/sathyam/media/media_files/2025/09/28/pamba-valley-2025-09-28-14-52-58.jpg)
എരുമേലി: വനാതിര്‍ത്തി മേഖലയായ പമ്പാവാലി, എയ്ഞ്ചല്‍വാലി വാര്‍ഡുകളെ പെരിയാര്‍ കടുവ സങ്കേതത്തില്‍നിന്ന് ഒഴിവാക്കുമ്പോള്‍ വനം വകുപ്പിന് ഭരണാധിപത്യമുള്ളതും വനനിയമത്തിന് തുല്യമായതുമായ പരിസ്ഥിതിലോല മേഖലയാക്കാന്‍ നീക്കം നടത്തില്ലെന്ന ഉറപ്പു വേണമെന്ന് ബഫര്‍സോണ്‍ വിരുദ്ധ സമര സമിതി . പ്രദേശത്തെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.
കടുത്ത നിയന്ത്രണമുള്ള പരിസ്ഥിതി ലോല മേഖലയാക്കുന്നതോടെ നിര്‍മാണ നിരോധനവും രാത്രിയാത്ര നിരോധനവുമടക്കം നിയന്ത്രണം ഉണ്ടാകും.
ജനകീയ സമരങ്ങളെ തുടര്‍ന്നാണ് പമ്പാവാലിയെ പെരിയാര്‍ കടുവാ സങ്കേത പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന വൈല്‍ഡ് ലൈഫുകള്‍ തീരുമാനിച്ചത്. നാഷനല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതിക്കായി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ ഇത്തരത്തില്‍ പരിസ്ഥിതിലോല മേഖലയാക്കിയ സ്ഥലത്ത് കടുത്ത നിയന്ത്രണങ്ങളാണ്.
പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചാല്‍ നിയന്ത്രണം പൂര്‍ണമായും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാകും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം രണ്ട് വാര്‍ഡുകള്‍ ഉള്‍പ്പെട്ട മേഖലകളെ പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള ആക്ഷന്‍ പ്ലാനും മാസ്റ്റര്‍ പ്ലാനും തയാറാക്കാന്‍ വനം വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.
വനംവകുപ്പിന്റെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചേ കൃഷിയും നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയൂ. കര്‍ഷകരെ വനം വകുപ്പ് മനഃപൂര്‍വം കെണിയില്‍പ്പെടുത്തുകയാണെന്നും ജനങ്ങൾ പറയുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.