/sathyam/media/media_files/2025/08/23/induction-ceremoney-2025-08-23-21-48-00.jpg)
കോട്ടയം: കാണാക്കാരി സിഎസ് ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിലെ 13 -ാമത് ബാച്ചിന്റെ പ്രവേശന ഉത്സവം സി.എസ് ഐ മധ്യകേരളാ ബിഷപ്പും മാനേജരുമായ ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു.
വിദ്യാർത്ഥികൾക്ക് കുറഞ്ഞ കാലയളവിലെ ലക്ഷ്യങ്ങളും ദീർഘകാല ലക്ഷ്യങ്ങളും വേണമെന്നും അതിനായി കഠിനാധ്വാനം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സി.എസ്.ഐ മാനേജ്മെന്റിന് കീഴിൽ 150-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും, സി.എം.എസ് കോളേജ് ഏറ്റവും പ്രശസ്തമായ സ്ഥാപനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സർവകലാശാലാ പരീക്ഷകളിൽ കോളേജ് നേടിയ വിവിധ റാങ്കുജേതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും അധ്യാപകരുടെയും പ്രിൻസിപ്പലിന്റെയും ബർസാറിന്റെയും സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു.
പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം നിർവഹിച്ച മുൻ ഡി.ജിപിയും പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് വിദ്യാർത്ഥികൾക്ക് നിയമ വിദ്യാഭ്യാസം നിരവധി മേഖലകളിലേക്ക് വഴിതെളിക്കുന്നുവെന്ന് പറഞ്ഞു.
യു.എൻ. സിവിൽ സർവീസ്, ഇന്ത്യൻ സിവിൽ സർവീസ്, ഇന്ത്യൻ ജുഡീഷ്യൽ സർവീസ്, കോർപ്പറേറ്റ് മേഖല, ഗവേഷണവും അധ്യാപന രംഗവും ഉൾപ്പെടെ അനവധി തൊഴിൽ അവസരങ്ങൾ നിയമവിദ്യാഭ്യാസം തുറന്ന് തരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
നിയമ പഠനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതിനെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദേശങ്ങൾ നൽകി. മദ്യപാനം, ലഹരി തുടങ്ങിയ ദുഷ്പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അദ്ദേഹം കർശനമായ മുന്നറിയിപ്പും നൽകി.
ദൈവത്തിനും മാതാപിതാക്കൾക്കും അധ്യാപകർക്കും നന്ദി പറയുന്ന മനോഭാവം ജീവിതം മുഴുവൻ വിദ്യാർത്ഥികൾക്കുണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.
റവ. ജേക്കബ് ജോൺസൺ, ബർസാർ കോശി ഏബ്രഹാം, പ്രൊഫ. (ഡോ.) എം.എം. മാത്യു, ജെയ്മോൾ തോമസ്, മരിയ ജോസഫ്, കരോളിൻ ഏലിയാസ്, വൈസ് പ്രിൻസിപ്പൽ ഡോ. ജെയ്സി കരിങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു.
കരോളിൻ ഏലിയാസ് ചിട്ടപ്പെടുത്തിയ കോളജ് ഗാനം ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പ്രകാശനം ചെയ്തു.
ഇന്റഗ്രേറ്റഡ് ബി.എ എൽ.എൽ.ബി (ഓണേഴ്സ്), ബി.കോം എൽ.എൽ.ബി (ഓണേഴ്സ്) കോഴ്സുകളുടെയും, 3-ാം ബാച്ച് യൂണിറ്ററി എൽ.എൽ.ബി കോഴ്സിന്റെയുമായിരുന്നു പ്രവേശനോത്സവം.