കോട്ടയം: കിഴക്കൻ വെള്ളത്തിൻ്റെ വരവ് ശക്തയമായതോടെ മീനച്ചിലാറ്റിൽ ജല നിരപ്പ് ഉയരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ദുർബലമായ മഴ ഇന്നു രാവിലെ മുതൽ ശക്തിയാർജ്ജിച്ചു. തീക്കോയ്, പാലാ, മണിമല, മുണ്ടക്കയം എന്നിവിടങ്ങളിൽ ജലനിരപ്പ് അവകട നിരപ്പിലേക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്. കോട്ടയം നഗരത്തിൻ്റെ താഴ്ന്ന ഭാഗമായ കോടിമതയിൽ മുന്നറിയിപ്പ് നിരപ്പിനു മുകളിലേക്ക് ജലനിരപ്പ് ഉയർന്നു. ഇന്നു ശക്തമായ മഴയാണ് ജില്ലയിൽ പ്രതീക്ഷിക്കുന്നത്. മഴ കണക്കിലെടുത്ത് ജില്ലയിൽ രാത്രി മലയോര മേഖലയിലേക്കുള്ള നിരോധനം ഉൾപ്പടെ തുടരുകയാണ്.
മലയോര മേഖലയിൽ ഇന്നലെ ഉച്ചവരെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കനത്ത മഴയിൽ മൂക്കൻപെട്ടി പാലം മുങ്ങിയിരുന്നു. ചൊവ്വാഴ്ച ഉച്ചവരെ കൈവരികൾ കവിഞ്ഞായിരുന്നു വെള്ളം ഒഴുകിയിരുന്നത്. മഴയ്ക്ക് ശമനം ആയതോടെ ഉച്ചയക്ക് ശേഷം മൂക്കൻപെട്ടി പാലത്തിൽ നിന്ന് വെള്ളം കുറഞ്ഞു തുടങ്ങിയിരുന്നു. ഇന്നു രാവിലെ മുതൽ മഴ വീണ്ടും ശക്തമായത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ശക്തമാകുമ്പോൾ വെൺകുറിഞ്ഞി - കുളമാങ്കുഴി ചെല്ലാന്തറപ്പടി ചപ്പാത്തും കര കവിഞ്ഞു ഒഴുകാൻ സിധ്യതയുണ്ട്. കഴിഞ്ഞ ദിവസവും ഇവിടെ ബൈക്ക് ഒഴുക്കിൽപ്പെട്ടിരുന്നു. നാട്ടുകാരാണ് ബൈക്ക് യാത്രികനെ രക്ഷപെടുത്തിയത്. ഇതുവഴിയുള്ള യാത്ര ജാഗ്രതയോടെ മാത്രമേ പാടുള്ളൂ എന്ന് നാട്ടുകാർ പറയുന്നു.
മഴ ശക്തമായ സാഹചര്യത്തിൽ മഹാത്മാ ഗാന്ധി സർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.. ജില്ലയിലെ അംഗൻവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻ്ററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.