/sathyam/media/media_files/2025/08/21/hemalatha-premsagar-2025-08-21-13-51-12.jpg)
കോഴാ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കോട്ടയം ജില്ലാതല കർഷകോത്സവം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26, 27, 28, 29, 30 തീയതികളിലായി കൃഷി വകുപ്പിൻ്റെ കോഴാ ജില്ലാ കൃഷിത്തോട്ടം, സംസ്ഥാന വിത്തുല്പാദന കേന്ദ്രം, ഉഴവൂർ ബ്ലോക്ക് കാര്യാലയം, കൃഷിവകുപ്പ് പരിശീലന കേന്ദ്രം (ആര്‍എടിടിസി) എന്നിവിടങ്ങളിലായി കാർഷിക മേഖലയിലെ പൈതൃകവും, പാരമ്പര്യവും, നൂതന സാങ്കേതികവിദ്യകളും സമന്വയിക്കുന്ന കൃഷി വിജ്ഞാന വിനോദ വിപണന മേളയാണ് സംഘടിപ്പിക്കുന്നതിനായി ഉദ്ദേശിക്കുന്നത്.
പ്രസ്തത മേളയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി കർഷക കൂട്ടായ്മ പ്രതിനിധികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാധ്യമപ്രവർത്തക പ്രതിനിധികൾ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ, ഫാം തൊഴിലാളി പ്രതിനിധികൾ, കൃഷി വകുപ്പ് ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റികളുടെ സംഘാടക നേതൃനിരയുടെ സംയുക്ത യോഗം കോഴായിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രീമിയം കഫേയുടെ കോൺഫറൻസ് ഹാളിൽ ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ രാജു ജോൺ ചിറ്റേഴത്തിൻ്റെ അദ്ധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക ഘോഷയാത്ര, സെമിനാറുകൾ, സംഗമങ്ങൾ, കലാ കായിക മത്സരങ്ങൾ, കൃഷിയധിഷ്ഠിത വിനോദ വിജ്ഞാന മത്സരങ്ങൾ, സൗഹൃദ സദസ്സുകൾ, കാർഷിക വസ്തുക്കളുടെ വിപണന മേള, കുട്ടികൾക്കായുള്ള ഉല്ലാസകരമായ, വിനോദോപാധികൾ, കൃഷിത്തോട്ടത്തിലെ കാർഷിക മേഖലകളിലേക്കുള്ള tracking, 100 ൽ പരം പ്രദർശന വിപണന സ്റ്റാളുകൾ, സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകർഷകമായ സ്റ്റാളുകൾ, സായാഹ്ന കലാവിരുന്നുകൾ തുടങ്ങിയവ കോഴാ ഫാം ഫെസ്റ്റിൽ സംബന്ധിക്കുന്നവർക്ക് വേറിട്ട നവ്യാനുഭവം സമ്മാനിക്കും വിധത്തിലാണ് വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്.