/sathyam/media/media_files/2025/08/22/images-1280-x-960-px220-2025-08-22-09-14-30.jpg)
കോട്ടയം: ഈരാറ്റുപേട്ട അയ്യപ്പന് പിന്നാലെ കിരണ്‍ നാരായണന്‍ കുട്ടിയുടെ വിയോഗ വാര്‍ത്ത കൂടി വന്നതോടെ ഞെട്ടയിലാണ് ആനപ്രേമികള്‍.
അക്ഷരനഗരിയുടെ ഉഗ്രപ്രതാപിയായ ഉയരക്കേമന്‍ എന്ന വിശേഷണത്തിന് ഉടമയാണ് കിരണ്‍ നാരായണന്‍ കുട്ടി.
ഭൂമിയിലെ സൃഷ്ടികളില്‍ ആനയെപ്പോലെ രൂപഗാംഭീര്യംകൊണ്ട് മനുഷ്യനെ ഇത്രയധികം രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരു ജീവിയുമുണ്ടാവില്ല.
ഒരേ സമയം പ്രൗഢഗാംഭീര്യവും വന്യബീഭത്സതയും സമന്യയിക്കുന്ന കരിവീരന്‍-അതാണ് നാരായണന്‍കുട്ടിയെന്നു ആനപ്രേമികള്‍ പറയും.
പരുക്കന്‍ സ്വഭാവക്കാരനായിരുന്നു നാരായണന്‍ കുട്ടി. ഇടയ്ക്കിടക്ക് ഓരോ മയക്കുവെടി മേടിച്ചിരുന്നു. ഒരൊറ്റവര്‍ഷം തന്നെ രണ്ടും മൂന്നും മയക്കുവെടികള്‍ മേടിച്ച ചരിത്രവും ആനയ്ക്കുണ്ട്.
പക്ഷേ, അവന്റെ എല്ലാ വില്ലത്തരങ്ങളും അതേപടി ഉള്‍ക്കൊണ്ടു തന്നെ അവനെ നെഞ്ചേറ്റി ലാളിക്കുവാന്‍ എന്നും ആരാധകരുടെ വലിയൊരു നിരതന്നെയുണ്ടായിരുന്നു.
കോട്ടയം സ്വദേശിയായ കിരണ്‍മധുവാണ് നാരായണന്‍കുട്ടിയുടെ ഉടമ.1997-ലാണ് മധു നാരായണന്‍കുട്ടിയെ സ്വന്തമാക്കുന്നത്.
നാരായണന്‍കുട്ടിയുടെ വില്ലന്‍ പരിവേഷം അറിഞ്ഞുകൊണ്ടായിരുന്നു ആ കച്ചവടം. ആനയല്ലേ, കറതീര്‍ന്ന ഒരാണല്ലേ, ഇത്തിരി എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടിയില്ലെങ്കില്‍ അവന്‍ പിന്നെയെന്ത് ആന-അതായിരുന്നു കിരണ്‍ നായാണന്‍ കുട്ടിയെന്ന ബീഹാര്‍ സ്വദേശിയെ സ്വന്തമാക്കുമ്പോള്‍ ഉള്ള മധുവിന്റെ നിലപാട്.
ഒപ്പം നന്നായി ശ്രദ്ധിച്ചാല്‍, പരിപാലിച്ചാല്‍ ആനയുടെ സ്വഭാവം ഒരു പരിധിവരെയൊക്കെ മാറ്റിയെടുക്കാമെന്ന ആത്മവിശ്വാസവും മധുവിനുണ്ടായിരുന്നു.
ഉടമയുടെയും പാപ്പാന്‍മാരുടെയും പരിപാലനം കൊണ്ട് ആ പഴയ വില്ലന്‍ വേഷത്തിലേക്ക് കിരണ്‍ നാരായണന്‍ കുട്ടി പോയില്ല. പകരം ആനപ്രേമികളുടെ ഇടയില്‍ ഒരു തരാ പരിവേഷം അവന്‍ സ്വന്തമാക്കി.
എങ്കിലും ചില സിനിമകളില്‍ മോഹന്‍ ലാല്‍ നടത്തിയിട്ടുള്ള പകര്‍ന്നാട്ടം പോലെ ഒരേസമയം നായകനും വില്ലനുമെല്ലാമാകാന്‍ നാരായണന്‍കുട്ടിക്ക് അധിക സമയം വേണ്ടി വരില്ല എന്നു തെളിയിച്ച് ഇടക്കൊക്കെ പ്രശ്‌നങ്ങളും സൃഷ്ടിക്കാറുണ്ടായിരുന്നു.
പ്രശസ്തിയുടെ ആകാശങ്ങള്‍ താണ്ടിയ കിരണ്‍ നാരായണന്‍ കുട്ടിയുടെ വിയോഗം ആനപ്രേമികള്‍ക്കും മലയാളക്കരയ്ക്കും തീരാ നഷ്ടമാണ്. ഈരാറ്റുപേട്ട അയ്യപ്പന്റെ വിയോഗത്തിനു പിന്നാലെയുള്ള നാരായണന്‍ കുട്ടിയുടെ മടക്കവും ആ നഷ്ടം ഇരട്ടിയാക്കുന്നു.