/sathyam/media/media_files/sNNGXuf0Py3eQaclVEIR.jpg)
കോട്ടയം: പത്രപ്രവർത്തകേതര ക്ഷേമപെൻഷൻ പദ്ധതിയിലെ അംഗത്വം വിവിധ കാരണങ്ങൾ മൂലം റദ്ദായവർക്ക് ഒക്ടോബർ 28 നകം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം.
അംശദായം അടവ് മുടങ്ങിയ മാസം മുതലുള്ള കുടിശ്ശികത്തുക 10 ശതമാനം പിഴ സഹിതം ഒറ്റത്തവണയായി അടയ്ക്കണം. ഓരോ കാലയളവിലും നിശ്ചയിച്ച നിരക്കിലാണ് അംശദായത്തുക ഈടാക്കുക.
മൂന്നു തവണയിൽ കൂടുതൽ അംഗത്വം റദ്ദായവർക്കും പദ്ധതിയിൽ അംഗത്വം ലഭിച്ചിട്ടും ഒറ്റത്തവണ പോലും അംശദായം അടയ്ക്കാതെ വിരമിച്ചവർക്കും ഇപ്പോൾ കുടിശ്ശിക അടയ്ക്കാനാവില്ല.
അടവു മുടങ്ങിയതിന്റെ കാരണം വ്യക്തമാക്കുന്ന അപേക്ഷ, ജോലി ചെയ്യുന്ന സ്ഥാപനം നൽകിയ നിശ്ചിത മാതൃകയിലുള്ള അസ്സൽ എംപ്ലോയ്‌മെൻറ് സർട്ടിഫിക്കറ്റ്, അസ്സൽ പാസ് ബുക്ക്, പാസ് ബുക്കിന്റെയും ഓൺലൈൻ അടവ് അപ്രൂവ് ചെയ്ത ഇ-ചലാനുകളുടെയും പകർപ്പുകൾ, ഇതുവരെ എത്ര തവണ അംഗത്വം റദ്ദായി എന്നതു സംബന്ധിച്ച സത്യപ്രസ്താവന എന്നിവ സമർപ്പിക്കണം.
വിലാസം, ജനനത്തീയതി, പത്രസ്ഥാപനം, നോമിനിയുടെ പേര് എന്നിവയിൽ തിരുത്തലുകൾ വരുത്താനും അപേക്ഷ നൽകാം. പദ്ധതിയിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്താത്തവർ ജില്ലാ, മേഖലാ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ചു നൽകണം. ഫോൺ: 0481 2562558.