Advertisment

പാലാ - പൊന്‍കുന്നം റോഡില്‍ നിയന്ത്രണം വിട്ടുവന്ന പിക്ക് അപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി; ഒരു കുടുംബത്തിലെ മൂന്നു പേരെ ഇടിച്ചുതെറിപ്പിച്ചു, ഗുരുതരമായി പരുക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
pala ponkunnam accident.jpg

കൂരാലി: പാലാ - പൊന്‍കുന്നം റോഡില്‍ കൂരാലിയില്‍ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചുകയറി പിക്ക് അപ്പ് വാന്‍  സാധനങ്ങള്‍ വാങ്ങാനാത്തിയ മുന്നു പേരെ ഇടിച്ചു തെറിപ്പിച്ചു. ഒരു വര്‍ഷമായി വടക്ക് ഇളങ്ങുളത്ത്  വാടകയ്ക്ക് താമസിച്ചുവരുന്ന പാതാമ്പുഴ ഇലവുങ്കല്‍ ജോസ്‌കുട്ടിയുടെ ഭാര്യ ജിന്‍സി ( 31 ), മകന്‍ ജിക്‌സണ്‍ (13), ജിന്‍സിയുടെ ഭര്‍ത്താവിന്റെ ജേഷ്ഠന്റെ മകന്‍ സജിന്‍ സെബാസ്റ്റ്യന്‍(21) എന്നിവര്‍ക്കാണു പരുക്കേറ്റത്. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ജിക്‌സന്റെ ആദ്യകുര്‍ബാന സ്വീകരിക്കലിനു പൊന്‍കുന്നത്ത് പോയി വസ്ത്രങ്ങളും മറ്റും വാങ്ങി വന്ന ശേഷം മാടക്കടയില്‍ നിന്നും ജൂസ് കുടിക്കുന്നതിനിടയാണ് പാലാ ഭാഗത്തു നിന്നും അമിത വേഗതയിലെത്തിയ പിക് അപ്പ് വാന്‍ ഇടിച്ചു കയറിയത്.

വ്യാഴാഴ്ച രാത്രി ഒന്‍പതിനു കൂരാലി ജങ്ഷനിലെ രാജശേഖരന്റ ( രാജു)  മാടക്കടയില്‍ വെള്ളം കുടിക്കാനും സാധനങ്ങള്‍ വാങ്ങാനുമായി എത്തിയ ഇവരുടെ ഇടയിലേക്കാണു പിക്കപ്പ് വാന്‍ ഇടിച്ചു കയറിയത്. കടയിലെ കാലിയായ സോഡാക്കുപ്പിയും മറ്റും ഇടിച്ചു തെറിപ്പിച്ചു. തുടര്‍ന്നു മുന്നോട്ട് പാഞ്ഞ വാന്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്ന മാരുതി കാറിലിടിച്ച ശേഷം ഓടയിലേക്ക് ചെരിഞ്ഞാണു നിന്നത്. ഓടിക്കൂടിയ നാട്ടുകാരും ഓട്ടോറിക്ഷാക്കാരും ചേര്‍ന്ന് ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പൊന്‍കുന്നം പോലിസ് കേസെടുത്തു.

Advertisment