/sathyam/media/media_files/2025/08/22/images-1280-x-960-px222-2025-08-22-09-51-01.jpg)
കോട്ടയം: സി.എം.എസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന്. എസ്.എഫഐ-കെ.എസ്.യു സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സംഘവും നിലയുറപ്പിച്ചു.
ഇന്നലെ വൈകിട്ട് ആരംഭിച്ച സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിരുന്നു. സ്ഥലത്തു വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടും ഇരുമ്പ് കമ്പി, മരത്തടി, പൈപ്പ് അടക്കമുള്ളവ ഉപയോഗിച്ചു മണിക്കൂറോളം ആക്രമണം അഴിച്ചു വിടുകയായിരുന്നു.
സംഘര്‍ഷത്തെ തുടര്‍ന്നു വിദ്യാര്‍ഥികള്‍ ചിതറിയോടി. വൈകിട്ടു തുടങ്ങിയ സംഘര്‍ഷം രാത്രി വൈകിയും നീണ്ടു.
പെണ്‍കുട്ടികളടക്കമുള്ളവര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 ഓളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.
സ്ഥലത്ത് എത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘം ക്യാമ്പസിനുള്ളില്‍ കയറി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ കല്ലേറും നടത്തി. എസ്.എഫ്.ഐയ്ക്കും കെ.എസ്.യുവിനും പിന്തുണയുമായി ക്യാമ്പസിനു പുറത്തുള്ള നേതാക്കളുമെത്തി.
കെ.എസ്.യു കൊടി കെട്ടിയ ഇരുമ്പ് കമ്പി കൊണ്ടു വിദ്യാര്‍ഥികളുടെ തല അടിച്ചു പൊട്ടിച്ചു എന്ന പരാതിയുമുണ്ട്.
എസ്.എഫ്.ഐ വനിത പ്രവര്‍ത്തകരെ ഉപയോഗിച്ചു വാതില്‍ തള്ളി തുറന്ന അകത്തു കടക്കാന്‍ പലവട്ടം ശ്രമം നടത്തിയെങ്കിലും അധ്യാപകര്‍ തടഞ്ഞു. പല തവണയായി ക്യാമ്പസില്‍ ഏറ്റുമുട്ടില്‍ നടന്നു.
25 വര്‍ഷമായി എസ്.എഫ്.ഐയുടെ കുത്തകയാണു സി.എം.എസ് കോളജിലെ വിദ്യാര്‍ഥി യൂണിയന്‍. ഇത്തവണ യൂണിയന്‍ ഭരണം നഷ്ടപ്പെടുമെന്ന എസ്.എഫ്.ഐയുടെ ഭീതിയാണു സംഘര്‍ഷത്തിനും അക്രമത്തിനും ഇടയാക്കിയതെന്നു കെ.എസ്.യു ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്നും മാനേജ്മെന്റിന്റെ ഒത്താശയോടെ പോലീസ് എസ്.എഫ്.ഐയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും എസ്.എഫ്.ഐയും ആരോപിച്ചു.
ഇന്നലെ വൈകിട്ടു നാലോടെയാണു സംഭവങ്ങളുടെ തുടക്കം. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം കല്ലേറിലും പോലീസ് ലാത്തിചാര്‍ജിലും കലാശിച്ചു.
നിരവധി വിദ്യാര്‍ഥികളെ വിരട്ടിയോടിച്ചെങ്കിലും വിദ്യാര്‍ഥികള്‍ പിന്‍മാറാന്‍ തയ്യാറായില്ല.
സംഘര്‍ത്തെ തുടര്‍ന്നു മറ്റു വിദ്യാര്‍ഥികള്‍, പെണ്‍കുട്ടികളടക്കം കോളജിനു പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. സംഘര്‍ഷ വിവരമറിഞ്ഞു മാതാപിതാക്കളും ആശങ്കയിലായി.
അതേസമയം, ബസേലിയേസ് കോളേജില്‍ യൂണിയന്‍ ഭരണം പിടിച്ചെടുത്ത കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രകടനമായി ഇവിടെയ്ക്ക് എത്തിയതോടെ, സംഘര്‍ഷം രൂക്ഷമായി. ഗേറ്റിനു പുറത്തു നിന്നും പ്രവര്‍ത്തകര്‍ ക്യാമ്പസിലേക്കു കല്ലെറിഞ്ഞു.
ഇതോടെ, തിരിച്ചും കല്ലേറുണ്ടായി. സി.പി.എം ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്‍, ജയ്ക് സി.തോമസ്, റെജി സഖറിയ എന്നിവരുടെ വാഹനവും, ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ വാഹനവും കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞു.
വിവരം അറിഞ്ഞു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവരും ക്യാമ്പസിലെത്തി. ഇന്നു ഫലപ്രഖ്യാപനത്തിലും സമാന സംഭവങ്ങൾ ഉണ്ടാകുമോ എന്നാണ് ആശങ്ക.