കോട്ടയം: എം.സി റോഡിൽ അപകടങ്ങൾക്ക് വർധിക്കുന്നു. അപകട സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ പോലും അപകടം കുറയ്ക്കാൻ നടപടിയില്ല. ഏറ്റുമാനൂർ പട്ടിത്താനം മുതൽ ചങ്ങനാശ്ശേരി വരെയുള്ള ഭാഗത്ത് നിരവധി അപകടങ്ങളാണ് നടക്കുന്നത്. എറ്റവും ഒടുവിലത്തെ ഇരകൾ മണിപ്പുഴയിൽ പിക്ക്അപ്പ് വാൻ ഇടിച്ചു ദമ്പതികൾ മരണപ്പെട്ടതാണ്. ജൂലൈ 29ന് മണിപ്പുഴയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. ഇന്നോവ കാർ ടൊയോട്ട ഷോറൂമിലേക്ക് തിരിയുന്നതിനിടെ വാഗണർ കാറിലും, എസ്.യുവിയിലും പിക്കപ്പിലും ടാങ്കർ ലോറിയിലും ഇടിയ്ക്കുകയായിരുന്നു. നാലുവരിപ്പാതയിൽ എ.ഐ കാമറ, സി.സി.ടി.വി എന്നിവ അടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾ തുടരുന്നു.
മണിപ്പുഴ സിഗ്നലിനെ മറികടക്കുന്നതിനിടെയും നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. മണിപ്പുഴ പാക്കിൽ റോഡിൽ നിന്നും വരുന്ന വാഹനങ്ങളും എം.സി റോഡിന്റെ ഇരുവശങ്ങളിൽ നിന്നുള്ള വാഹനങ്ങളും സിഗ്നലിനെ മറികടക്കുന്നതിനായി പലപ്പോഴും വേഗതയിലാണ് എത്തുന്നത്. രാത്രി കാലങ്ങളിൽ സിഗ്നലിനെ അവഗണിച്ചാണ് വാഹനങ്ങളുടെ യാത്ര.
കോടിമത മണിപ്പുഴ ബൈപ്പാസ് റോഡിൽ ദിനംപ്രതി ചെറുതുംവലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. അമിതവേഗതയിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ടും റോഡിന് മദ്ധ്യഭാഗത്തെ ഡിവൈഡറിലും മീഡിയനിലും ഇടിച്ചുണ്ടാകുന്ന അപകടങ്ങളും നിത്യം. ഡിവൈഡർ കാടുമൂടിക്കിടക്കുന്നതും അപകടത്തിന് ഇടയാക്കുന്നു. ഡിവൈഡറിന്റെ മദ്ധ്യഭാഗത്തായി രണ്ട് ഇടനാഴികളുമുണ്ട്. ഒരു വശത്തുനിന്നും മറുവശത്തേക്ക് ഈ ഇടനാഴിവഴി വാഹനങ്ങൾ കടക്കുമ്പോൾ എതിർദിശയിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് കാണാൻ കഴിയാത്ത തരത്തിൽ കാട് പടർന്നു നിൽക്കുന്നു. ഇതും അപകടത്തിന് ഇടയാക്കുന്നു.
റോഡിൽ വഴിവിളക്കുകൾ തെളിയാത്തതും അപകടങ്ങൾക്ക് ഇടയാക്കുന്നു. ഇടനാഴിയിൽനിന്നും കയറിവരുന്ന വാഹനങ്ങൾ പകൽ സമയങ്ങളിൽ പോലും മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടില്ല. ഇതോടെ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നാലുവരിപ്പാതയിൽ അപകടങ്ങളും വർദ്ധിക്കുന്നതിന് കാരണമാകുന്നു.
മണിപ്പുഴ ജങ്ഷന്‍, സിമന്റ് കവല, പള്ളം, ചിങ്ങവനം, കുറിച്ചി എന്നിവിടങ്ങളിലെല്ലാം അപകടങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും ഇരു ചക്രവാഹനങ്ങളാണ്. അമിത വേഗത്തില്‍ എത്തുന്ന ബസുകളും ലോറികളും അപകടമുണ്ടാക്കുന്ന വാഹനങ്ങളിലേറെയും. നല്ല രീതിയിലുള്ള റോഡായതിനാല്‍ വാഹനങ്ങള്‍ വളരെ വേഗത്തിലായിരിക്കും വരുന്നത്. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.
എം.സി റോഡ് നവീകരിച്ചിട്ടു വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും അപകടങ്ങളുടെ എണ്ണം കുറയാത്തതു യാത്രക്കാരെയും നാട്ടുകാരെയും ആശങ്കയിലാക്കുന്നു.