/sathyam/media/media_files/2025/10/09/photos559-2025-10-09-10-21-15.jpg)
പാറത്തോട്: തെക്കന്‍ മേഖലയില്‍ ഇന്‍ഫാം കൂടുതല്‍ കരുത്താര്‍ജിക്കുന്നു.
പ്രചോദനമായിത് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിൻ്റെ നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ നിന്നു ഊര്‍ജം സംഭരിച്ച് റാന്നി, പത്തനംതിട്ട, എരുമേലി കാര്‍ഷിക താലൂക്കുകള്‍ ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ ഇന്‍ഫാം കൂടുതല്‍ വിപുലമായ കാർഷിക പദ്ധതികൾ തയ്യാറാക്കുകയാണ്.
ശിൽപ്പശാലയിൽ ഇന്‍ഫാമിന്റെ യൂണിറ്റ് തലം മുതല്‍ ദേശീയതലം വരെയുള്ള ഘടനയെക്കുറിച്ചും ഭാരവാഹികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുമുള്ള അവബോധം നേതാക്കള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വത്തോടെയും കര്‍ത്തവ്യബോധത്തോടെയും പ്രവര്‍ത്തിക്കാന്‍ പ്രചോദനമായി.
ശിൽപ്പശാലയിൽ ദേശീയ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും ജില്ലാ ഭാരവാഹികളും താലൂക്ക് ഭാരവാഹികളും ചെയര്‍മാനോടൊപ്പം കര്‍ഷകരോട് സംവദിക്കാനും ചര്‍ച്ചകള്‍ നടത്താനും പ്രാദേശിക പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനും ഒത്തുചേര്‍ന്നിരുന്നു.
ഓരോ കാര്‍ഷിക യൂണിറ്റുകളുടെയും ഗ്രാമങ്ങളുടെയും ശക്തിയും ബലഹീനതയും മനസിലാക്കുന്നതിനായി റിസോഴ്‌സ് മാപ്പിംഗ് നടത്താനും കൃഷിക്കാരുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി യോഗ്യരായ ആളുകളെ കണ്ടെത്തി ക്ലാസുകള്‍ നല്‍കാനും ശില്പശാലയില്‍ തീരുമാനമെടുത്തു.
എരുമേലി, റാന്നി, പത്തനംതിട്ട താലൂക്കുകളില്‍ ചെയ്യാന്‍ പറ്റുന്ന പ്രൊജക്ടുകളെപ്പറ്റിയും പോത്ത്, കോഴി, പുല്ലുകൃഷി, ഇടവിളയായി പയര്‍ മുതലായവയെപ്പറ്റിയും മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ പറ്റുന്ന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനെ സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു.
മണ്ണ് സംരക്ഷണത്തെക്കുറിച്ചും കൃഷിപരിപാലനത്തെക്കുറിച്ചും വളപ്രയോഗത്തെക്കുറിച്ചും കീടനിയന്ത്രണത്തെക്കുറിച്ചും ആഴത്തിലുള്ള ചര്‍ച്ചകളും പഠനങ്ങളും നടത്തുകയും ചെയ്തു.
ഓരോ കാര്‍ഷികതാലൂക്കിന്റെയും കാര്‍ഷിക ഗ്രാമത്തിന്റെയും പശ്ചാത്തലവും സാധ്യതകളും മനസിലാക്കി മണ്ണിന്റെ നവീകരണത്തിനും പുനരുജ്ജീവനത്തിനും കൃഷിയുടെ പുരോഗതിക്കും വേണ്ടി പല പ്രാദേശിക പദ്ധതികളും ശില്പശാലയിലൂടെ രൂപം കൊടുത്തു.
ഭൂമി പുനര്‍ജനി പദ്ധതിയും ധരണീസമൃദ്ധി പദ്ധതിയും കൂടുതല്‍ ശക്തമായി നടത്തിക്കൊണ്ട് മണ്ണിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുവാനുള്ള തീരുമാനം ശില്പശാലയില്‍ നേതാക്കള്‍ കൈക്കൊണ്ടു.
റാന്നി, പത്തനംതിട്ട, എരുമേലി താലൂക്കുകളിലെ 29 കാര്‍ഷിക ഗ്രാമങ്ങളിലായി 1998 കര്‍ഷക കുടുംബങ്ങളാണ് ഇന്‍ഫാമിലുള്ളത്.
സംഘടനയുടെ കാര്‍ഷികഗ്രാമങ്ങളെ വിവിധ യൂണിറ്റുകളായി തിരിക്കുന്നതിനും കൂടുതല്‍ വികസന പദ്ധതികള്‍ മുന്നോട്ടു വയ്ക്കുന്നതിനുമുള്ള പദ്ധതികളാണ് കര്‍ഷകര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
കൂടുതല്‍ നേതാക്കളെ കാര്‍ഷിക മേഖലയില്‍ നിന്ന് സൃഷിച്ചെടുക്കുന്നതിനും കര്‍ഷകര്‍ സംഘടനയോടൊത്ത് പ്രവര്‍ത്തിച്ച് സ്വയംപര്യാപ്തതയില്‍ എത്തുന്നതിനും ആലോചനകള്‍ നടന്നു.
ദേശീയ ചെയര്‍മാനോടൊപ്പം ദേശീയ സെക്രട്ടറി സണ്ണി അഗസ്റ്റിന്‍ അരഞ്ഞാണിപുത്തന്‍പുരയില്‍, ദേശീയ കമ്മിറ്റി മെംബര്‍മാരായ ജോയി തെങ്ങുംകുടി, ജെയ്‌സണ്‍ ചെംബ്ലായില്‍, നെല്‍വിന്‍ സി. ജോയ്, കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. ജിന്‍സ് കിഴക്കേല്‍, വൈസ് പ്രസിഡന്റ് കുരുവിള ചാക്കോ താഴത്തുപീടിക, റാന്നി കാര്‍ഷിക താലൂക്ക് ഡയറക്ടര്‍ ഫാ. ജേക്കബ് കൈപ്പന്‍പ്ലാക്കല്‍, എരുമേലി താലൂക്ക് ഡയറക്ടര്‍ ഫാ. രാജേഷ് കോട്ടൂര്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ കുഴിക്കാട്ട്, പത്തംതിട്ട കാര്‍ഷിക താലൂക്ക് ഡയറക്ടര്‍ ഫാ. സിജോ പന്നലക്കുന്നേല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. സെബിന്‍ ഉള്ളാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.