/sathyam/media/media_files/2025/09/25/vikasana-sdass-2025-09-25-19-15-46.jpg)
കോട്ടയം: വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിനും പുത്തൻ ആശയങ്ങൾ അവതരിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്ന വികസന സദ്ദസ്സിന് കോട്ടയം ജില്ലയിൽ സെപ്റ്റംബർ 26ന് തുടക്കമാകുന്നു. ആദ്യ വികസന സദസ്സ് രാവിലെ 10.30ന് അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ 2021-25 വർഷത്തെ പ്രോഗ്രസ്സ് റിപ്പോർട്ട് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പ്രകാശനം ചെയ്യും.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മുഖ്യപ്രഭാഷണം നടത്തും.
തൃതല പഞ്ചായത്ത്, ജനപ്രതിനിധികൾ, ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും. ഹരിത കർമസേനാംഗങ്ങൾ, അങ്കണവാടി ജീവനക്കാർ ആശാ പ്രവർത്തകർ, കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങൾ, 2024-25 വർഷം തൊഴിലുറപ്പിൽ 100 ദിനം പൂർത്തിയാക്കിയവർ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും.
അടിസ്ഥാന സൗകര്യ വികസനം, ലൈഫ്, കൃഷി, മാലിന്യ സംസ്‌കരണം തുടങ്ങി വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച്ചവച്ച കാലഘട്ടത്തിനു ശേഷമാണ് അകലക്കുന്നം ഗ്രാമപഞ്ചായത്ത് വികസന നേട്ടങ്ങൾ പൊതുജനങ്ങളുമായി ചർച്ച ചെയ്യുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പും വിവരപൊതുജനസമ്പർക്ക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്സ്, ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒക്ടോബർ 20 വരെ വിവിധ ദിവസങ്ങളിൽ നടക്കും.
വികസന സദസ്സിലെ ചർച്ചകളുടെ വിശദാംശങ്ങളും അവതരിപ്പിക്കപ്പെടുന്ന പുതിയ ആശയങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന സർക്കാരിന് സമർപ്പിക്കും.