/sathyam/media/media_files/2025/08/23/images-1280-x-960-px247-2025-08-23-10-51-34.jpg)
കോട്ടയം: കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സി.എം.എസ് കോളജില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരേ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് കേസ്.
അതേസമയം, കോളജില്‍ നടന്ന അക്രമ സംഭവങ്ങളെ മാനേജ്‌മെന്റ് അപലപിച്ചു. എല്ലാ വ്യക്തികള്‍ക്കും രാഷ്ട്രീയമുണ്ട്. ഞങ്ങളുടെ അധ്യാപകരോ അനധ്യാപകരോ അവരുടെ രാഷ്ട്രീയം കോളജില്‍ പ്രകടമാക്കാറില്ല.
മാനേജ്‌മെന്റാ അധ്യാപകരോ ഒന്നും അവരുടെ രാഷ്ട്രീയ വിശ്വാസം പ്രചരിപ്പിക്കുന്നതിനോ അതിനുവേണ്ടി വിദ്യാര്‍ഥികളെ ഒരുക്കാനോ ശ്രമിച്ചിട്ടില്ല.
അധ്യാപകര്‍ മത്സരിക്കുന്നതില്‍ നിന്നു വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു എന്നതും വ്യാജ ആരോപണങ്ങളാണ്.
അത്തരം ചില പ്രചാരണങ്ങള്‍ നടക്കുന്നത് ഖേദകരമാണ്. അക്രമ രാഷ്ട്രീയത്തെ അപലപിക്കുകയും അക്രമം നടന്നപ്പോള്‍ അതു തടയാന്‍ ശ്രമിച്ച രാഷ്ട്രീയ നേതാക്കളോടുള്ള നന്ദിയും അറിയിക്കുന്നു.
കോളജ് കുട്ടികള്‍ക്കു പഠിക്കുന്നതിനുള്ളതാണെന്നും കോളജ് മാനേജര്‍ ബിഷപ്പ് റവ. ഡോ. മയില്‍ സാബു കോശി ചെറിയാന്‍ പറഞ്ഞു.
മൂന്നു പതിറ്റാണ്ടിനു ശേഷം സി.എം.എസ്. കോളജ് എസ്.എഫ്.ഐയില്‍ നിന്നു കെ.എസ്.യു തിരിച്ചുപിടിച്ചിരുന്നു. ഒന്നാം വര്‍ഷ ഡിഗ്രി പ്രതിനിധി ഒഴികെ 15ല്‍ 14 സീറ്റും നേടിയാണ് 37 വര്‍ഷത്തിനു ശേഷം കെ.എസ്.യു. വിജയം കരസ്ഥമാക്കിയത്.
വാഴാഴ്ച തെരഞ്ഞെടുപ്പിനു പിന്നാലെ നടന്ന മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ ഇന്നലെ രാവിലെയാണു ഫലപ്രഖ്യാപനം നടത്തിയത്.
പതിറ്റാണ്ടുകളായി സി.എം.എസ്. കോളജില്‍ എസ്.എഫ്.ഐ. സര്‍വാധിപത്യമായിരുന്നു. ചില വര്‍ഷങ്ങളില്‍ ഒന്നോ രണ്ടോ സീറ്റുകളില്‍ കെ.എസ്.യു. ജയിച്ചിരുന്നതൊഴിച്ചാല്‍ യൂണിയന്‍ ലഭിച്ചിരുന്നില്ല.
വ്യാഴാഴ്ച വൈകിട്ട് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി ഫലപ്രഖ്യാപനത്തിലേക്കു നീങ്ങുന്നതിനു പിന്നാലെ കോളജില്‍ കെ.എസ്.യു, ബി.ജെ.പി. സംഘര്‍ഷമുണ്ടാകുകുയായിരുന്നു.
എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കൗണ്ടിങ്ങ് സെന്റര്‍ അടിച്ചുപൊളിയ്ക്കാന്‍ ഉള്‍പ്പെടെ ശ്രമം നടന്നതായി കെ.എസ്.യു. ആരോപിച്ചു.
സംഘര്‍ഷം വ്യാപിച്ചതോടെ ഇരുവിഭാഗങ്ങളില്‍ നിന്നും മുതിര്‍ന്ന നേതാക്കളും നഗരത്തിലെ പ്രവര്‍ത്തകരും എത്തിയതോടെ സംഘര്‍ഷം ശക്തമായി.
ഇരുപക്ഷത്തു നിന്നും പെൺകുട്ടികൾ ഉൾപ്പടെ അൻപതോളം പേർക്കു സംഘർത്തിൽ പരുക്കേറ്റു.