മേരി ജോണ്‍സ് പ്രഥമ വനിതാ സമ്മേളനം

New Update
V

കോട്ടയം: ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ഓക്‌സിലറിയുടെ വനിതാ വിഭാഗമായ മേരി ജോണ്‍സ് ഫെലോഷിപ്പിന്റെ പ്രഥമ വനിതാ സമ്മേളനം കോതമംഗലം, പുതുപ്പാടി മരിയന്‍ അക്കാദമിയില്‍ നടത്തി. ഡീന്‍ കുര്യാക്കോസ് എം.പി. യോഗം ഉദ്ഘാടനം ചെയ്തു.

Advertisment

സ്ത്രീപുരുഷ സമത്വത്തില്‍ കാലാനുസൃതമായ മാറ്റം സംഭവിക്കുന്ന സന്ദര്‍ഭത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പ്രത്യേകിച്ച് വനിതകളുടെ ഉദ്ധാരണത്തിന് വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഭരണഘടന ഭേദഗതിയിലൂടെ നിരവധി ബില്ലുകള്‍ അവതരിപ്പിക്കുകയും അവയില്‍ ചിലതൊക്കെ പാസാക്കുകയും ചെയ്തുകഴിഞ്ഞു.

ഈ പശ്ചാത്തലത്തില്‍ വനിതകളുടെ ശാക്തീകരണം കുറച്ചുകൂടി പ്രകടമാക്കാന്‍ തക്കവണ്ണം ഒരു ഏകദിന സമ്മേളനം നടത്താന്‍ ബൈബിള്‍ സൊസൈറ്റിയുടെ വനിതാ വിഭാഗം-മേരി ജോണ്‍സ് ഫെല്ലോഷിപ് തയയ്യാറായത് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

'കുടുംബം ഒരു ദൈവിക സംവിധാനം' എന്ന ചിന്താ വിഷയത്തെ ആസ്പദമാക്കി ക്ലാസുകള്‍ നടന്നു. കേരളത്തിലെ 150ല്‍പരം ബ്രാഞ്ചുകളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ സെഷനുകളില്‍ റവ. മാത്യു സ്‌കറിയ (മുന്‍ ഓക്‌സിലിയറി സെക്രട്ടറി), സിസ്റ്റര്‍ എം.എസ്.ജെ.(അഡ്മിനിസ്‌ട്രേറ്റര്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ (ധര്‍മഗിരി, കോതമംഗലം), ലിന്‍സി ടി. വര്‍ഗീസ് (കണ്‍സള്‍ട്ടന്‍സ് സൈക്കോളജിസ്റ്റ്), ഡോ. ലിസി ജോസ് (മുന്‍ വനിതാ കമ്മിഷന്‍ അംഗം), മൂവാറ്റുപുഴ ഡെന്റ് കെയര്‍ സ്ഥാപനത്തിന്റെ ഉടമ ജോണ്‍ കുര്യാക്കോസ് എന്നിവര്‍ ക്ലാസുകള്‍ നടത്തി.

സമാപന സമ്മേളന ഉദ്ഘാടനം ഓക്‌സിലറി പ്രസിഡന്റ് മോസ്റ്റ് റവ. ഡോ. യൂഹാനോന്‍ മോര്‍ ക്രിസോസ്റ്റമസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. നാം നമ്മെ തന്നെ തിരിച്ചറിയുന്നതിലൂടെ ദൈവത്തിലേക്കുള്ള പാത തുറക്കാന്‍ സാധിക്കുന്നു. നാം ആരാണ്, നാം എവിടെ നിന്നു വരുന്നു എന്ന തിരിച്ചറിവ് നമ്മെത്തന്നെ തിരിച്ചറിയാനും അതിലൂടെ നമ്മുടെ അഹന്ത നമ്മില്‍ നിന്ന് ഒഴിഞ്ഞു പോകാനും സഹായിക്കുന്നു. അത്തരത്തിലുള്ള സങ്കല്പം മാനുഷികമായി രൂപപ്പെടുത്തുമ്പോള്‍ അത് ദൈവീകമാകുന്നു എന്ന സത്യം നാം മറന്നു പോകരുത്.

അവനവന്‍ - അവനവനിലേക്ക് തന്നെ തിരിച്ചു പോകണമെങ്കില്‍ നാം ദൈവവചനത്തിലേക്ക് തിരിച്ചു പോകണം. അങ്ങനെയുള്ള ഒരു തിരിച്ചുപോക്കാണ് ബൈബിള്‍ സൊസൈറ്റി ഇവിടെ ഈ വനിത സമ്മേളനത്തിലൂടെ ക്രമീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരള ഓക്‌സിലിയറി സെക്രട്ടറി, റവ. ജേക്കബ് ആന്റണി കൂടത്തിങ്കല്‍, ഷെവ. പ്രഫ. ബേബി എം. വര്‍ഗീസ്, പ്രഫ. ഡോ. ആഷ്‌ലി ജോസഫ്, പ്രഫ. മേരി സി. വര്‍ക്കി, പ്രഫ ഡോ. സി.എന്‍. പൗലോസ്, പ്രഫ. പി.വി. തോമസ് കുട്ടി, ഗ്രേസി ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment