൽ ഉണ്ടായിട്ടും സുരക്ഷാ കാര്യങ്ങളിൽ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്.
മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും പാർക്കിങ് സ്ഥലത്തെയും ആശുപത്രി വളപ്പിനു പുറത്തേക്കുള്ള ഗേറ്റിനു സമീപമുള്ള ക്യാമറകളും പ്രവർത്തിക്കുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞെന്ന് ബൈക്ക് നഷ്ടപ്പെട്ട സുമേഷ് പറയുന്നു.