/sathyam/media/media_files/s2LlNc9gjfW0woVsinG7.jpg)
representational image
കോട്ടയം: സവാരി വിളിക്കുന്നതിനെ ചൊല്ലി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ഓട്ടാറിക്ഷാ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ക്കു പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു വിഭാഗം ഓട്ടോ തൊഴിലാളികള്‍ താല്‍കാലികമായി പണിമുടക്കി.
റെയില്‍വേയുടെ അംഗീകൃത സ്റ്റാന്‍ഡില്‍ ഓടുന്ന ഓട്ടോറിക്ഷ തൊഴിലാളികളും റെയില്‍വേയ്ക്ക് പുറത്തു നിന്നെത്തുന്ന ഓട്ടോറിക്ഷ തൊഴിലാളികളും തമ്മിലാണു സംഘര്‍ഷം ഉണ്ടായത്. സ്റ്റാന്‍ഡിനുള്ളിലെ ഓട്ടോക്കാരില്‍ ഒരാള്‍ക്കു പരിക്കേറ്റതായി ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു. ഇന്നലെ രാത്രി 8.30നു ശേഷമായിരുന്നു സംഭവം.
റെയില്‍വേയ്ക്കുള്ളില്‍ പുറത്തു നിന്നെത്തുന്നവര്‍ ഓട്ടോ നിറുത്തിയിടും. ട്രെയിനിറങ്ങി ആളുകള്‍ വരുമ്പോള്‍ അവരെയുമായി സവാരി പോകുന്നതു സ്റ്റാന്‍ഡിലുള്ള മറ്റു ഓട്ടോറിക്ഷ തൊഴിലാളികള്‍ കണ്ടു. പുറത്തു നിന്നെത്തുന്ന ഓട്ടോ, സ്റ്റാന്‍ഡിനകത്ത് ഓട്ടം പിടിക്കരുതെന്നു തൊഴിലാളികള്‍ ഡ്രൈവര്‍ക്കു താക്കീതു നല്‍കി.
ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഓട്ടോ തൊഴിലാളികള്‍ താല്‍കാലികമായി പണിമുടക്കി. ഓട്ടോ തൊഴിലാളികള്‍ റെയില്‍വേ പോലീസിലും കോട്ടയം ഈസ്റ്റ് പോലീസിലും പരാതി നല്‍കി.