കൊച്ചി: മലയാറ്റൂർ ഇല്ലിതോട്ടിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി അമ്മയാന. ഇന്നു പുലർച്ചെയാണ് കുട്ടിയാന കിണറ്റിൽ വീണത്. കാട്ടാനക്കൂട്ടത്തിന്റെ ശബ്ദം കേട്ടാണ് നാട്ടുകാർ എത്തിയത്.
കുട്ടിയാന കിണറ്റിൽ വീണതോടെ കാട്ടാനക്കൂട്ടം കിണറിന്റെ പരിസരത്ത് നിലയുറപ്പിച്ചു. നാട്ടുകാർ ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും കാട്ടാനക്കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നതിനാൽ രക്ഷാപ്രവർത്തനം നടത്താനായില്ല. പടക്കം പൊട്ടിച്ചും മറ്റും കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമം നടത്തി.
എന്നാൽ ഇതിനിടെ കുട്ടിയാനയെ അമ്മയാന വലിച്ചു കര കയറ്റി. കിണറിന്റെ തിണ്ട് കാലുകൊണ്ട് ഇടിച്ച് മണ്ണ് താഴേക്ക് ഇട്ടാണ് അമ്മയാന കുട്ടിയാനയെ രക്ഷപ്പെടുത്തിയത്. പിന്നാലെ കാട്ടാനക്കൂട്ടം കാടു കയറി.
അതേസമയം, പ്രദേശത്ത് ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു.
പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നും പല തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിത്.