/sathyam/media/media_files/2025/10/13/car-2025-10-13-18-50-44.jpg)
കോട്ടയം: കുമരകം നിവാസികള്‍ യാത്രാ ദുരിതത്തിനു പരിഹാരമായി കുമരകം കോണത്താറ്റു പാലവും തുറന്നു. മന്ത്രി വി.എന്‍. വാസവന്‍ സന്ദര്‍ശിച്ച ശേഷമാണ് പാലം തുറന്നത്.
മന്ത്രിയുടെ വാഹനമാണ് ആദ്യം പാലം കയറി മറുകരയെത്തിയത്. ഇന്നു മുതല്‍ ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പാലത്തിലൂടെ കടത്തിവിട്ടു. നിലവില്‍ വണ്‍ വേ ആയാണു പാലം തുറന്നിരിക്കുന്നത്.
കുമരകം ഭാഗത്തു നിന്നുള്ള വാഹനങ്ങളാണു പാലത്തിലൂടെ കടത്തിവിടുക. കോട്ടയത്തുനിന്നുള്ള വാഹനങ്ങള്‍ താല്‍ക്കാലിക ബണ്ട്റോഡിലൂടെ ഗുരുമന്ദിരം റോഡു വഴി സഞ്ചരിക്കണം. ഹോസ്പിറ്റല്‍ റോഡിലൂടെ കറങ്ങി പോകേണ്ടതില്ല.
കോട്ടയം - വൈക്കം, കോട്ടയം ചേര്‍ത്തല തുടങ്ങിയ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ ഇനി മുതല്‍ കുമരകത്തു യാത്ര അവസാനിപ്പിക്കേണ്ടതില്ല. പാലത്തിന്റെ പ്രവേശന പാതയുടെ പകുതി ഭാഗത്തുകൂടി മാത്രമെ ഗതാഗതം ഇപ്പോള്‍ അനുവദിക്കു.
കോട്ടയം ഭാഗത്തെ പ്രവേശന പാതയുടെ ഒരുവശത്തെ സംരക്ഷണ കല്‍ഭിത്തിയുടെ ഒമ്പതു മീറ്റര്‍ നീളം ഇനിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതു നിര്‍മിച്ച ശേഷം വീണ്ടും പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു പ്രവേശന പാത ടാര്‍ ചെയ്യും.