കാഴ്ച്ച പരിമിതർക്കായി സാങ്കേതിക ഉപകരണങ്ങൾ നിർമിക്കുന്ന പദ്ധതിക്ക് വ്യാഴാഴ്ച തുടക്കം; മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും

New Update
Minister Roshy Augustine

കോട്ടയം: കാഴ്ച്ച പരിമിതിയും മറ്റ് ശാരീരിക വെല്ലുവിളികളും നേരിടുന്നവർക്ക് ദൈനംദിന ജീവിതം സുഗമമാക്കുന്നതിന് ഉപകരിക്കുന്ന സാങ്കേതിക സഹായ ഉപകരണങ്ങൾ നിർമിക്കുന്ന സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ പദ്ധതി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യാഴാഴ്ച (ജനുവരി എട്ട്) ഉദ്ഘാടനം ചെയ്യും. 

Advertisment

രാവിലെ 10.30ന് കോട്ടയം വാളക്കയം സർവോദയം ഗ്രന്ഥശാലയിൽ നടക്കുന്ന ചടങ്ങിൽ ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ആന്റോ ആന്റണി എം.പി, ജില്ലാ കളക്ടർ ചേതൻകുമാർ മീണ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹങ്ങളുടെയും സഹകരണത്തോടെ ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണിത്. 

സെന്റ് എഫ്രേംസ് കമ്യൂണിറ്റി, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളജ് എന്നിവയുടെ പങ്കാളിത്തത്തോടെ കേരള ഡവലപ്മെന്റ് ആന്റ് സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) ആണ് പദ്ധതി നടപ്പാക്കുന്നത്.

കാഴ്ചപരിമിതി ഉള്ളവരുടെ വിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ആദ്യത്തെ ലൈബ്രറി അധിഷ്ഠിത ഇൻക്ലൂസീവ് ഇന്നൊവേഷൻ ഹബ്ബ് ആണിത്.
സംസ്ഥാനത്തെ ആയിരത്തിലധികം ലൈബ്രറികളിലേക്ക് ഈ മാതൃക വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 

കാഴ്ചപരിമിതിയുള്ള കുട്ടികളെ സഹായിക്കുന്ന ബ്രെയിൽ വിദ്യാഭ്യാസ സാമഗ്രികളുടെയും സഹായ ഉപകരണങ്ങളുടെയും നിർമ്മാണം മേക്കർ സ്റ്റുഡിയോയിൽ നടക്കും.  

ഉദ്ഘാടന ചടങ്ങിൽ സ്‌ട്രൈഡ് മേക്കർ സ്റ്റുഡിയോയിൽ നിർമ്മിച്ച ബ്രെയിൽ പഠന ഉപകരണങ്ങൾ കാളകെട്ടി അസീസി സ്‌കൂൾ ഓഫ് ദി ബ്ലൈൻഡിലെ വിദ്യാർഥികൾക്ക് വിതരണം ചെയ്യും.

Advertisment