വിസാ വാഗ്ദാനം ചെയ്തു പണം വാങ്ങി വഞ്ചിച്ചതായി ആരോപണം.വിവാഹ വീടിനു മുന്‍പില്‍ തട്ടിപ്പിന് ഇരയായവര്‍ പ്ലക്കാര്‍ഡുമായി ധര്‍ണ നടത്തി. രണ്ടു വര്‍ഷം മുന്‍പു റിക്രൂട്ടിങ് ഏജന്‍സിയില്‍ നിന്നും ജോലി ഉപേക്ഷിച്ചതാണെന്നും നേരിട്ട് ആരില്‍ നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും ആരോപണ വിധേയന്‍

ആലക്കോട്, പയ്യാവൂര്‍, ഉളിക്കല്‍, കുടിയാന്മല തുടങ്ങിയ സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഒരിടത്തും എഫ്.ഐ.ആര്‍ ഇട്ടിട്ടില്ല.

New Update
images (1280 x 960 px)(272)

പാമ്പാടി: വിസാ വാഗ്ദാനം ചെയ്തു പണം വാങ്ങി വഞ്ചിച്ചതായി ആരോപണം. വെള്ളൂരില്‍ ആര്‍.ഐടിക്കു സമീപമുള്ള യുവാവിന്റെ വിവാഹ വീടിനു മുന്‍പില്‍ തട്ടിപ്പിന് ഇരയായവര്‍ പ്ലക്കാര്‍ഡുമായി ധര്‍ണ നടത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

Advertisment

കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള ഇരുപതിലധികം ആളുകളാണു തട്ടിപ്പിനിരയായത്. മാള്‍ട്ട, പോളണ്ടു തുടങ്ങിയ രാജ്യങ്ങളിലേക്കു തൊഴിലാളികളെ കൊണ്ടുപോകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പണം തട്ടിയതായാണു ആരോപണം.

ആലക്കോട്, പയ്യാവൂര്‍, ഉളിക്കല്‍, കുടിയാന്മല തുടങ്ങിയ സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഒരിടത്തും എഫ്.ഐ.ആര്‍ ഇട്ടിട്ടില്ല.

കണ്ണൂര്‍, കോട്ടയം പോലീസ് ചീഫുമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. 2022 മുതലാണു പല ഘഡുക്കളായി വ്യാജ റിക്രൂട്ടിങ് ഏജന്‍സിയുടെ അക്കൗണ്ടുകളിലേക്കു യുവാവ് ഇടനില നിന്നു പണം അയപ്പിക്കുകയായിരുന്നുവെന്നു തട്ടിപ്പിനിരയായവര്‍ പറഞ്ഞു.

ഇന്നലെ രാവിലെ മുതല്‍ പാമ്പാടി പോലീസ് സ്റ്റേഷനില്‍ ഇവര്‍ എത്തിയെങ്കിലും മറ്റു സ്ഥലങ്ങളില്‍ നടന്ന തട്ടിപ്പായതിനാല്‍ കേസ് എടുക്കാന്‍ സാധിക്കുകയില്ലെന്നു പാമ്പാടി പോലീസ് അറിയിച്ചു. തുടര്‍ന്നാണു വിവാഹ വീടിനു മുന്‍പില്‍ ധര്‍ണ നടത്തിയത്.

ഇന്നാണു യുവാവിന്റെ വിവാഹം. അതേസമയം, ആരോപണ വിധേയന്‍ രണ്ടു വര്‍ഷം മുന്‍പു റിക്രൂട്ടിങ് ഏജന്‍സിയില്‍ നിന്നും ജോലി ഉപേക്ഷിച്ചതാണെന്നും നേരിട്ട് ആരില്‍ നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും നവവരന്റെ ബന്ധുക്കള്‍ പറഞ്ഞു.

 രാത്രി വൈകി ഇവര്‍ വീടിനു മുന്നില്‍ നിന്ന ശേഷം തിരികെ പോവുകയും ചെയ്തു.

Advertisment