/sathyam/media/media_files/2025/09/22/vidyanikethan-2025-09-22-14-16-19.jpg)
കങ്ങഴ: മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിൽ നടന്ന വാർഷിക കായികമേളയിൽ കായിക പ്രതിഭകളുടെ മികച്ച പ്രകടനം. കുട്ടികളുടെ മാർച്ച് പാസ്റ്റ്, മാസ്സ് ഡ്രിൽ പ്രകടനങ്ങളോടെയാണ് കായികമേളയ്ക്ക് തുടക്കമായത്.
കേരള ക്രിക്കറ്റ് ലീഗ് ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗർ ടീമിലും, കുവൈറ്റ് ദേശീയ ക്രിക്കറ്റ് ടീമിലും അംഗമായിരുന്ന അഖിൽ സജീവ്, ദീപശിഖ തെളിയിച്ച് കായിക മേള ഉദ്ഘാടനം ചെയ്തു. കായിക വിനോദം ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് ഏറ്റവും നല്ല ഔഷധമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ ഏറ്റവും മനോഹരമായ വിദ്യാഭ്യാസ കാലഘട്ടം ആഘോഷമാക്കണമെന്നും, വലിയ സ്വപ്‌നങ്ങൾ കാണണമെന്നും അഖിൽ സജീവ് കുട്ടികളെ ഓർമ്മിപ്പിച്ചു.
സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ അഖില ജോസഫ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ആൻസി മാത്യു പതാക ഉയർത്തി. സ്കൂളിൽ നിന്നുള്ള ദേശീയ, സംസ്ഥാന കായിക താരങ്ങൾ ദീപശിഖപ്രയാണത്തിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ്ബോയ് അഭിനവ് ബി. കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാവിയോ ജോജി, മുഹ്സിന അഷറഫ് എന്നിവർ സംസാരിച്ചു..
കുട്ടികളുടെ കലാപ്രകടനങ്ങളും സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന വിവിധ കായികമത്സരങ്ങളും കായികമേളയ്ക്ക് തിളക്കമേകി. കായികമേളയിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ വിദ്യാർത്ഥികൾക്ക് അഖിൽ സജീവ് സമ്മാനങ്ങൾ വിതരണം ചെയ്തു.