കോട്ടയം: ഓണം ഇക്കുറി കുടുംബശ്രീയോടൊപ്പം, പൂ മുതല്‍ ശര്‍ക്കരവരട്ടിയും പായസ കിറ്റുമെല്ലാം തയാറാക്കിയാണ് ഇക്കുറി ഓണത്തെ വരവേല്‍ക്കാന്‍ കുടുംബശ്രീ മുന്നോട്ടു വന്നിരിക്കുന്നത്.. ഓണ വിഭവങ്ങളില്‍ പരമാവധി നാടന്‍ വിഭവങ്ങള്‍ തന്നെ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുടെ ശ്രമം. പൂക്കളും ഉപ്പേരിയും പച്ചക്കറിയുമെല്ലാം ഇത്തവണ കുടുംബശ്രീയുടേത് വകയായി ഓണം വിപണിയില്‍ ഉണ്ടാകും. കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കുന്ന ഉപ്പേരിയും ശര്‍ക്കരവരട്ടിയും പായസവും പച്ചക്കറികളും ഇത്തവണ ഓണത്തിനുണ്ട്.
വിവിധയിനം കറിപ്പൊടികള്‍, വെളിച്ചെണ്ണ, കുടുംബശ്രീ അംഗങ്ങള്‍ ഉത്പ്പാദിപ്പിച്ച പച്ചക്കറികള്‍ എന്നിങ്ങനെ ഉത്പന്നങ്ങളുടെ പട്ടിക നീളുന്നു. കുടുംബശ്രീയുടെ ലൈവ്ലി ഫുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സഫര്‍മേഷന്‍ എന്ന പദ്ധതി പ്രകാരം ക്ലസ്റ്റര്‍ രൂപീകരിച്ചാണ് ഉത്പ്പാദനം. ഫ്രഷ് ബൈറ്റ്സ് എന്ന പേരിലാണ് ഉപ്പേരി, ശര്‍ക്കരവരട്ടി എന്നിവ പുറത്തിറക്കുന്നത്. 100, 250 ഗ്രാം പാക്കറ്റുകള്‍ ലഭിക്കും.
കുടുംബശ്രീ കര്‍ഷകസംഘങ്ങളുടെ പൂക്കൃഷി നിറപ്പൊലിമ 2024 പദ്ധതി മുഖേനയാണ് പൂകൃഷി ജില്ലയില്‍ ആരംഭിച്ചത്. ജില്ലയില്‍ 105 ഏക്കറിലായിരുന്ന പൂ കൃഷി. 11 ബ്ലോക്കുകളിലായി 78 സി.ഡി.എസുകളിലാണ് പൂച്ചെടികള്‍ നട്ടത്. ഏറ്റുമാനൂര്‍, ഉഴവൂര്‍, ഈരാറ്റുപേട്ട, ളാലം, പള്ളം, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, വൈക്കം, മാടപ്പള്ളി, വാഴൂര്‍ എന്നീ ബ്ലോക്കുകളിലെ വിവിധ കുടുംബശ്രീകള്‍ സജീവമായി രംഗത്തുണ്ടായിരുന്നു.
ചിലയിടങ്ങില്‍ രണ്ടര ഏക്കറില്‍ വരെയായിരുന്നു പൂകൃഷി. ഓണം വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ള ജമന്തി, മുല്ലപ്പൂ, ചെണ്ടുമല്ലി, വാടാമുല്ല എന്നിവയായിരുന്നു ഏറെയും. ചിലയിടങ്ങളില്‍ മഴയും കാറ്റും നാശം വിതച്ചുവെങ്കിലും മറ്റിടങ്ങളില്‍ പൂക്കള്‍ വിളവെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. കൃഷി വകുപ്പില്‍ നിന്നും സ്വകാര്യ നഴ്സറി, കുടുംബശ്രീ നഴസ്റി എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച അത്യുല്‍പ്പാദന ശേഷിയുള്ള വിത്തുകളാണ് കൃഷിയിറക്കിയത്. പായിപ്പാട്, മാടപ്പള്ളി, വാഴപ്പള്ളി, തൃക്കൊടിത്താനം എന്നിവിടങ്ങളില്‍ പൂക്കളുടെ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
മാര്‍ക്കറ്റ് വിലയെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇവിടെ നിന്ന് പൂക്കള്‍ ലഭിക്കുകയെന്നതാണ് മറ്റൊരു പ്രത്യേകത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂള്‍ കോളജ്, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൂക്കള്‍ വിപണനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.കുടുംബശ്രീ ചന്തകളിലും ഓണത്തോടനുബന്ധിച്ചുള്ള പ്രദേശിക വിപണികളിലും കുടുംബശ്രീ പൂക്കള്‍ ലഭ്യമാകും. കൃഷിസ്ഥലങ്ങളില്‍ നിന്ന് നേരിട്ട് പൂവ് വിപണനം നടത്തും. അതാത് ബ്ലോക്കുകളില്‍ നിന്ന് കൂടാതെ, മറ്റ് ബ്ലോക്കുകളില്‍ നിന്നും പൂക്കള്‍ ആവശ്യമുള്ളവര്‍ക്ക് വാങ്ങിക്കാം.
ഇതിനൊപ്പമാണ് മറ്റ് ഓണ വിഭവങ്ങളും കുടുംബശ്രീ വില്‍പ്പനയ്ക്കു തയാറാക്കി കഴിഞ്ഞു.
തെരഞ്ഞെടുത്ത 32 കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിപണനമേളയുമുണ്ട്. കൃഷി ഭവന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.