/sathyam/media/media_files/2025/08/30/kattikkunnu-school-2025-08-30-19-28-54.jpg)
വൈക്കം: എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ മുത്തശ്ശീ മുത്തച്ഛന്മാരെ ക്ഷണിച്ച് വരുത്തി ആദരിച്ച്, അവരോടൊപ്പം ഓണം ഉണ്ടും ഓണം ആഘോഷിച്ചും, കാട്ടിക്കുന്ന് ലേക് മൗണ്ട് പബ്ലിക് സ്കൂൾ ഇത്തവണത്തെ ഓണം അവിസ്മരണീയവും അന്യാദൃശവുമാക്കി.
ബന്ധങ്ങൾ ബന്ധനങ്ങൾ ആയിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, വീടുകളിൽ ഏറ്റവും കൂടുതൽ ഒറ്റപ്പെടൽ അനുഭവിക്കുന്നത് മുത്തശ്ശിമാരും മുത്തച്ഛൻമാരും ആണ്.
അച്ഛനും അമ്മയ്ക്കും ജനിക്കുന്ന കുട്ടികളെ വളർത്തി വലുതാക്കി അവരെ വിവാഹം കഴിപ്പിച്ചാലും മാതാപിതാക്കളുടെ ഉത്തരവാദിത്വവും കടമയും തീരുന്നില്ല. മക്കളുടെ മക്കളെയും പിച്ചവെപ്പിച്ച്, കുളിപ്പിച്ചൊരുക്കി, സ്കുളിലയച്ച്, തിരികെ വീട്ടിലെത്തിച്ച്, കൈപിടിച്ച് നടത്തി, കഥകൾ പറഞ്ഞു കൊടുത്ത്, അവരെയും വലുതാക്കി വരുമ്പോഴേയ്ക്കും വാർദ്ധക്യം വന്ന് തളർത്തും.
പിന്നീട് വീടുകളുടെ ഏതെങ്കിലും മൂലയിലോ, മുറികളിലോ, പ്രിയപ്പെട്ടവരുടെ സാന്നിധ്യം കൊതിച്ച്, ഇഷ്ടങ്ങളെ ത്യജിച്ച്, ഒറ്റപ്പെട്ട് ശിഷ്ടകാലം അനുഭവിച്ച് തീർക്കും. എല്ലാ വീടുകളിലും ഇങ്ങനെ സംഭവിക്കുന്നുണ്ടെന്ന് പറയാൻ ആഗ്രഹിക്കുന്നില്ല. വൃദ്ധസദനങ്ങളിലെ തിരക്കുകൾ കാണുമ്പോൾ പറയാതിരിക്കാനും പറ്റത്തില്ല.
കുഞ്ഞു മക്കളുടെ ഏറ്റവും വലിയ കൂട്ടുകാരനും കൂട്ടുകാരിയും മുത്തശ്ശിമാരും മുത്തച്ഛൻമാരും ആയിരുന്ന ഒരു നല്ല ഇന്നലെകൾ നമ്മുടെ വീടുകളെ ഐശ്വര്യപൂർണ്ണമാക്കിയിരുന്നു.
കാലത്തിൻ്റെ ഗതിവേഗത്തിൽ ബന്ധങ്ങളുടെ ദൃഢതയും ഊഷ്മളതയും സൗരഭ്യവും ആണ് നഷ്ടമാകുന്നത് എന്ന് ആരും തിരിച്ചറിയുന്നില്ല. പ്രത്യേകിച്ച് ഇന്നത്തെ കുഞ്ഞുങ്ങൾ.
