കോട്ടയം: ഭാരത നസ്രാണി ചരിത്രത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്ന പാലാക്കുന്നേൽ മത്തായി മറിയം കത്തനാരുടെ ചരമ ശതോത്തര രജത ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി "കുടുംബങ്ങൾക്കായി അല്പനേരം" എന്നപേരിൽ അർദ്ധദിന ശില്പശാല നടക്കും.
വല്യച്ചന്റെ പ്രേഷിത മേഖല ആയിരുന്ന എരുമേലി കൊരട്ടിയിലുള്ള പഴയ പള്ളി ഇടവകയിലാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. സെപ്തംബർ 29 ഞായറാഴ്ച ഉച്ചതിരിഞ്ഞു 2:30 മുതൽ നടക്കുന്ന പരിപാടികൾ ഇടവക വികാരി ഫാ. കുര്യക്കോസ് വടക്കേടത്ത് ഉൽഘാടനം ചെയ്യും.
പാലാക്കുന്നേൽ കുടുംബയോഗം സെക്രട്ടറി ബിജോയ് സ്കറിയ വല്യച്ചൻ അനുസ്മരണം നടത്തും. തുടർന്ന് നടക്കുന്ന ശില്പശാലയിൽ ആധുനിക കാലത്തിന്റെ വെല്ലുവിളികൾ നേരിടുവാൻ കുടുംബങ്ങളെ സജ്ജമാക്കുന്നതിനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ പരിശീലിപ്പിക്കും. സൈക്കോളജിസ്റ് ഡോ. പി എം ചാക്കോ ആണ് ശില്പശാല നയിക്കുന്നത്.
ഒക്ടോബർ മൂന്നാം തീയതി പാമ്പാടി കുറ്റിക്കൽ സെന്റ് തോമസ് സ്കൂളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന "കുട്ടികളെ കേൾക്കാൻ അൽപനേരം " എന്ന പ്രോഗ്രാമിൽ പതിഞ്ചോളം പ്രഗൽഭരായ കൗൺസിലർമാർ പങ്കെടുക്കും.
കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷത്തിന് ഒരു പരിഹാരമെന്നവണ്ണം പൊതു വിദ്യാലയങ്ങളിൽ ഇത്തരം കൗൺസിലിംഗ് പ്രോഗ്രാമുകൾ സൗജന്യമായി സംഘടിപ്പിക്കുവാൻ ഡോ പി എം ചാക്കോയുടെ നേതൃത്വത്തിൽ ഉള്ള ഒരു ടീം ഈ വർഷം മുഴുവൻ പ്രവർത്തിക്കുന്നതാണ്.
ഇത് കൂടാതെ സുറിയാനി ഭാഷാ സെമിനാർ, നസ്രാണികളുടെ സത്വബോധം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആഗോള തലത്തിൽ നടത്തപ്പെടുന്ന ഉപന്യാസ മത്സരം, ഓൺലൈൻ പ്രസംഗമത്സരം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികളും ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്നതാണ് എന്ന് കുടുംബയോഗം ഭാരവാഹികൾ അറിയിച്ചു.