/sathyam/media/media_files/2025/08/26/lake-mount-public-school-onam-2025-08-26-15-33-23.jpg)
വൈയ്ക്കം: വ്യത്യസ്തവും മാതൃകാപരവുമായ പദ്ധതികളിലൂടെയും പരിപാടികളിലൂടെയും കുട്ടികളെയും മാതാപിതാക്കളെയും പൊതുസമൂഹത്തെയും ഉണർത്തി, രാജ്യത്തിൻ്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരാൻ എന്നും മുന്നിൽ നിൽക്കുന്ന കാട്ടിക്കുന്ന് ലേക് മൗണ്ട് പബ്ലിക് സ്കൂളിലെ ഇത്തവണത്തെ ഓണാഘോഷം അന്യാദൃശമായ രീതിയിൽ ആണ് സംഘടിപ്പിച്ചിരിക്കുന്നത്.
സ്കൂളിലെ എട്ടാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ മുത്തച്ഛൻമാരെയും മുത്തശ്ശിമാരെയും സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ ക്ഷണിച്ച് വരുത്തി ആദരിക്കും.
ഇവരെ ആദരിക്കുന്നതിലൂടെ കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല സന്ദേശമാണ് ഇത്. മുത്തശ്ശീ മുത്തച്ഛന്മാരോടുള്ള കുട്ടികളുടെ സ്നേഹം കൂടുതൽ ദൃഢമാകാനും അവരെ മാനിക്കാനും ബഹുമാനിക്കാനും കുട്ടികൾ പഠിയ്ക്കും എന്ന് സ്കൂൾ പ്രിൻസിപ്പൽ മായ ജഗൻ പ്രത്യാശയോടെ പറഞ്ഞു.
സ്കൂളിലെ ഏത് ആവശ്യത്തിനും പരിപാടികൾക്കും അകമഴിഞ്ഞ് പിന്തുണ നൽകുന്ന റോട്ടറി കൊച്ചിൻ ടൈറ്റൻസിന്റെയും പിടിഎ യുടെയും, ലേക് മൗണ്ട് ഇന്റർ ആക്ട് ക്ലബ്ബിൻ്റെയും സംയുക്ത സഹകരണത്തോടെയാണ് ഇത്തവണത്തെ ഓണാഘോഷം ഈ രീതിയിൽ വ്യത്യസ്തമായി സംഘടിപ്പിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 27 -ാം തീയതി രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ ഓണപ്പാട്ടും വഞ്ചിപ്പാട്ടും, മലയാളി മങ്ക, തിരുവാതിര, വാമന, മഹാബലി തുടങ്ങിയ ഓണക്കളികൾ വേദിയിൽ അരങ്ങേറും.