/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
കോട്ടയം: ജില്ലാ പഞ്ചായത്തിലേക്കുള്ള യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ ഇന്ന് ഉച്ചയ്ക്കു പ്രഖ്യാപിക്കും. ഘക കക്ഷികള്‍ തമ്മിലുള്ള ധാരണ പൂര്‍ണതയിലെത്തിയില്ല. വിജയ സാധ്യതയില്ലാത്ത സീറ്റുകള്‍ നല്‍കിയാല്‍ മുസ്ലിം ലീഗ് മത്സരിച്ചേക്കില്ല.
കേരളാ കോണ്‍ഗ്രസുമായും ലീഗുമായും ചര്‍ച്ചകള്‍ നടക്കുകയാണ്. വെള്ളൂര്‍ സീറ്റ് വിട്ടു നല്‍കാനും പകരം തലനാട് വേണമെന്നും കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. തലനാട് നല്‍കാനാവില്ലെന്നു കോണ്‍ഗ്രസ് പറഞ്ഞതോടെ തലയാഴം വേണമെന്ന ആവശ്യവും കോണ്‍ഗ്രസ് നിരസിച്ചതോടെയാണു തര്‍ക്കം തുടരുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച എട്ടില്‍ നിന്ന് ഏഴിലേക്ക് ഒതുങ്ങാന്‍ തീരുമാനിച്ചിട്ടും കോണ്‍ഗ്രസ് അവഗണിക്കുന്നുവെന്ന പരാതി കേരളാ കോണ്‍ഗ്രസിനുണ്ട്.
വേണമെങ്കില്‍ വെള്ളൂരില്‍ മത്സരിക്കാമെന്നാണു കോണ്‍ഗ്രസ് നിലപാട്. എന്നാല്‍, ഇവിടെ അനുയോജ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കേരളാ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല.
ലീഗിനു ഒരു ഡിവിഷന്‍ നല്‍കാമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഏതു സീറ്റാണെന്ന് ഇതുവരെയും പറഞ്ഞിട്ടില്ല. വിജയ സാധ്യതയില്ലാത്ത സീറ്റുകള്‍ നല്‍കിയാല്‍ മത്സരിക്കേണ്ടതില്ലെന്നാണു ലീഗ് തീരുമാനം.
അതേസമയം ഇന്നും നാളെയും ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ നോമിനേഷനുകള്‍ സമര്‍പ്പിക്കും.എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സിറ്റിങ്ങ് മെമ്പര്‍മാര്‍, മുന്‍ മെമ്പര്‍മാര്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, യുവജന നേതാക്കള്‍ എന്നിവരെ അണിനിരത്തി എല്‍.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി പട്ടിക.
നിലവിലെ പ്രസിഡന്റ് ഹേമലതാ പ്രേംസാഗര്‍ കങ്ങഴ ഡിവിഷനില്‍ നിന്നും സിറ്റിങ്ങ് മെമ്പര്‍ മഞ്ചു സുജിത്ത് തൃക്കൊടിത്താനം ഡിവിഷനില്‍ നിന്നും വീണ്ടും മത്സരിക്കും. ഇരു വാര്‍ഡുകളും ജനറലായി മാറിയെങ്കിലും സീറ്റ് നിലനിര്‍ത്താന്‍ ഇരുവരെയും മത്സരിപ്പിക്കാന്‍ മുന്നണികള്‍ തീരുമാനിക്കുകയായിരുന്നു.
മുന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. രാജേഷ് മുണ്ടക്കയത്തു നിന്നും പെണ്ണമ്മ ജോസഫ് ഭരണങ്ങാനത്തു നിന്നും മിനി സാവിയോ പൂഞ്ഞാറില്‍ നിന്നും അമ്മിണി തോമസ് തലനാട് നിന്നും മത്സരിക്കും.
പാമ്പാടി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഡാലി റോയി പാമ്പാടി ഡിവിഷനില്‍ നിന്നും കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ കിടങ്ങൂരില്‍ നിന്നും കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റായിരുന്ന സൈനമ്മ ഷാജു കടുത്തുരുത്തിയിലും വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഷിബി മത്തായി ഉഴവൂരിലും മത്സരിക്കും.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോളി മടുക്കക്കുഴി കാഞ്ഞിരപ്പള്ളിയില്‍ നിന്നും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.സി. കുര്യന്‍ കുറവിലങ്ങാട്ട് നിന്നും മത്സരിക്കും. കുറിച്ചിയില്‍ നിന്നു മത്സരിക്കുന്ന സുമാ എബി നിലവില്‍ പഞ്ചായത്ത് മെമ്പറാണ്.
കുമരകത്ത് നിന്നു മത്സരിക്കുന്ന അഗ്രിസ് സദാശിവന്‍ അഭിഭാഷകനും പൊന്‍കുന്നത്ത് മത്സരിക്കുന്ന ബി. സുരേഷ് കുമാര്‍ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയുമാണ്.
വൈക്കത്തു നിന്നു മത്സരിക്കുന്ന എം.കെ. രാജേഷ് എ.ഐ.എസ്.എഫ് നേതാവും വാകത്താനത്തു മത്സരിക്കുന്ന ഡോ. ജയ്‌മോന്‍ പി.ജേക്കബ് അധ്യാപക സംഘടനാ നേതാവുമാണ്. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവാണ് അതിരമ്പുഴയില്‍ മത്സരിക്കുന്ന ജിം അലക്‌സ്. അയര്‍ക്കുന്നത്തു മത്സരിക്കുന്ന ജിലു ജോണ്‍ സംരംഭകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us