/sathyam/media/media_files/mbqSOg8NnhsD37EPDS8M.jpg)
പാലാ: പാലാ നഗരസഭാ ചെയർമാനാകാൻ കൊതിച്ചു കലഹിച്ച സി.പി.എം കൗൺസിലർ ബി​നു പു​ളി​ക്ക​ക്ക​ണ്ടം ഒടുവിൽ മോഷണ കേസിൽ പ്രതിയായി. കേരള കോൺഗ്രസ് (എം) കൗൺസിലർ ജോസ് ചീരാംകുഴിയുടെ എയർപോഡ് മോഷ്ടിച്ച കേസിൽ ബിനു പുളിക്കക്കണ്ടത്തിനെ പ്രതിയാക്കി പോലീസ് കേസെടുക്കുകയായിരുന്നു. നഷ്ടപ്പെട്ടതെന്നു കരുതുന്ന എയർപോഡ് കഴിഞ്ഞയാഴ്ച ബിനുവിൻ്റെ സുഹൃത്തായ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നഴ്‌സായി ജോലി ചെയ്യുന്ന പാലാ സ്വദേശിനി പോലീസിന് കൈമാറിയിരുന്നു.
ജനുവരിയിൽ തന്റെ എയർപോഡ് ബിനു മോഷ്ടിച്ചതാണെന്ന് ജോസ്, പാലാ നഗരസഭാ യോഗത്തിൽ പരസ്യമായി ആരോപണം ഉന്നയിച്ചത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. മാഞ്ചസ്റ്ററിലുള്ള നഴ്‌സായ വനിതാ സുഹൃത്തിന് ബിനു പുളിക്കക്കണ്ടം, മോഷ്ടിച്ച എയർപോഡ് സമ്മാനമായി നൽകുകയായിരുന്നുവെന്ന് ജോസ് ചീരാംകുഴി ആരോപിച്ചു.
സംഭവം വിവാദമായപ്പോൾ ഈ സ്ത്രീ, തന്നെ വിളിച്ച് ഇത് തനിക്ക് സമ്മാനമായി ബിനു പുളിക്കക്കണ്ടം നൽകിയതാണെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ടുപോയത്. വനിതാ സുഹൃത്തിനെയും വഞ്ചിക്കുകയായിരുന്നു ബിനു എന്നും ജോസ് ആരോപിച്ചു.
വനിതാ സുഹൃത്ത് പോലീസിന് നൽകിയ മൊഴിയും ഇത്തരത്തിൽ ആണെന്നാണ് സൂചന. തൊണ്ടിമുതലായ എയർപോഡ് വനിതാ സുഹൃത്തിന്റെ കൈവശം കൊടുത്തുവിട്ട് കേസിൽ വഴിത്തിരിവ് ഉണ്ടാക്കാനാണ് ബിനു ശ്രമിച്ചതെന്നും ജോസ് ആരോപിച്ചു. പിന്നീട് എയർപോഡ് കൈമാറിയ സുഹൃത്തിനെ ചോദ്യം ചെയ്ത പോലീസ് ബിനുവിനെ പ്രതിയാക്കി കേസെടുക്കുകയായിന്നു.
ബിനുവിനെ പ്രതിയാക്കിയത് സി.പിഎമ്മിനും നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാലാ നഗരസഭയിലെ കൂട്ടുത്തല്ലോടെയാണ് ബിനുവും കേരളാ കോൺഗ്രസ് എമ്മും തമ്മിൽ ഇടയുന്നത്. കേരള കോൺഗ്രസ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലിനെ ബിനു തല്ലുന്ന വീഡിയോയോയും ബൈജുവിന്റ നിലവിളിയും വൈറലായിരുന്നു.
സ്‌റ്റാൻഡിങ് കമ്മിറ്റി ചേർന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യേറ്റത്തിലേക്ക് നീങ്ങിയത്. ബിനു പുളിക്കകണ്ടം മുന്നോട്ട് വെച്ച നിർദേശത്തിൽ എതിർപ്പുമായി ബൈജു രംഗത്തുവന്നതോടെ തർക്കം ശക്തമാകുകയും കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുകയുമായിരുന്നു. ആദ്യം അടിച്ചത് ബൈജു ആയിരുന്നു. പിന്നീട് അതിന്റെ കേട് തീർത്തു ബിനു തിരിച്ചടിച്ചു. ഇതോടെ കേരളാ കോൺഗ്രസ് എമ്മിന് ബിനുവും തിരിച്ചും അനഭിമതനാവുകയായിരുന്നു.
കിട്ടിയ തല്ലിന് കേരളാ കോൺഗ്രസ് കണക്കു തീർത്തതാകട്ടെ ബിനു സ്വപ്നം കണ്ട പാലാ നഗരസഭാ അധ്യക്ഷസ്ഥാനം തട്ടി തെറിപ്പിച്ചും. ഇതേ തുടർന്ന് ജോസ് കെ മാണിയെ സാമൂഹ്യ മാധ്യമങ്ങൾ വഴി ബിനു പരസ്യമായി അവഹേളിക്കുന്ന സംഭവങ്ങൾ ഉണ്ടായി. ഇതോടെ ബിനുവിനെ അനുകൂലിക്കാൻ കേരളാ കോൺഗ്രസിന് കഴിയില്ലെന്ന സ്ഥിതിയും വന്നു.
മുന്നണി ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് എം അംഗം ഒഴിയുന്ന ചെയർമാൻ സ്ഥാനം സി.പി.എം ഏറ്റെടുക്കണം. ബിനു പുളിക്കക്കണ്ടത്തെയാണ് സി.പി.എം ചെയർമാനായി നിശ്ചയിച്ചത്. എന്നാല്‍, ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് അംഗങ്ങൾ നിലപാട് സ്വീകരിച്ചു. ബിനു ഒഴികെ ആരെയും അംഗീകരിക്കാൻ തയാറാണെന്നും അവർ സിപിഎമ്മിനെ അറിയിച്ചു.
സിപിഎമ്മിന് ആറ് അംഗങ്ങള്‍ നിലവിലുണ്ടെങ്കിലും പാർട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഏക വ്യക്തി കൂടിയായ ബിനുവിനെ തഴയുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. പിന്നീട് സി.പി.എം. സ്വതന്ത്ര ജോസിൻ ബിനോ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പിന്നാലെ കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിക്കെതിരെ ആരോപണങ്ങളുമായി ബിനു രംഗത്തുവന്നിരുന്നു. സി.പി.എം. നേതൃത്വം ഇടപെട്ടാണ് വിഷയം ഒതുക്കിയത്. പിന്നീടാണ് കഴിഞ്ഞ ജനുവരിയിൽ നടന്ന കൗൺസിൽ യോഗത്തിനിടെ തന്റെ എയർപോഡ് ബിനു മോഷ്ടിച്ചതാണെന്ന ആരോപണം ജോസ് ചീരാംകുഴി ഉന്നയിക്കുന്നത്.
എന്നാൽ, രാഷ്ട്രീയ യജമാനനെ തൃപ്തിപ്പെടുത്താൻ ജോസ് ചീരാംകുഴി നടത്തുന്ന ജല്പനങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നാണ് ബിനു പുളിക്കക്കണ്ടത്തിൻ്റെ പ്രതികരണം. യുദ്ധങ്ങളിൽ മുന്നിൽ നിർത്താറുള്ള ശിഖണ്ഡിയുടെ സ്ഥാനത്തുള്ള ആളുടെ ആരോപണത്തിന് മറുപടി നൽകുന്നില്ലെന്ന് ബിനു പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us