/sathyam/media/media_files/2025/08/23/images-1280-x-960-px244-2025-08-23-09-42-47.jpg)
കോട്ടയം: കോട്ടയം നഗരസഭാ പരിധിയില്‍ ഉള്ളത് 15000 തെരുവുനായകള്‍. നഗരത്തില്‍ എട്ടു പേര്‍ക്കു പേ വിഷ ബാധിച്ച നായയുടെ കടിയേറ്റതിനു പിന്നാലെയാണ് നഗരപരിധിയില്‍ 15000 തെരുവുനായകള്‍ ഉണ്ടെന്ന വിവരം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.
തെരുവുനായകളുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. അതേസമയം നഗരത്തില്‍ എട്ടു പേര്‍ക്കു പേപ്പട്ടിയുടെ കടിയേറ്റതിനു പിന്നാലെ, പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജിതമാക്കി മൃഗസംരക്ഷണ വകുപ്പ്.
നായകടിയുണ്ടായ നഗരസഭ 20, 29 വാര്‍ഡുകളിലെ മത്സ്യമാര്‍ക്കറ്റ്, കെ.എസ്.ആര്‍.ടി.സി. ഭാഗങ്ങളിലെ തെരുവുനായകള്‍ക്കാണ് ഇന്നലെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയത്. രണ്ടു ഭാഗങ്ങളിലുമായി 51 നായകളെ കുത്തിവച്ചതായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ആക്രമണം നടത്തിയ നായയില്‍ നിന്നു കൂടുതല്‍ നായകള്‍ക്കോ മറ്റു മൃഗങ്ങള്‍ക്കോ കടിയേറ്റിരുന്നോയെന്നതില്‍ ഇതുവരെയും വ്യക്തതയില്ല.
പല പ്രദേശങ്ങളില്‍ നിന്നും നായകള്‍ വന്നു പോകുന്ന സ്ഥലമായതിനാല്‍ പ്രതിരോധ കുത്തിവയ്പ്പ് രണ്ടു വാര്‍ഡുകളില്‍ മാത്രമായി ചുരുക്കിയതില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
അതേസമയം, ഇന്നും തെരുവുനായകളുടെ കുത്തിവയ്പ്പ് തുടരാനാണ് തീരുമാനം. പേ പിടിച്ച നായ ഓടിയ വഴിയിലെയും സമീപ പ്രദേശങ്ങളിലെയും നായകളെയാണ് കുത്തിവയ്പ്പിനു വിധേയമാക്കുന്നത്.
മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കംപാഷന്‍ ആനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (കാവ) എന്ന എന്‍.ജി.യുടെ നേതൃത്തിലുള്ള സംഘമാണ് ഇന്നലെ കുത്തിവയ്പ്പിനെത്തിയത്.
ഡോഗ്ക്യാച്ചര്‍മാര്‍, നഴ്സ്, ഡ്രൈവര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘം ഇന്നലെ പുലര്‍ച്ചെ മുതലാണ് കുത്തിവയ്പ്പ് ആരംഭിച്ചത്.
നായകളെ പിടികൂടി കുത്തിവച്ച ശേഷം പച്ച നിറമുള്ള പെയിന്റ് പുരട്ടി വിടുകയാണ്.
ഇന്നലെ, ഈ പ്രദേങ്ങളിലെ മുഴുവന്‍ നായകളെയും കുത്തിവയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് സംഘടനാ ഭാരവാഹികള്‍ പറഞ്ഞത്.
നേരത്തെ, സംഘടനയുടെ നേതൃത്വത്തില്‍ നഗരസഭാ പരിധിയിലെ 723 നായ്കള്‍ക്കു പ്രതിരോധ കുത്തിവയ്പ്പ് എടുത്തിയിരുന്നു.
പേപ്പട്ടി ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് കെ.എസ്.ആർ.ടി.സി, മത്സ്യമാര്‍ക്കറ്റ് ഭാഗങ്ങളില്‍ വീണ്ടും കുത്തിവയ്പ്പ് എടുത്തത്.
ഇതിനൊപ്പം റാബീസ് ഫ്രീ കേരള പ്രൊജക്ട് എഡ്യുക്കേഷന്‍ ഓഫീസര്‍ ചിഞ്ചു വൈശാഖിന്റെ നേതൃത്വത്തില്‍ മാര്‍ക്കറ്റിലും തെരുവുകച്ചവടക്കാര്‍ക്കും പ്രഥമശുശ്രൂഷയെക്കുറിച്ചും മറ്റും ബോധവത്കരണ ക്ലാസുകളും നടക്കുന്നുണ്ട്.
അതേസമയം തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതില്‍ നഗരസഭാ അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ ധര്‍ണയും നടത്തുന്നുണ്ട്.