കോട്ടയം: ജില്ലയിലെ മഴ ശക്തം, ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം. ജില്ലയില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ മഴ മുന്നറിയിപ്പ് ഓറഞ്ച് അലേർട്ടായി ഉയർത്തുകയും ചെയ്തു.
ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നു കലക്ടര്‍ ജോണ്‍ കെ. സാമുവല്‍ അറിയിച്ചു. ജില്ലയില്‍ രാവിലെ മുതല്‍ ശക്തമായ മഴയാണ് മലയോര മേഖലയില്‍ ഉള്‍പ്പടെ പെയ്യുന്നത്.
ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചതും രാവിലെയാണ്. ജില്ലയില്‍ ഇന്നലെ രാത്രിയും ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. വാകത്താനം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ മരങ്ങള്‍ റോഡിലേക്കു വീണു ഗതാഗയതം തടസപ്പെട്ടിരുന്നു. തുടര്‍ന്നു രാത്രിതന്നെ റോഡില്‍ വീണ മരങ്ങള്‍ ഫയര്‍ ഫോഴ്സ് ജീവനക്കാര്‍ വെട്ടിമാറ്റി. രാവിലെ കോട്ടയം,മീനച്ചില്‍,ചങ്ങനാശേരി താലൂക്കുകളിയാണ് മഴയും കാറ്റും ശക്തമായി ഉള്ളത്. കൂത്താട്ടുകുളം പാലാ റോഡില്‍ മാരുതി ജങ്ഷന് സമീപം കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. പാലാ സ്വദേശിയായ യുവാവ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.