അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ടു പ്രതിയുടെ വിരട്ടല്‍: നായകള്‍ അക്രമകാരികളായതോടെ പ്രതിയെ പിടികൂടാനാവാതെ പോലീസ് നട്ടംതിരിഞ്ഞതു മണിക്കൂറുകളോളം: കോട്ടയത്തെ പോലീസിനെ നേരിടാന്‍ പ്രതികള്‍ നടത്തുന്ന നായ പ്രയോഗം തുടര്‍കഥയാവുന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
pet dog police attack

കോട്ടയം: അറസ്റ്റു ചെയ്യാന്‍ എത്തിയപ്പോള്‍ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ടു പോലീസിനു നേരെ പ്രതിയുടെ ഭീഷണി, കോട്ടയത്തെ പോലീസിനെ നേരിടാന്‍ പ്രതികള്‍ നടത്തുന്ന നായപ്രയോഗം തുടര്‍കഥയാവുന്നു. ഇന്നലെ ഏറ്റുമാനൂര്‍ ടൗണിലാണു പോലീസിനെ വെട്ടിലാക്കിയ സംഭവങ്ങളുടെ തുടക്കം. 

Advertisment

അടിപിടിക്കേസില്‍ സ്ഥിരം പ്രതിയും വാറന്റ് കേസില്‍പെട്ട പ്രതിയെ പിടികൂടാനാണ് ഇന്നലെ രാവിലെ പത്തോടെ പോലീസ് എത്തിയത്. ഏറ്റുമാനൂര്‍ ടൗണിനു നടുവിലെ മൂന്നുനിലക്കെട്ടിടത്തിനു മുകളിലായിരുന്നു പ്രതിയുടെ താമസം.


പോലീസ് വന്നതറിഞ്ഞു പ്രതി മുകളിലേക്കുള്ള വാതിലുകളെല്ലാം അടച്ചു. പോലീസ് മുറിക്കുള്ളിലേക്കു കയറാന്‍ ശ്രമിച്ചതോടെ രണ്ടു വളര്‍ത്തുനായ്ക്കളെ മുറിക്കുള്ളില്‍ തുറന്നുവിട്ടു. നായകള്‍ അക്രമകാരികളായതോടെ പ്രതിയെ പിടികൂടാനാവാതെ പോലീസ് നട്ടംതിരിഞ്ഞതു മണിക്കൂറുകളോളമാണ്.


പോലീസിന്റെ നോട്ടിസ് കൈപ്പറ്റാനോ മുറിയില്‍നിന്നു പുറത്തു വരാനോ ഇയാള്‍ കൂട്ടാക്കിയില്ല. കൂടുതല്‍ പോലീസുകാരെത്തി കെട്ടിടം വളഞ്ഞു മണിക്കൂറുകളോളം നിലയുറപ്പിച്ചിട്ടും പ്രതിയെ പിടികൂടാനായില്ല. ഇന്നു പുലര്‍ച്ചെവരെ താമസസ്ഥലം പോലീസ് കാവലിലായിരുന്നു .

പ്രതി ആത്മഹത്യാ ഭീഷണി മുഴക്കിയതിനാലും ഭാര്യയും 2 കൊച്ചുകുട്ടികളും ഇയാളോടൊപ്പം ഉണ്ടായിരുന്നതിനാലും മുറി തകര്‍ത്ത് അകത്തുകയറാന്‍ പോലീസ് ശ്രമിച്ചില്ല. അഭിഭാഷകന്‍ മുഖേന ഇന്നു കോടതിയില്‍ നേരിട്ടു ഹാജരാകാമെന്നാണ് ഇയാള്‍ ഉദ്യോസ്ഥരോട് പറഞ്ഞത്.

മാസങ്ങള്‍ക്കു മുന്‍പു കുമാരനല്ലൂരില്‍ കഞ്ചാവുകേസിലെ പ്രതിയെ പിടികൂടാന്‍ പോലീസെത്തിയപ്പോഴും നായ്ക്കളെ അഴിച്ചുവിട്ട ശേഷമാണു പ്രതി കടന്നുകളഞ്ഞത്. ഇതിനു സമാനമായാണ് ഇന്നലെ വളര്‍ത്തുനായ്ക്കളെ ഉപയോഗിച്ചു മറ്റൊരു പ്രതി പോലീസിനെ ഭയപ്പെടുത്തിയത്.


കുമാരനല്ലൂരിലെ നായപരിശീലനത്തിന്റെ മറവില്‍ കഞ്ചാവു വില്‍പന നടത്തുന്ന കേന്ദ്രത്തില്‍ പോലീസ് പരിശോധന നടത്തിയപ്പോഴാണ് സ്ഥാപന ഉടമയായ യുവാവ് പൊലീസിനു നേരെ നായ്ക്കളെ അഴിച്ചുവിട്ടു കടന്നുകളഞ്ഞത്.


കാക്കി വസ്ത്രം കണ്ടാല്‍ ആക്രമിക്കുന്നതിനുള്ള പരിശീലനം നായ്ക്കള്‍ അന്നു പോലീസിനെ കുഴക്കിയതു മണിക്കൂറുകളാണ്. അമേരിക്കന്‍ ബുള്ളി ഇനത്തില്‍പെട്ട 3 നായ്ക്കളെ കൂടു തുറന്നുവിട്ടാണു നായ പരിശീലകനായ പ്രതി റോബിന്‍ ജോര്‍ജ് കടന്നു കളഞ്ഞത്.

പിന്നീട് പോലീസിന്റെ ഡോഗ് സ്‌ക്വാഡിലെ (കെ9 സ്‌ക്വാഡ്) പരിശീലകരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ നായ്ക്കളെ അനുനയിപ്പിച്ചു കൂട്ടിലേക്കു മാറ്റിയിട്ടാണു പോലീസ് വീടിനുള്ളില്‍ കടന്നത്. ഇവിടെ നിന്ന് 17.8 കിലോഗ്രാം കഞ്ചാവും കണ്ടെത്തിയിരുന്നു.

Advertisment