/sathyam/media/media_files/2025/09/27/lal-jose-2025-09-27-13-24-47.jpg)
കുറവിലങ്ങാട്: വായന ഭാവനാലോകത്തെ സമ്പന്നമാക്കുമെന്ന് പ്രശസ്ത ചലച്ചിത്രസംവിധായകൻ ലാൽ ജോസ് അഭിപ്രായപ്പെട്ടു.
'സംവിധായകനോ സാഹിത്യകാരനോ മാത്രം ആവശ്യമുള്ളതല്ല വായന. ഇക്കാലത്ത് റീൽസും ടിക്ടോകും നമ്മുടെ കാഴ്ചയെ പരിമിതപ്പെടുത്തുമ്പോൾ വായനയ്ക്ക് അതിനെ മറികടക്കാനുള്ള ശേഷിയുണ്ട്. കാരണം സാഹിത്യം വിപുലമായ വ്യാഖ്യാനസാധ്യതയെ ഉൾക്കൊള്ളുന്നു. അപരിചിതദേശങ്ങളെയും വ്യക്തികളെയും പരിചയപ്പെടുത്തുന്നു' .
' അനുഭവങ്ങളുടെ കലവറയായ കാമ്പസ് ജീവിതവും പ്രധാനമാണ്. പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള കരുത്താർജ്ജിക്കേണ്ടത് അവിടെനിന്നാണ്. നല്ലൊരു ആസ്വാദകനും നിരീക്ഷകനുമായിരിക്കുക എന്നത് ജീവിതവിജയത്തിന് അനിവാര്യമാണ്', അദ്ദേഹം പറഞ്ഞു.
ഒറ്റപ്പാലം എൻ എസ് എസ് കോളേജിലെ പഠനകാലവും ഒറ്റപ്പാലം എന്ന ദേശത്തെ ജീവിതവും അവിടെനിന്ന് ലഭിച്ച അറിവനുഭവങ്ങളുമാണ് ലാൽ ജോസ് എന്ന ചലച്ചിത്രകാരനെ രൂപപ്പെടുത്തുന്നതിൽ ഗണ്യമായ പങ്കുവഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ യൂണിയൻ പ്രവർത്തനങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് യൂണിയൻ ചെയർമാൻ ശ്രീ ബേസിൽ ബേബി അധ്യക്ഷത വഹിച്ചു.
യോഗത്തിൽ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ റവ. ഫാ. ജോസഫ് മണിയഞ്ചിറ ,ഡോ പ്രിയ ജോസഫ്, ഡോ റെന്നി എ. ജോർജ്, ജിൻസൺ സോണി എന്നിവർ സംസാരിച്ചു.