കോട്ടയം: കോട്ടയം മള്ളുശ്ശേരിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ബന്ധിയാക്കി സ്വര്‍ണവും പണവും മോഷ്ടിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അരുണ്‍ ബാബുവാണ് അറുപത്തിയഞ്ചുകാരിയായ സോമ ജോസിന്റെ വീട്ടില്‍ മോഷണ നടത്തിയത്. സോമ ജോസിന്റെ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രതി അരുണ്‍ ബാബു സോമ ജോസിന്റെ വീട്ടിലെത്തിയത്. വീടിന് അടുത്ത് തന്നെ താമസിക്കുന്ന അരുണ്‍ ബാബുവിനെ കണ്ടിട്ട് ആദ്യം സോമയ്ക്ക് സംശയമൊന്നും തോന്നിയില്ല. പിന്നീട് പ്രതി വീടിനകത്തേക്ക് കയറി.
കയ്യിലുണ്ടായിരുന്ന കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. പേടിച്ച് വിറച്ച് സോമ ബഹളം വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കസേരയില്‍ തുണികൊണ്ട് കെട്ടിയിട്ടു. സോമയുടെ സ്വര്‍ണവും രണ്ടായിരം രൂപയുമാണ് പ്രതി ആവശ്യപ്പെട്ടത്. കൊടുക്കില്ല എന്ന് സോമ പറഞ്ഞതോടെ കഴുത്തില്‍ കിടന്ന മൂന്ന് പവന്റെ മാല പൊട്ടിച്ചെടുത്തു.
വീട്ടിലുണ്ടായിരുന്ന 1250 രൂപയും കൈക്കലാക്കി. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു പ്രതിയുടെ ഭീഷണി. മോഷണത്തിന് ശേഷം ഏറെ സമയം അരുണ്‍ ബാബു സോമയുടെ വീട്ടില്‍ തന്നെ നിന്നു.
രാത്രിയോടെയാണ് പ്രതി വീട്ടില്‍ നിന്ന് പോയത്. ഒറ്റപ്പെട്ട പ്രദേശത്ത് താമസിക്കുന്ന സോമ പ്രതിയെ പേടിച്ചിട്ട് ആരോടും സംഭവം പറഞ്ഞില്ല. ഒടുവില്‍ വീടിനടുത്തുള്ള ഒരാള്‍ വഴിയാണ് ഗാന്ധിനഗര്‍ പൊലീസിന് പരാതി നല്‍കിയത്.