കുഞ്ഞുങ്ങളുടെ സാന്നിധ്യം ഇവർക്ക് മാനസിക ഉന്മേഷം ഉണ്ടാക്കും എന്നതിനാൽ മുത്തശ്ശീ മുത്തച്ഛന്മാരെ കരുതലോടെയും സ്നേഹത്തോടെയും ചേർത്തു പിടിക്കണമെന്ന് കുഞ്ഞുങ്ങളെ ഓർമ്മിപ്പിക്കുന്നതിനാണ് ഈ ആദരമെന്നും, മുത്തശ്ശീ മുത്തശ്ശിമാർ അവഗണിക്കപ്പെടേണ്ടവർ അല്ലെന്നും, അവർ ആദരം അർഹിക്കുന്നവരാണെന്നും, വീടുകളുടെ ഐശ്വര്യമാണ് എന്നും കുട്ടികൾ മനസ്സിലാക്കുന്നതിന് വേണ്ടി ആണ് മുത്തശ്ശീ മുത്തച്ഛന്മാരെ ഓണാഘോഷ വേളയിലേക്ക് ക്ഷണിച്ചു വരുത്തിയത് എന്നും സ്കൂൾ പ്രിൻസിപ്പൽ മായാ ജഗൻ പറഞ്ഞു.
പ്രിൻസിപ്പൽ, മായ ജഗൻ അദ്ധ്യക്ഷത വഹിച്ച ഓണാഘോഷ ചടങ്ങിൽ ഗ്രാൻ്റ് പാരൻ്റ്സ് പ്രതിനിധി സൗദാമിനി ഓണ സന്ദേശം നൽകി. എൺപതോളം മുത്തശ്ശീ മുത്തച്ഛന്മാരെ മെമൻ്റോകൾ നൽകി ആദരിച്ചു.
ലേക് മൗണ്ട് ഇൻ്ററാക്ട് ക്ലബ്ബിൻ്റെ ഇൻസ്റ്റലേഷൻ സെറിമണി പ്രശംസനീയമായി. റോട്ടറി കൊച്ചിൻ ടൈറ്റൻസ് പ്രസിഡൻ്റ് റൊട്ടേറിയൻ ക്യാപ്റ്റൻ രമേഷ് കൃഷ്ണ മുഖ്യാതിഥിയായിരുന്നു. ഇൻ്ററാക്ട് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് റൊട്ടേറിയൻ ക്യാപ്റ്റൻ രമേഷ് കൃഷ്ണ സംസാരിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സ്കൂൾ മുൻ പ്രസിഡൻ്റ് ശ്രീഭദ്ര എം ൽ നിന്നും, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് ദേവിക എം ഡി സ്ഥാനം ഏറ്റെടുത്തു. റോട്ടറി കൊച്ചിൻ ടൈറ്റൻസ് സെക്രട്ടറി റൊട്ടേറിയൻ പ്രവീൺ വിശ്വനാഥൻ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിക്കുകയും മുൻ അംഗങ്ങളുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
പി ടി എ പ്രസിഡൻ്റ് പോൾസൺ സ്റ്റീഫൻ ആശംസ നേർന്നു. റൊട്ടേറിയൻ ഷാഫിൻ അലക്സ് (പ്രോജക്ട് സർവീസ് ചെയർ ) പി ടി എ ട്രഷറർ പദ്മകുമാർ, മറ്റ് ഭാരവാഹികൾ, അംഗങ്ങൾ, തുടങ്ങിയവർ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.
അദ്ധ്യാപകർക്കായി നടത്തിയ ലക്കി വിൻ കോൺടെസ്റ്റ് പുതുമയായി. മഹാബലിയും വാമനനുമായി എത്തിയ കുരുന്നുകളും ഓണപ്പൂക്കളവും കാണികളിലേക്ക് ആഹ്ലാദം പകർന്നു.
മലയാളി മങ്ക മത്സരവും ഓണപ്പാട്ടും നൃത്തവും ഫാഷൻ ഷോയും അദ്ധ്യാപകരുടെ തിരുവാതിരകളിയും പി ടി എ കമ്മറ്റിയുടെ ഓണപ്പാട്ടും മറ്റു കലാപരിപാടികളും ഓണാഘോഷത്തിൻ്റെ ആഹ്ലാദവും ആവേശവും എല്ലാവരിലും അലതല്ലി.
വിഭവസമൃദ്ധമായ ഓണസദ്യ, വിശിഷ്ട വ്യക്തികളുടെയും മുത്തശ്ശി മുത്തച്ഛന്മാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് ധന്യമായി.
ഐശ്വര്യ ലക്ഷ്മിയുടെ പ്രാർത്ഥന ഗീതത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക് അധ്യാപിക ലക്ഷ്മി പ്രിയ സ്വാഗതം ആശംസിച്ചു.