/sathyam/media/media_files/9hKxVe3R54sVstoEN4My.jpg)
പാലാ: പഠിക്കാം ഒപ്പം ജോലിയും ചെയ്യാം, മാറുന്ന കാലത്ത് പുത്തൻ മാറ്റങ്ങളുമായി പാലാ അൽഫോൻസാ കോളജ്. പഠന മികവിൽ മികച്ച റെക്കോർഡോടെ എം.ജി സർവകലാശാലയുടെ കീഴിലുള്ള കോളജുകളുടെ പട്ടികയിൽ ഒന്നാമതുള്ള പാലാ അൽഫോൻസാ കോളജ് പ്രവർത്തന സമയം ഉൾപ്പെടെ കാതലായ മാറ്റങ്ങൾ വരുത്തിയാണ് പുതിയ അധ്യായന വർഷത്തിന് തുടക്കമിടുന്നത്.
അടുത്ത മാസം മുതൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ക്ലാസ്. മുൻപ് രാവിലെ 9.30 മുതൽ 3.30 വരെയായിരുന്നു കോളജ് സമയം. രണ്ടിനു ശേഷം ഉള്ള സമയത്ത് പാർട്ട് ടൈം ജോലി മുതൽ മത്സര പരീക്ഷക്കു തയ്യാറെടുക്കാനുള്ള പരിശീലനത്തിനുള്ള അവസരം വരെ വിദ്യാർഥികൾക്കായി കോളജ് ഒരുക്കിയിട്ടുണ്ട്.
മെഡിസിറ്റി, മരിയൻ മെഡിക്കൽ സെൻ്റർ, വിസിബ്, അൽഫോൻസ കോളജ് എന്നിവിടങ്ങളിലെല്ലാം പാർട്ട് ടൈം ജോലിക്കുള്ള സൗകര്യമാണ് കോളജ് അധികൃതർ ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് വിവിധ പ്രവർത്തനങ്ങളിൽ പങ്കുചേരാം. മ്യൂസിക് ക്ലബ്, ഡാൻസ് ക്ലബ് ഉൾപ്പെടെ കൾചറൽ പരിപാടികൾ, മത്സര പരീക്ഷകൾ, പാർട്ട് ടൈം ജോലി, വാഴ, കപ്പ, പച്ചക്കറി തുടങ്ങിയ പച്ചക്കറി കൃഷി, ജപമാല നിർമാണം എന്നിവയിൽ പങ്കാളികളാകാൻ വിദ്യാർഥികൾക്ക് അവസരമുണ്ട്.
ഇതിൽ നിന്നു ലഭിക്കുന്ന പണം വിദ്യാർഥികൾക്കു തന്നെ നൽകും. ഇതോടൊപ്പം പാഞ്ചാലിമേട്ടിൽ അധ്യാപകർക്കൊപ്പം താമസിച്ച് പാചകം പഠിക്കൽ എന്നിങ്ങനെ ഒട്ടേറെ വ്യത്യസ്‌ത പ്രവർത്തനങ്ങളാണ് കോളജ് അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്. 15 വിദ്യാർഥികളായി തിരിച്ചായിരിക്കും ശനി ഞായർ ദിവസങ്ങളിൽ ടൂറിസം കേന്ദ്രം കൂടിയായ പഞ്ചാലിമേട്ടിൽ താമസം ഒരുക്കുക. ഹോം ബിൽഡിങ്ങ് എന്നാണ് പദ്ധതിക്കു പേരിട്ടിരിക്കുന്നത്.
60 വർഷം പിന്നിട്ട വനിതാ കോളജിൽ 16 ഡിപ്പാർട്മെന്റുകളിലായി 150 അധ്യാപക - അനധ്യാപകരും 1400 വിദ്യാർഥികളുമാണുള്ളത്. ഈ വിദ്യാർഥികളെ അധ്യാപകരുടെ മേൽനോട്ടത്തിൽ 6 ഗ്രൂപ്പുകളായി തിരിച്ചിരിക്കുകയാണ്. കോളജ് പ്രിൻസിപ്പൽ റവ.ഡോ. ഷാജി ജോൺ പുന്നത്താനത്തുകുന്നേലിൻ്റെ ആശയങ്ങളുടെ ഭാഗമായാണ് കോളജിലെ പുതിയ മാറ്റങ്ങൾ.
വിദ്യാർഥികളുടെ സർഗവാസനകളെ പോഷിപ്പിക്കുകയും വിവിധ തൊഴിലുകൾക്ക് പ്രാപ്തരാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റവ. ഡോ. ഷാജി ജോൺ പുന്നത്താനത്തുകുന്നേൽ പറഞ്ഞു.
എം.ജി സർവകലാശാലാ ബിരുദ പരീക്ഷയിൽ ഇത്തവണയും കോളജ് മികച്ച വിജയമാണ് ഇക്കുറിയും കരസ്ഥമാക്കിയത്. 26 സർവകലാശാലാ റാങ്കുകളും 80 എ പ്ലസും 110 'എ' യുമായി സർവകലാശാലയിൽ ഒന്നാം സ്‌ഥാനം നിലനിർത്താൻ കഴിഞ്ഞതായി പ്രിൻസിപ്പൽ പറഞ്ഞു.
13 യു.ജി കോഴ്സുകളും ഏഴ് പി.ജി കോഴ്സുകളും ഒരു പി.എച്ച്ഡി കോഴ്സുകളുമാണ് കോളജിൽ ഉള്ളത്. പാഠ്യവിഷയങ്ങൾക്കു പുറമേ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും കോളജിൻ്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. സ്നേഹ വീട് പദ്ധതിയിൽ ഇതിനോടകം 31 വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ കോളജിന് സാധിച്ചിട്ടുണ്ട്. നിർധനരായ 60 പേർക്ക് വീടുകൾ നിർമിച്ചു നൽകുന്നതാണ് സ്നേഹവീട് പദ്ധതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us