പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു, പൊലീസ് പ്രതിക്കൂട്ടിൽ: സ്റ്റീഫൻ മരിച്ചത് വിദേശത്തായിരുന്ന ഭാര്യ നാട്ടിലെത്തിയ ദിവസം

ഭാര്യ നാട്ടിൽ എത്തിയതിൻ്റെ സന്തോഷത്തിലിരിക്കെയാണ് സ്റ്റീഫനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. സ്റ്റീഫനും മക്കൾക്കും സർപ്രൈസ് കൊടുക്കാൻ അവരോട് പറയാതെയാണ് മഞ്ജു നാട്ടിൽ എത്തിയത്.

New Update
stephan

കടുത്തുരുത്തി: വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു. ഞീഴൂര്‍ മഠത്തിപ്പറമ്പ് കുറവംപറമ്പില്‍ സ്റ്റീഫന്‍ ചാണ്ടി (51)ആണു മരിച്ചത്. ഇറ്റലിയിലായിരുന്ന ഭാര്യ മഞ്ജു അവധിക്കു നാട്ടിലെത്തിയ ദിവസം തന്നെയാണു സറ്റീഫന്റെ മരണം.

Advertisment

ഭാര്യ നാട്ടിൽ എത്തിയതിൻ്റെ സന്തോഷത്തിലിരിക്കെയാണ് സ്റ്റീഫനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. സ്റ്റീഫനും മക്കൾക്കും സർപ്രൈസ് കൊടുക്കാൻ അവരോട് പറയാതെയാണ് മഞ്ജു നാട്ടിൽ എത്തിയത്. മണിക്കൂറുകൾ കഴിയും മുൻപേ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും ഉടൻ വരാമെന്നു പറഞ്ഞു  സ്റ്റീഫൻ വീട്ടിൽ നിന്നു ഇറങ്ങുകയായിരുന്നു. 

വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണു സംഭവം. സ്റ്റീഫനെ ഞീഴൂര്‍ സ്വദേശിയുടെ പരാതിയില്‍ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ പോലീസ്, സ്റ്റീഫനും പരാതിക്കാരനും തമ്മില്‍ സംസാരിക്കാന്‍ അവസരമുണ്ടാക്കി അതിനുശേഷം പുറത്തേക്കിറങ്ങിയ സ്റ്റീഫന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കടുത്തുരുത്തി സഹകരണ ആശുപത്രിയിലും പിന്നീട് കാരിത്താസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിക്കൂട്ടിലാകുകയും ചെയ്തു.   

സാമ്പത്തിക വിഷയങ്ങളില്‍ പോലീസിന് ഇടപെടാന്‍ സാധ്യമല്ലെന്ന ഔദ്യോഗിക നിയമത്തെ മറികടന്നാണു സ്റ്റീഫനുമേല്‍ പോലീസ് സമ്മര്‍ദം ചെലുത്തിയതെന്നാണ് ആരോപണം. മുൻപ് പറഞ്ഞു തീർത്ത വിഷയത്തിൽ പോലീസ് വീണ്ടും ചർച്ചയ്ക്ക് വിളിപ്പിക്കുകയായിരുന്നു എന്നു കുടുംബം പറയുന്നു.

 കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ട് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. സ്റ്റേഷനില്‍ കുഴഞ്ഞുവീണ സ്റ്റീഫനു മതിയായ ചികിത്സ ലഭ്യമാക്കില്ലെന്നും ഇവര്‍ ആരോപണം ഉന്നയിച്ചു.

സ്റ്റീഫന്റെ സംസ്‌ക്കാരം നാളെ  നാലിനു ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ നടക്കും. ഭാര്യ മഞ്ജു സ്റ്റീഫന്‍, കല്ലറ പുന്നക്കാട്ട് കുടുംബാംഗം. മക്കള്‍ - എയ്ഞ്ചല്‍ സ്റ്റീഫന്‍, ചിഞ്ചു സ്റ്റീഫന്‍, മിന്‍സാര സ്റ്റീഫന്‍.

kottayam death police station
Advertisment