/sathyam/media/media_files/2025/08/20/images-1280-x-960-px170-2025-08-20-12-24-19.jpg)
കോട്ടയം: ചമ്പക്കര കുറുപ്പന്‍കവലയിൽ അയല്‍വാസിയുടെ പുരയിടത്തില്‍നിന്ന് വീടിന്റെ മുകളിലേക്ക് വീണ മരം എഡിഎമ്മിൻ്റെ നിര്‍ദേശത്തെ തുടര്‍ന്ന് പഞ്ചായത്ത് വെട്ടിമാറ്റി. സ്ഥലം ഉടമ മരം മുറിച്ചു നീക്കാന്‍ വിസമ്മതിച്ചതോടെയാണ് നടപടി.
നിരവധി വീടുകൾക്ക് അപകടകരമായി നിൽകുന്ന മരങ്ങൾ മുറിച്ച് നീക്കാൻ പരാതി നൽകിയിട്ടും സ്‌ഥലമുടമ തയ്യാറായില്ല.
തുടർന്നാണ് മുരുകൻ്റെ വീടിൻ്റെ മുകളിലേക്ക് മരം വീണ് വീടിന് നാശ നഷ്ടമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പിന്നാലെ പ്രദേശവാസികൾ വാർഡ് മെമ്പർ അഡ്വ. കിരൺ കുമാറിനോപ്പം തൈപറമ്പ് - കറുപ്പൻ കവല റോഡ് ഉപരോധിച്ചു.
വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സബ് ഇൻസ്പെക്ടർ എന്നിവർ സ്ഥലത്തെത്തി സ്ഥലമുടമയോട് സംസാരിച്ചെങ്കിലും വെട്ടി മാറ്റാൻ തയ്യാറാകാത്തതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിഷ കിരണും വൈസ് പ്രസിഡൻ്റ് ബി. ബിജുകുമാറും കോട്ടയം എഡിഎമ്മുമായി സംസാരിച്ചതിനെ തുടർന്ന് മരം വെട്ടി മാറ്റാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
തങ്ങളുടെ വീടിനു ഭീഷണിയായി നിൽകുന്ന മുഴുവൻ മരങ്ങളും വെട്ടി മാറ്റാത്ത പക്ഷം സമരം വ്യാപിപ്പിക്കുമെന്നാണ് പ്രദേശവാസികളുടെ നിലപാട്.
തിങ്കളാഴ്ച രാവിലെയാണ് ചമ്പക്കര കുറുപ്പന്‍കവല മാക്കിഭാഗത്ത് തുണ്ടിയില്‍ ടി.ടി. മുരുകന്റെ വീടിന് മുകളില്‍ അയല്‍വാസിയുടെ പറമ്പില്‍ നിന്ന ചാര് മരം പിഴുതുവീണത്. മുരുകന്റെ വീടിന് സാരമായ നാശനഷ്ടമുണ്ടായി. മുകള്‍ നിലയിലെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു.
കലക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും മുറിച്ചുമാറ്റാതിരുന്ന മരമാണ് വീടിനു മുകളിൽ വീണത്. മുൻപ് കലക്‌ടറുടെ ഉത്തരവ് പ്രകാരം മരം മുറിച്ചു മാറ്റാൻ എത്തിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരേയും സ്ഥലം ഉടമ കേസ് നൽകിയിരുന്നതായി പഞ്ചായത്ത് അധികൃതർ പറയുന്നു.
18,000 രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് മരം മുറിച്ചുമാറ്റിയതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മുരുകന്റെ വീടിന് നാലുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ട്. വിഷയത്തില്‍ ഇന്ന് പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കും.