വെള്ളൂരില്‍ എയിംസിന് ഭൂമിയില്ലേ....അപ്പോള്‍ ആ 318 ഏക്കര്‍ എവിടെ? ഭൂമിയില്ലെന്ന വ്യവസായ മന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമെന്നു ജനങ്ങൾ

എയിംസിനു വെള്ളൂരില്‍ സ്ഥലം ലഭ്യമല്ലെന്നു വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം നിയമ സഭയില്‍ നടത്തിയ പ്രസ്താവനക്കെതിരെ ജനങ്ങൾ

New Update
rajeev

കോട്ടയം: എയിംസിനു വെള്ളൂരില്‍ സ്ഥലം ലഭ്യമല്ലെന്നു വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം നിയമ സഭയില്‍ നടത്തിയ പ്രസ്താവനക്കെതിരെ ജനങ്ങൾ. എയിംസിനായി വെള്ളൂരിലെ സ്ഥലം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു സികെ. ആശ എം.എല്‍.എയുടെ സബ്മിഷനില്‍ ഇടപ്പെട്ടു സംസാരിച്ചപ്പോഴാണു വെള്ളൂരില്‍ സ്ഥലം ലഭ്യമല്ലെന്നു മന്ത്രി പറഞ്ഞത്. 

Advertisment

പഴയ എച്ച്എന്‍എല്ലിന്റെ 692 ഏക്കര്‍ ഭൂമിയാണു വെള്ളൂര്‍ വില്ലേജില്‍ മാത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. അതില്‍ നൂറ് ഏക്കറിലാണു പേപ്പര്‍മിൽ സ്ഥിതി ചെയ്യുന്നത്. നൂറേക്കറില്‍ നിലം പൊത്താറായ പഴയ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങള്‍, 164 ഏക്കര്‍ കെ.ആര്‍എല്‍നായി നല്‍കി. ബാക്കി 318 ഏക്കര്‍ ഭൂമി ഇവിടെയുണ്ട്.

എയിംസിനു വേണ്ടതാകട്ടെ 200 ഏക്കര്‍ മാത്രവും. ഇതാണു യാഥാര്‍ഥ്യമെന്നിരിക്കെ മന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നു വെള്ളൂരിലെ ജനങ്ങള്‍ പറയുന്നു. പ്രാദേശിക ബി.ജെ.പി നേതൃത്വവും വിഷയം ഏറ്റെടുത്തിട്ടുണ്ട്.  

സബ് മിഷന്‍ ഉന്നയിച്ച വൈക്കം എം.എല്‍.എ അടക്കം ഈ സബ് മിഷന്‍ ഒരു നാടകമായി കാണുകയാണെന്നും ബി.ജെ.പി നേതൃത്വം ആരോപിക്കുന്നു. വൈക്കം എം.എല്‍.എ സബ് മിഷന്‍ ഉന്നയിച്ചത് ആത്മാര്‍ഥതയോടെയാണെങ്കില്‍ പി. രാജീവിനെതിരെ അവകാശലംഘനത്തിനു നടപടി സ്വീകരിക്കണമെന്നാണു ബി.ജെ.പി ആവശ്യം.

കോട്ടയം വെള്ളൂരിലുള്ളത് എയിംസിന് അനുകൂലമായ ഭൂമി

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും വരാന്‍ പോകുന്ന ശബരി വിമാനത്താവളത്തില്‍ നിന്നും ഏതാനും കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ എത്താന്‍ സാധിക്കുന്ന കോട്ടയം വെള്ളൂരിലാണ് ഈ ഭൂമിയുള്ളത്. 200 ഏക്കര്‍ സ്ഥലമാണ് എയിംസിനായി ആകെ വേണ്ടത്. വെള്ളൂരിലെ കെ.പി.പി.എല്ലിന്റെ സ്ഥലത്തു നിന്നും ഇത് അനുവദിച്ചു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നു മാത്രം.

വെള്ളൂരില്‍ ഗതാഗത സൗകര്യങ്ങള്‍ ഏറെയാണ്. റെയില്‍ ഗതാഗതത്തിനായി പിറവം റോഡ് റെയില്‍വേ സ്റ്റേഷനുണ്ട്. റോഡ് മാര്‍ഗം കോട്ടയം എറണാകുളം റൂട്ടില്‍ തലപ്പാറ, വെട്ടിക്കാട്ടുമുക്ക് എന്നിവിടങ്ങളില്‍ നിന്ന് 5 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ വെള്ളൂരില്‍ എത്താം. കൊച്ചി വിമാനത്താവളത്തിലേക്ക് 56 കിലോമീറ്റര്‍ മാത്രമാണു ദൂരം.

ശുദ്ധജല സ്രോതസായ മൂവാറ്റുപുഴയാര്‍ ഒഴുകുന്നതു വെള്ളൂരിലൂടെയാണ്. കേരളത്തില്‍ ഏറ്റവുമധികം സാംക്രമിക രോഗികള്‍ ഉള്ളത് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്. ഈ രണ്ടു ജില്ലകളും വൈക്കം താലൂക്കുമായി അതിര്‍ത്തി പങ്കിടുന്നു.

 എയിംസിലൂടെ ഫലപ്രദമായ രോഗ നിവാരണം, പ്രതിരോധം എന്നിവ സാധ്യമാകും. അന്തരീക്ഷ മലിനീകരണം ഇല്ലാത്ത ശുദ്ധജലം ലഭിക്കുന്ന തുറസായ ഗ്രാമപ്രദേശങ്ങളില്‍ ആയിരിക്കണം എയിംസ് സ്ഥാപിക്കേണ്ടത് എന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് അനുയോജ്യം വെള്ളൂരാണ്.

വെള്ളൂര്‍ പഞ്ചായത്തു നിവാസികള്‍ 40 വര്‍ഷം മുന്‍പ് വളരെ പ്രതീക്ഷകളോടെ തുച്ഛമായ വിലയ്ക്ക് അഞ്ഞൂറിലധികം ഏക്കര്‍ ഭൂമി പേപ്പര്‍ ഫാക്ടറിക്കു വേണ്ടി വിട്ടുകൊടുത്തതാണ്. എന്നാല്‍, അതിന്റെ കാര്യമായ പ്രയോജനം ഇവിടെയുള്ള ജനങ്ങള്‍ക്കു കിട്ടിയില്ല.

എയിംസ് വെള്ളൂരില്‍ യാഥാര്‍ഥ്യമായാല്‍ അനേകം തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഗതാഗതം, ജലം, വൈദ്യുതി, ഭൂമി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കു സര്‍ക്കാരിന്റേതായി തന്നെ സംവിധാനങ്ങള്‍ ഉള്ളതിനാല്‍ പണച്ചെലവും നിര്‍മാണത്തിലുള്ള കാലതാമസവും കുറയ്ക്കാം. വരാന്‍ പോകുന്ന ശബരി വിമാനത്താവളം കൂടി വെള്ളൂരിന് അനുകൂലമാണ്.

കോട്ടയം , എറണാകുളം ജില്ലയുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണു വെള്ളൂര്‍, നേരേകടവ്  മാക്കേക്കടവ് പാലം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ആലപ്പുഴ ജില്ലക്കാര്‍ക്കും ഇവിടേക്ക് എത്തിപ്പെടാന്‍ ഏറെ എളുപ്പമാണ്. വെള്ളൂരില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്.

kottayam
Advertisment