പാലാ: പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിൻ്റെ നേതൃത്വത്തിലുള്ള ആഗോള പ്രവാസി സംഗമത്തിനുള്ള ഒരുക്കങ്ങൾ സജീവമായി. 19ന് ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളജിലാണ് ഗ്ലോബൽ സംഗമം ഒരുക്കിയിട്ടുള്ളത്.
സമ്മേളനം , മത്സര വിജയികൾക്കുള്ള സമ്മാനദാനം, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകൾക്കുള്ള ആദരവ് തുടങ്ങിയവയാണ് ഈ വർഷത്തെ പ്രധാന ഇനങ്ങൾ.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ രൂപതാംഗങ്ങളായ പ്രവാസികൾക്കും കുടുംബങ്ങൾക്കും ഒരുമിക്കാനുള്ള വേദിയൊരുക്കുന്ന സംഗമം വിജയിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ ഇതിനോടകം ചെറിയ സംഗമങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു.
കഴിഞ്ഞവർഷം ഒട്ടേറെ വേറിട്ട കർമ്മപരിപാടികൾ പൂർത്തീകരിച്ചാണ് ഈ വർഷത്തെ സമ്മേളനത്തിലേക്ക് പ്രവേശിക്കുന്നത്. പ്രവാസികളുടെ മക്കൾക്കായി നടത്തിയ ഓറിയന്റേഷൻ പ്രോഗ്രാം ടോപ്പ് പങ്കാളിത്തത്താൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ചേർപ്പുങ്കൽ മെഡിസിറ്റിയുമായി ചേർന്ന് പ്രവാസികൾക്കായി പ്രിവിലേജ് കാർഡ്, പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് വിവിധ ഓറിയന്റേഷൻ പ്രോഗ്രാമുകൾ, പ്രവാസികൾക്കും നാട്ടിലുള്ള മാതാപിതാക്കൾക്കും വിദേശങ്ങളിൽ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കുമായി പ്രത്യേക സേവന സംവിധാനം.
പാലിയേറ്റീവ് പരിചരണം, വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷത്തിൽ നടത്താൻ കഴിഞ്ഞതായി രൂപതാ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ : കുര്യാക്കോസ് വെള്ളച്ചാലില്‍ അറിയിച്ചു.
സംഗമം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും.