കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ബ്ലോക്ക് ഉള്‍പ്പെടെയുള്ളവ ജനുവരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും: മന്ത്രി വീണാ ജോര്‍ജ്

New Update
veena george meeting

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ബ്ലോക്ക് ഉള്‍പ്പെടെയുള്ളവ ജനുവരി മാസത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 

Advertisment

സര്‍ജിക്കല്‍ ബ്ലോക്ക്, പാരാമെഡിക്കല്‍ ഹോസ്റ്റല്‍, കാത്ത് ലാബ്, ബയോഗ്യാസ് പ്ലാന്റ്, നവീകരിച്ച ഒ.പി. വിഭാഗം, ലാക്‌റ്റേഷന്‍ യൂണിറ്റ് തുടങ്ങിയവ നിര്‍മാണം പൂര്‍ത്തിയായി. 

നിലവിലുള്ള ഏഴ് ഓപ്പറേഷന്‍ തീയറ്ററുകള്‍ക്ക് പുറമെ ഏഴെണ്ണം കൂടി പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ബാക്കിയുള്ള ജോലികള്‍ കൂടി പൂര്‍ത്തിയാക്കി എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 

സഹകരണ വകുപ്പ് മന്ത്രി മന്ത്രി വിഎന്‍ വാസവന്‍ യോഗത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. 

36 കോടി രൂപയുടെ കാര്‍ഡിയോളജി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 10 കോടി രൂപയുടെ ഇന്‍ഫെക്ഷ്യസ് ഡിസീസ് ബ്ലോക്കിന്റെ നിര്‍മ്മാണം നടന്നു വരുന്നു. 

പുതിയ മെന്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. എമര്‍ജന്‍സി മെഡിസിനില്‍ പിജി ആരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

നിലവില്‍ ഉപയോഗിക്കാത്ത ഇ.എഫ്.ജി. ബ്ലോക്ക് പൊളിച്ചു നീക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും നിര്‍ദേശം നല്‍കി. 

ആശുപത്രിയിലേക്ക് വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള 110 കെ.വി. സബ്‌സ്റ്റേഷന്റെ നിര്‍മാണം സംബന്ധിച്ച് വൈദ്യുതി മന്ത്രിയെയും കിഫ്ബി പ്രതിനിധികളെയും ഉള്‍പ്പെടുത്തി പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.വി. വിശ്വനാഥന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Advertisment