പാലായിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. ഡെമ്മി ഡ്രൈവറെ ഇറക്കി രക്ഷപെടാനുള്ള നീക്കം പൊലീസ് പൊളിച്ചിരുന്നു

അന്വേഷണം തെറ്റിധരിപ്പിച്ചതിന് കാർ ഉടമയ്‌ക്കെതിരേയും മനുവിനെതിരേയും പ്രത്യേകം കേസുകൾ എടുത്തു

New Update
police vehicle


പാലാ : പാലായിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചിട്ടും കാറോടിച്ചയാളെ കണ്ടെത്താനാകാതെ പോലീസ്.  

Advertisment

കാറുടമയ്ക്കായി അന്വേഷണം വ്യാപകമാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതി പാലാ ആനിത്തോട്ടത്തിൽ ജോർജ്കുട്ടിയെ പോലീസ് തിരയുകയാണ്.

പാലാ മുണ്ടുപാലം പുത്തേട്ടുകുന്നേൽ ഉലഹന്നാൻ ജോസിന്റെ ഭാര്യ റോസമ്മ (66) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ചിന് രാത്രി 10.30 ഓടെയാണ് പാലാ സിവിൽ സ്‌റ്റേഷന് സമീപം അപകടമുണ്ടായത്. അപകടത്തിനുശേഷം കാർ നിർത്താതെ ഓടിച്ചുപോയി.

സിസിടിവി ദൃശ്യത്തിലൂടെ കാറിന്റെ നമ്പർ പോലീസിന് ലഭിച്ചിരുന്നു. പിറ്റേന്ന് കാറുടമ മുണ്ടുപാലം ആനിത്തോട്ടത്തിൽ ജോർജുകുട്ടി കാർ ഓടിച്ചിരുന്ന ഡ്രൈവർ എന്ന വ്യാജേന ഭരണങ്ങാനം സ്വദേശി മനുവിനെ (35) സ്‌റ്റേഷനിൽ ഹാജരാക്കിയിരുന്നു. അന്വേഷണത്തിൽ ഇയാൾ അല്ല കാറോടിച്ചെന്നു കണ്ടെത്തിയിരുന്നു.

അന്വേഷണം തെറ്റിധരിപ്പിച്ചതിന് കാർ ഉടമയ്‌ക്കെതിരേയും മനുവിനെതിരേയും പ്രത്യേകം കേസുകൾ എടുത്തു. അപകടം സൃഷ്ടിച്ച് വാഹനം നിർത്താതെ പോയതിനും വ്യാജപ്രതിയെ ഹാജരാക്കി പോലീസിനെ തെറ്റിധരിപ്പിച്ച് ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്ന് വഴിതെറ്റിക്കാൻ ശ്രമിച്ചതിനും ജോർജുകുട്ടിക്കെതിരേ ഗൂഢാലോചന ഉൾപ്പെടെയും രണ്ട് കേസുകളും എടുത്തിട്ടുണ്ട്.

പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം കാർ ഉടമയ്‌ക്കെതിരേ മറ്റു വകുപ്പുകൾ കൂട്ടിച്ചേർത്ത് കേസെടുക്കുമെന്നും പോലീസ് പറഞ്ഞു. പ്രതി ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

Advertisment