/sathyam/media/media_files/2025/09/26/nss-sabarimala-2025-09-26-13-35-05.jpg)
ചങ്ങനാശേരി: ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാരിനെ പിന്തുണച്ച എൻ എസ് .എസിൽ പൊട്ടിത്തെറി. ചങ്ങനാശ്ശേരി പുഴവാതിൽ ഒരു കുടുംബത്തിലെ നാലുപേരാണ് എൻഎസ്എസ് അംഗത്വം രാജിവച്ചത്. പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ ഗൗരി ഗോപൻ എന്നിവരാണ് അംഗത്വം രാജിവച്ചത് .
എൻഎസ്എസ് കരയോഗം 253 ലെ അംഗങ്ങളാണ് രാജിവച്ച കുടുംബം. കരയോഗം സെക്രട്ടറിക്കും പ്രസിഡണ്ടിനും രാജിക്കത്ത് നൽകി. ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ ചായ്‌വ്, പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളും രാജിക്ക് കാരണമെന്നും കത്തിൽ പറയുന്നു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഗോപകുമാർ പറഞ്ഞു.
അതേസമയം, മറ്റിടങ്ങളിലും പ്രതിഷേധം ശക്തമാകുന്നുണ്ട്. പത്തനംതിട്ടയിൽ ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധ ബാനർ സ്ഥാപിച്ചു. പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫിസിന് മുന്നിൽ ബാനർ വച്ചത്. കുടുംബ കാര്യത്തിനുവേണ്ടി ഭക്തരെ പിന്നിൽ നിന്നു കുത്തി,പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ എന്നാണ് പരിഹാസം.
100 മീറ്ററിന് സമീപമാണ് 681 നമ്പർ കരയോഗം. പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിലാണു ഇന്നലെ ആദ്യം ബാനര്‍ പ്രത്യക്ഷപ്പെട്ടത്. സുകുമാരൻ നായരെ കട്ടപ്പ എന്ന് വിമർശിച്ചാണ് ബാനർ കെട്ടിയത്.