പാലാക്കാരുടെ സ്വന്തം ജോർജുകുട്ടി സാർ പടിയിറങ്ങി. വിരമിച്ചത് 33 വർഷക്കാലം പാലാ രൂപതയിലെ വിവിധ സ്കൂളുകളിൽ അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച ശേഷം. പ്രിയ ഗുരുനാഥന് മംഗളങ്ങൾ നേർന്നു ശിഷ്യരും

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
george kutty sir

പാലാ: അധ്യാപനത്തിനൊപ്പം സാമൂഹിക സാംസ്കാരിക സംഘടനാരംഗത്ത് നിറ സാന്നിധ്യമായിരുന്ന കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ
സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജോർജുകുട്ടി ജേക്കബ് സർവീസിൽ നിന്നു വിരമിക്കുന്നു.

Advertisment

കഴിഞ്ഞ 33 വർഷങ്ങളായി പാലാ രൂപതയിലെ വിവിധ സ്കൂളുകളിൽ അധ്യാപകനായും ഹെഡ്മാസ്റ്ററായും പ്രിൻസിപ്പലായും സേവനമനുഷ്‌ഠിച്ച ശേഷമാണ് ജോർജുകുട്ടി ജേക്കബ് എന്ന വിദ്യാർഥികളുടെ പ്രീയ ഗുരുനാഥൻ പടിയിറങ്ങുന്നത്. നിലവിൽ. സംസ്ഥാന സർക്കാരിന്റെ തിരുവനന്തപുരത്തുള്ള അധ്യാപകഭവൻ ഭരണസമിതി അംഗമാണ്. സർവീസിൽ നിന്നു വിരമിക്കുന്ന തങ്ങളുടെ പ്രീയ അധ്യാപകന് റിട്ടയർമെൻ്റ് ആശംസകളുമായി  പൂർവ വിദ്യാർഥികളുടെ ഉൾപ്പടെ നിരവധി ഫോൺ കോളുകളാണ് എത്തുന്നത്.

ഹെഡ്മാസ്റ്റർ ആയി മണലുങ്കൽ സെന്റ് അലോഷ്യസ്, പ്ലാശനാൽ സെന്റ് ആൻ്റണീസ്, കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ്, പാലാ സെന്റ് തോമസ് എന്നീ ഹൈസ്കൂളുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിളക്കുമാടം സെന്റ് ജോസഫ്, മൂന്നിലവ് സെൻ്റ് പോൾസ്, ഭരണങ്ങാനം സെൻറ് മേരീസ്, മരങ്ങാട്ടുപള്ളി സെന്റ് തോമസ്, പാലാ സെന്റ് തോമസ് എന്നീ ഹൈസ്കൂളുകളിൽ ദീർഘകാലം മലയാളം അധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീടാണ്  അദ്ദേഹം പ്രഥമാധ്യാപക സ്ഥാനത്തേക്ക്  എത്തിയത്.

ഏവരോടും സൗഹാർദപരമായ സമീപനം പുലർത്തുന്ന ജോർജുകുട്ടി സാർ അച്ചടക്കത്തിന്റെ കാര്യത്തിൽ കർക്കശക്കാരനായ അധ്യാപകനായിരുന്നു. റിസൾട്ട് ഓറിയന്റഡായുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് അദ്ദേഹം മുൻതൂക്കം നൽകിയിരുന്നു. പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് കായിക രംഗത്തും അദ്ദേഹം  വലിയ പ്രോത്സാഹനം നൽകി.  

പാലാ സെന്റ് തോമസ് ഹൈസ്‌കൂളിൽ ഹെഡ്‌മാസ്റ്റർ ആയിരുന്നപ്പോൾ ജോർജുകുട്ടി സാറിൻ്റെ  നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ സ്കൂളിനെ സംസ്ഥാന കായിക മേളയിൽ  ശ്രദ്ധേയമായ നിലയിൽ എത്തിക്കാൻ സാധിച്ചിരുന്നു. മീനച്ചിൽ താലൂക്കിലെ മികച്ച അധ്യാപകനുള്ള മരങ്ങാട്ടുപള്ളി സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ജോർജുകുട്ടി സാറിനെ തേടി എത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ രംഗത്തോടൊപ്പം സാമൂഹിക സാംസ്കാരിക രംഗത്തും  മികവ് തെളിയിക്കാൻ 33 വർഷത്തെ സർവീസിനിടെ അദ്ദേഹത്തിന് സാധിച്ചു. പാലാ, കൊഴുവനാൽ ഉപജില്ല കലോത്സവങ്ങളും ശാസ്ത്രമേളകളും മുഖ്യസംഘാടകൻ എന്ന നിലയിൽ അദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. ജോർജുകുട്ടി സാർ ഹെഡ്മാസ്റ്റർ ആയിരിക്കുന്ന സമയത്താണ് പ്ലാശനാൽ സെന്റ് ആൻ്റണീസ് ഹൈസ്കൂ‌ൾ പാലാ കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ മികച്ച ഹൈസ്കൂ‌ളിനുള്ള അവാർഡ് കരസ്ഥമാക്കിയത്.

കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ്, പാലാ സെന്റ് തോമസ് ഹൈസ്കൂളുകളുടെ ശതോത്തര ജൂബിലിയും കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ സിൽവർ ജൂബിലിയും മികവുറ്റ രീതിയിൽ സംഘടിപ്പിക്കുകയുണ്ടായി. അധ്യാപക സംഘടനയുടെ സംസ്ഥാന ഭാരവാഹി എന്ന നിലയിൽ ജില്ലാ, സംസ്ഥാന സ്കൂ‌ൾ കലാ -കായിക, പ്രവർത്തിപരിചയ, ശാസ്ത്രമേളകളുടെ സംഘാടകൻ കൂടിയായിരുന്നു അദ്ദേഹം.

അധ്യാപന രംഗത്തോടൊപ്പം തന്നെ അധ്യാപക സംഘടനാ രംഗത്തും മികവുറ്റ നേതൃത്വം നൽകിയാണ് അദ്ദേഹം വിരമിക്കുന്നത്. കേരള കോൺഗ്രസ് (എം) അധ്യാപക സംഘടന കെ.എസ്.എസ്.ടി.എഫിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. പാലാ രൂപതയുടെ അക്കാദമിക്ക് കൗൺസിൽ ഭാരവാഹി, പാലാ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം സേവനം ചെയ്‌തിട്ടുണ്ട്.

Advertisment