കോട്ടയം ജില്ലാ പഞ്ചായത്ത് പിടിക്കാൻ പോര് കടുക്കുന്നു. പല ഡിവിഷനുകളിലും ഇത്തവണ വാശിയേറിയ പോരാട്ടം. കേരളാ കോണ്‍ഗ്രസുകള്‍ നേര്‍ക്കു നേര്‍ മത്സരിക്കുന്ന ഡിവിഷനുകളിൽ വീറും വാശിയുമേറിയ പ്രചാരണം. കഴിഞ്ഞ തവണ കിട്ടിയ രണ്ടു സീറ്റും നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ടു ജോസഫ് ഗ്രൂപ്പ്

കേരളാ കോണ്‍ഗ്രസുകള്‍ നേര്‍ക്കു നേര്‍ മത്സരിക്കുന്നതിനാല്‍ അതിരമ്പുഴ, കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി മണ്ഡങ്ങളിലെയും പ്രകടനങ്ങള്‍ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിക്കുന്നവ തന്നെ.

New Update
election

കോട്ടയം: ജില്ലാ പഞ്ചായത്ത് പിടിക്കാൻ പോര് കടുക്കുന്നു. പല ഡിവിഷനുകളിലും ഇത്തവണ വാശിയേറിയ പോരാട്ടമാണു നടക്കുന്നത്. ഭരണം പിടിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് മുന്നണികൾ.

Advertisment

അതിരമ്പുഴ, കുറവിലങ്ങാട്, കടുത്തുരുത്തി, കിടങ്ങൂര്‍, മുണ്ടക്കയം, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി തുടങ്ങിയ ഡിവിഷനുകള്‍ ശക്മായ പോരാട്ടം നടക്കുന്ന ഡിവിഷനുകളാണ്.

 കേരളാ കോണ്‍ഗ്രസുകള്‍ നേര്‍ക്കു നേര്‍ മത്സരിക്കുന്നതിനാല്‍ അതിരമ്പുഴ, കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി മണ്ഡങ്ങളിലെയും പ്രകടനങ്ങള്‍ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിക്കുന്നവ തന്നെ.

കഴിഞ്ഞ തവണ രണ്ടു സ്ഥാനാർഥികളെ മാത്രം വിജയിപ്പിക്കാൻ മാത്രമേ ജോസഫ് ഗ്രൂപ്പിനു കഴിഞ്ഞിരുന്നുള്ളൂ.കുറവിലങ്ങാട്, അതിരമ്പുഴ ഡിവിഷനുകളില്‍ പാര്‍ട്ടിയ്ക്കു നിര്‍ണായകമാണ്.

ഈ ഡിവിഷനുകളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. രണ്ടു സീറ്റും നഷ്ടപ്പെടുമോ എന്നു പോലും ജോസഫ് ഗ്രൂപ്പ് ഭയപ്പെടുന്നു.

കേരളാ കോൺഗ്രസ് എമ്മാകട്ടേ ഒൻപതു സീറ്റിലും ഒരു സ്വതന്ത്രസീറ്റിലും സ്ഥാനാർഥിയെ വിജയിപ്പിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു.

സ്വന്തം ജയത്തിനൊപ്പം മുന്നണിയും ജയിച്ചാല്‍ പ്രസിഡന്റാകാന്‍ സാധ്യതയുള്ളവര്‍ മത്സരിക്കുന്ന വാകത്താനം, മുണ്ടക്കയം, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ മത്സരവും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. 

അധികാരത്തില്‍ തിരികെ എത്തുന്നതില്‍ കവിഞ്ഞൊന്നും കോണ്‍ഗ്രസ് ചിന്തിക്കുന്നതേയില്ല.

ജില്ലാ പഞ്ചായത്തിലേക്കു പരമാവധി പുതുമുഖങ്ങളെ ഇറക്കി  പോരാട്ടം കടുപ്പിക്കുന്നതും അതുകൊണ്ട് തന്നെ.

പുതുമുഖങ്ങള്‍ക്കൊപ്പം ജോഷി ഫിലിപ്പ്, പി. കെ. വൈശാഖ്, പി. ജീരാജ് തുടങ്ങിയ പ്രമുഖരെയും കളത്തില്‍ ഇറക്കിയിട്ടുണ്ട്.

നിയമസഭയിലേക്കു കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്തവണ പ്രചാരണം ഊര്‍ജിതമാക്കുന്നത്. 

കേരളാ കോണ്‍ഗ്രസ് എമ്മിനു ശക്തി തെളിയിക്കുന്നതിനൊപ്പം എല്‍.ഡി.എഫിന് അധികാരം നിലനിര്‍ത്തേണ്ട ആവശ്യവുമുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലെ പ്രവര്‍ത്തന പരിചയത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ളവരെ മത്സരത്തിനു നിയോഗിച്ചതും അതുകൊണ്ടു തന്നെ.

 കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളിലെ ഡിവിഷനുകളിലാണ് പാര്‍ട്ടി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മാണി വിഭാഗത്തെ കൂടെക്കൂട്ടിയതു കൊണ്ട് മാത്രമല്ല കഴിഞ്ഞ തവണ മികച്ച വിജയം നേടിയതെന്നു തെളിയിക്കേണ്ട ബാധ്യതയിലാണ് സി.പി.എം. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം സ്വീകരിച്ചിരിക്കുന്ന കരുതല്‍ സൂചിപ്പിക്കുന്നതും ഇതാണ്.

സീറ്റ് ചര്‍ച്ചയില്‍ ഉള്‍പ്പെടെ സമാധാനപരമായ നിലപാട് സ്വീകരിച്ച സി.പി.ഐ. കഴിഞ്ഞ തവണ ജയിച്ച മൂന്നു സീറ്റും നിലനിര്‍ത്താനുള്ള പരിശ്രമത്തിലാണ്.

Advertisment