രാമായണ സംസ്ക്കാരമാണ് ഭാരതത്തെ ഏകോപിപ്പിച്ച് നിർത്തിയത്; രാമ രാജ്യമെന്നാൽ ധർമ്മരാജ്യം - കുരുക്ഷേത്ര പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ കാ.ഭാ സുരേന്ദ്രൻ

New Update
ka ba surendran

പാലാ: രാമരാജ്യ സങ്കൽപ്പവും രാമായണ സംസ്ക്കാരവുമാണ് ഭാരതത്തെ സഹസ്രാബ്ദങ്ങളോളം ഏകോപിപ്പിച്ചു നിർത്തിയതെന്ന് കുരുക്ഷേത്ര പബ്ളിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ കാ.ഭാ സുരേന്ദ്രൻ. 

Advertisment

രാമായണ സംസ്ക്കാരം ഉപേക്ഷിച്ചതാണ് ഭാരതത്തെ അധ:പതനത്തിലേയ്ക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. 31-ാമത് മീനച്ചിൽ ഹിന്ദു മഹാ സംഗമത്തിന്റെ നാലാം ദിവസം സത്സംഗ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ധർമ്മരാജ്യത്തിന്റെ വീണ്ടെടുപ്പാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠ. രാമരാജ്യമെന്നാൽ മതരാജ്യമല്ല, മതേതര രാജ്യവുമല്ല, ധർമ്മരാജ്യമാണ്. സോമനാഥക്ഷേത്രം പുനരുദ്ധരിച്ച നെഹ്റുസർക്കാർ വീണ്ടും എങ്ങനെയാണ്  അടിമത്തത്തിലേയ്ക്ക് നമ്മെ നയിച്ചത് എന്നകാര്യം പരിശോധിക്കണം. 

ഭാരതീയരുടെ ആത്മാഭിമാനത്തെ ചവുട്ടിത്തേച്ച വിദേശികളുടെ വിജയമുദ്ര മതേതരത്വത്തിൻ്റെ മകുടമായി നാം കൊണ്ടാടി. അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രം വൈദേശിക മന:സ്ഥിതിക്കാർക്ക് അസഹ്യവും ദേശീയബോധമുള്ളവർക്ക് സ്വാഭിമാനത്തിൻ്റെ വിജയസ്തംഭവുമാണ്. 

ഭാരതം വീണ്ടും ലോകഗുരു സ്ഥാനത്ത് എത്തുന്നതിന്റെ കേളികൊട്ടായിരിക്കും ജനവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠയെന്നും കാ.ഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 

ഹിന്ദു മഹാസംഗമം ഉപാദ്ധ്യക്ഷനും എസ്എൻഡിപി യോഗം മീനച്ചിൽ കൺവീനറുമായ എം.ആർ ഉല്ലാസ് അദ്ധ്യക്ഷനായി. വിഷ്ണു ബിജു, മഹേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Advertisment