Advertisment

പാലായുടെ അഭിമാനമായ ടൗൺ അമലോത്ഭവ ജൂബിലിക്കപ്പേള മുഖം മിനുക്കുന്നു. നടക്കുന്നത് കപ്പേള പള്ളിയുടെ ഭംഗി ഒട്ടും ചോരാതെയുള്ള പ്രവർത്തനങ്ങൾ. അൻപത് ലക്ഷത്തോളം രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിവരുമെന്നു കണക്കുകൂട്ടൽ

New Update
pala town kapela

പാലാ: നഗരത്തിന്റെ അഭിമാനമായ ടൗൺ അമലോത്ഭവ ജൂബിലിക്കപ്പേള മുഖം മിനുക്കുന്നു. ലക്ഷ്യമിട്ടിരിക്കുന്നത് കപ്പേള പള്ളിയുടെ ഭംഗി ഒട്ടും ചോരാതെയുള്ള പ്രവർത്തനങ്ങൾ. അൻപത് ലക്ഷത്തോളം രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.

Advertisment

1977-ൽ കുദാശചെയ്ത പാലാ കുരിശുപള്ളിയുടെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ പുനരുദ്ധാരണ ജോലികളാണ്  ആരംഭിച്ചിരിക്കുന്നത്. പൂർണമായും കല്ലിൽ നിർമ്മിച്ച കുരിശു പള്ളിയുടെ പായൽ കഴുകി കല്ലിന്റെ ഭംഗി തിരിച്ചുകൊണ്ടുവരിക, ചോർച്ച ഭാഗങ്ങൾ പരിഹരിക്കുക, ജനലുകൾക്കും അതിനോട് ബന്ധപ്പെട്ടുള്ളവയ്ക്കും സംഭവിച്ച കേടുപാടുകൾ നീക്കുക, ഇടിമിന്നൽ രക്ഷാ ചാലകം സുശക്തമാക്കുക, വൈദ്യുതി സംവിധാനങ്ങളുടെ നവീകരണം നടത്തുക എന്നിവയാണ് പുനരുദ്ധാരണ പണികളുടെ ഭാഗമായി നടത്തുന്നത്.

കുരിശുപള്ളിയുടെ നിലവിലുള്ള അവസ്ഥയും അതിനുള്ള പരിഹാരവും ശാസ്ത്രീയമായും സാങ്കേതികമായും പഠനം നടത്താൻ ചുണ്ടച്ചേരി എൻജിനീയറിംഗ് കോളജിനെ ചുമതലപ്പെടുത്തിയിരുന്നു. അവർ പഠിച്ചു റിപ്പോർട്ട് നൽകിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുനരുദ്ധാരണം ആരംഭിച്ചിരിക്കുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പുനരുദ്ധാരണ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അൻപതു ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കത്തീഡ്രൽ പള്ളി വികാരിയും ജൂബിലിക്കപ്പേള കമ്മിറ്റി പ്രസിഡൻറുമായ ഫാ. ജോസ് കാക്കല്ലിൽ, ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, പുത്തൻപള്ളി വികാരി ഫാ.ജോർജ് മൂലേച്ചാലിൽ എന്നിവരാണ് നിർമ്മാണത്തിനു നേതത്വം നൽകുന്നത്.

1955-ൽ നിർമ്മാണം ആരംഭിച്ച് പല ഘട്ടങ്ങളിലായി 22 വർഷം കൊണ്ടാണ് 1977-ൽ ടൗൺ അമലോത്ഭവമാതാ ജൂബിലി കുരിശുപള്ളി പൂർത്തിയായത്. കുരിശുപള്ളിയുടെ മനോഹാരിതയ്ക്കു കോട്ടം തട്ടാത്ത രീതിയിലാണ് പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നത്. കുരിശുപള്ളിയുടെ ചുമതലയുള്ള പാലാ കത്തിഡ്രൽ, ളാലം പഴയപള്ളി, പുത്തൻ പള്ളി വികാരിമാരുടെ നേതൃത്വത്തിൽ ഇന്നലെ പ്രാർഥനാ ശുശ്രുഷയോടെയാണു പണികൾക്ക് തുടക്കം കുറിച്ചത്.

Advertisment